Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൗരാണിക ചരിത്രവുമായി അൽ അമൗദി മ്യൂസിയം

അൽ അമൗദി മ്യൂസിയത്തിന്റെ പ്രവേശന കവാടം. 

സൗദിയുടെ പൗരാണികത അതുപോലെ സൂക്ഷിച്ചു വെച്ചിരിക്കുന്നതും വളരെ പഠനാർഹവുമായ ഒരു മ്യൂസിയമാണ് ജിദ്ദ -മക്ക ഹൈവേയിൽ സുമൈഷി ചെക്ക് പോസ്റ്റിനു എതിർവശത്തായി സ്ഥിതി ചെയ്യുന്ന അൽഅമൗദി മ്യൂസിയം. രാവിലെ 8 മണിമുതൽ രാത്രി 10 മണി വരെ പ്രവർത്തിക്കുന്ന മ്യൂസിയത്തിൽ സായാഹ്ന സന്ദർശനത്തിനാണ് ഞങ്ങൾ എത്തിയത്.  സായാഹ്ന സന്ദർശനമാകുമ്പോൾ വെയിലിന്റെ തീവ്രത കൂടാതെ പുറത്തു പവിലിയനിൽ സജ്ജമാക്കിയവ കാണാനും ഒപ്പിയെടുക്കുവാനും സാധിക്കും.  മടക്കം സൂര്യാസ്തമയത്തിനു ശേഷമാകുമ്പോൾ വർണാഭമായ വിളക്കുകളുടെ പ്രകാശം നയനങ്ങളെ കുളിരണിയിപ്പിക്കും.
 പ്രവേശന ഫീസ് ആയി ഒരാൾക്ക് രണ്ട് റിയാൽ വീതം നൽകിയാണ് മ്യൂസിയത്തിൽ പ്രവേശിച്ചത്. കവാടത്തിൽ തന്നെ വരുന്നവരെ സ്‌നേഹത്തോടെ സ്വീകരിക്കാൻ മ്യൂസിയം ജോലിക്കാർ സജ്ജരായിരുന്നു. കവാടം മുതൽ അവസാന ഇനം കാണുന്നത് വരെ മ്യൂസിയത്തിൽ ഒരുക്കിയ ഓരോ ഇനത്തിന്റെയും ചരിത്രവും വിശദീകരണവുമായി ഒന്ന് രണ്ട് ജോലിക്കാർ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇതുപോലെ സന്ദർശകരെ അനുഗമിച്ച് വിശദീകരണം നൽകുന്നത് മ്യൂസിയം കാണാൻ വരുന്നവർക്ക് ഏറെ പ്രയോജനപ്രദമാണ്.   
 മുപ്പതിലധികം സ്റ്റാളുകളിലായി അറബ് സംസ്‌കാരത്തിന്റെ വ്യത്യസ്ത മേഖലകളെ പുനരാവിഷ്‌ക്കരിക്കാൻ ഈ മ്യൂസിയത്തിന് കഴിഞ്ഞിട്ടുണ്ട്. സൗദിയുടെ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞു ഫാമിലിയായും അല്ലാതെയും ഫോട്ടോ എടുക്കുവാനുള്ള  അവസരം  ഇവിടെ ഒരുക്കിയിട്ടുണ്ട്.  ഇത് സന്ദർശകർക്ക് പുതിയ ഒരു അനുഭൂതി പകരും. 


 പരിശുദ്ധ കഅ്ബയുടെ പഴയ കാല കിസ്‌വ, കഅബയുടെ പഴയകാല വാതിലിന്റെ പൂട്ട്, കഅബയുടെ മുകൾഭാഗത്തുനിന്നും വെള്ളം ഒലിച്ചു പോകാൻ ഉപയോഗിച്ചിരുന്ന പാത്തി, ഹജറുൽ അസ്‌വദിനെ ആവരണം ചെയ്തിരുന്ന ലോഹ തകിട്, ഹജ്ജ് കർമത്തിൽ കല്ലെറിയുന്ന ജംറയുടെ പ്രാചീനരൂപം അങ്ങനെ ഒട്ടനവധി കഅ്ബയുമായി ബന്ധപ്പെട്ട ചരിത്ര ശേഷിപ്പുകൾ  നമുക്കവിടെ കാണാം. പഴയ കാല കാർഷിക ഉപകരണങ്ങൾ, വിവിധ രാജ്യങ്ങളിലെ നാണയ ശേഖരം,  പഴയകാല ചന്ത, വിവിധ തരം വാളുകൾ, ആയുധങ്ങൾ, ദുൽഫുഖാർ വാളിന്റെ പതിപ്പ്,  പഴയകാല ജയിൽ മാതൃകയും അതിലെ ഉപകരണങ്ങളും തുടങ്ങി ഒട്ടനവധി കാഴ്ചകളുണ്ട്. വിവിധ നാടുകളിലുള്ള ജിദ്ദയുടെയും മക്കയുടേയും പരിസരപ്രദേശങ്ങളിലുള്ളവരും ഉംറ തീർത്ഥാടകരും ഈ മ്യൂസിയത്തിലെ പതിവ് സന്ദർശകരിൽ ഉൾപ്പെടുന്നു. അറബ് സംസ്‌കാരത്തിന്റെയും  സൗദി പൈതൃകത്തിന്റെയും ചരിത്രപരവും സാംസ്‌കാരികവും സാമൂഹികവുമായ കാഴ്ചകൾക്ക് പുറമെ മക്ക പൈതൃകവും കണ്ടാണ് ഞങ്ങൾ  മ്യൂസിയത്തിൽനിന്നും തിരിച്ചത്.  


 

Latest News