Sorry, you need to enable JavaScript to visit this website.

മയക്കുമരുന്ന് കടത്തിന്റെ ചതിക്കുഴികൾ

മയക്കുമരുന്ന് സംഘങ്ങളുടെ വലയിൽ അറിഞ്ഞോ അറിയാതെയോ കുടുങ്ങി ഗൾഫ് നാടുകളിൽ പോലീസിന്റെ പിടിയിലായ ഒട്ടേറെ പ്രവാസികളുടെ ചരിത്രം നമുക്ക് മുന്നിലുണ്ട്. വിമാന യാത്രയിൽ അജ്ഞാതരായവർ ഏൽപിക്കുന്ന സാധനങ്ങൾ കയ്യിൽ കരുതരുതെന്നത് പ്രവാസ ജീവിതത്തിന്റെ ബാലപാഠമാണ്. എന്നാൽ ഈ പാഠം മറന്ന് മറ്റുള്ളവർ ഏൽപിക്കുന്ന പെട്ടിയോ സാധനങ്ങളോ അവരെ പൂർണമായും വിശ്വസിച്ച്  കൂടെ കൊണ്ടുപോകുന്നവർ നമുക്കിടയിലുണ്ട്.

മയക്കുമരുന്നു വ്യാപാരം ഏറെ കാലമായി രാജ്യാന്തര അതിർത്തികളും കടന്ന് സജീവമായി നിലനിൽക്കുകയാണ്. മലബാറിൽ നിന്നുള്ള ഗൾഫ് കുടിയേറ്റത്തിനൊപ്പം വളർന്നൊരു മേഖല കൂടിയാണ് മയക്കുമരുന്നു വ്യാപാരവും. മയക്കുമരുന്നിന്റെ വിപണനത്തിനും ഉപയോഗത്തിനും കർശന വിലക്കുകളുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് വിവിധ തരം മയക്കുമരുന്നുകൾ കയറ്റിക്കൊണ്ടു പോകുന്ന സംഘങ്ങളിൽ മലയാളികളുമുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഈ കുറ്റത്തിന് ഒട്ടേറെ പേർ പോലീസിന്റെ പിടിയിലായി. പലർക്കും വധശിക്ഷ ഉൾെപ്പടെയുള്ള ശിക്ഷകളും ലഭിച്ചു. എന്നിട്ടും മയക്കുമരുന്നു വ്യാപാരത്തിൽ നിന്ന് പിന്തിരിയാൻ ചിലരെങ്കിലും തയാറാകുന്നില്ല.
കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ പോലീസിന്റെ പിടിയിലായ കാസർകോട് സ്വദേശിയായ ജെയ്‌സൽ എന്ന യുവാവ് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്നു മാഫിയാ സംഘത്തിലെ കണ്ണിയാണ്. ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ പോലീസിന് ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. മയക്കുമരുന്നു കടത്തിനെതിരെ ഇന്ത്യയിലെയും ഗൾഫ് നാടുകളിലെയും പോലീസ് അധികൃതരും ബന്ധപ്പെട്ട വകുപ്പുകളും നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നില്ലെന്നാണ് ഇത്തരം സംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നുവെന്ന യാഥാർഥ്യം വ്യക്തമാക്കുന്നത്. 
മയക്കുമരുന്നു കേസിൽ ആദ്യം അറസ്റ്റിലാകുന്ന പ്രതിയല്ല ജെയ്‌സൽ. എന്നാൽ ഇയാൾ ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘം മയക്കുമരുന്നു കടത്തിലെ വലിയ ശക്തിയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇത്തരം കേസുകളിൽ കർശന നിയമങ്ങൾ നിലനിൽക്കുന്ന ഖത്തറിലേക്ക് കേരളത്തിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും മയക്കുമരുന്നു കടത്തുന്ന സംഘം സജീവമാണെന്ന വിവരങ്ങളാണ് ഇയാളെ ചോദ്യം ചെയ്തപ്പോൾ പോലീസിന് ലഭിച്ചത്.
മയക്കുമരുന്നു കേസിൽ അറസ്റ്റിലായി ഖത്തർ ജയിലിൽ കഴിയുന്ന മലയാളികൾ അടക്കമുള്ള സംഘവുമായി ബന്ധപ്പെട്ടാണ് ജെയ്‌സൽ പ്രവർത്തിക്കുന്നത്. തടവുകാർക്ക് കടുത്ത നിയന്ത്രണങ്ങളുള്ള ഖത്തർ ജെയിലിൽ നിന്ന് അധികൃതരെ കബളിപ്പിച്ച് മയക്കുമരുന്നു വ്യാപാരം നടക്കുന്നുവെന്നതാണ് ഞെട്ടിക്കുന്ന വിവരം. വാട്‌സ്ആപ്, വെർച്വൽ നമ്പറുകൾ എന്നീ സംവിധാനങ്ങൾ വഴിയാണ് സംഘം ജയിലിനു പുറത്തുള്ള കണ്ണികളെ ബന്ധപ്പെടുന്നത്. ഖത്തറിൽ മയക്കുമരുന്നു കേസുകളിൽ അറസ്റ്റിലായി നിരവധി ഇന്ത്യക്കാർ ജയിലിൽ കഴിയുന്നതായി അടുത്തിടെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ മലയാളികളും ഉൾപ്പെടുന്നതായാണ് ലഭ്യമായ വിവരം. എന്നാൽ ജയിലിൽ കിടന്ന് ഇവർ വിവിധ രാജ്യങ്ങളിലെ സംഘങ്ങളുമായി വ്യാപാരം നടത്തുകയും പണം സമ്പാദിക്കുകയും ചെയ്യുന്നവെന്നത് പുതിയ വെളിപ്പെടുത്തലാണ്.
ഖത്തറിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ് ഫുട്‌ബോളിനെ ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി നേരത്തെ മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. ലോകകപ്പ് കാണാനായി വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഈ വ്യാപാരത്തിൽ മലയാളികളും കണ്ണികളാണെന്നാണ് ഖത്തറിൽ ജയിലിൽ കഴിയുന്ന മലയാളികളുടെ സാന്നിധ്യവും നാട്ടിൽ ഏജന്റുമാരുടെ സജീവമായ പ്രവർത്തനങ്ങളും സൂചിപ്പിക്കുന്നത്.
കേരളത്തിലെയും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെയും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്നു വ്യാപാരത്തിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഏജന്റുമാരായും കരിയർമാരായും പ്രവർത്തിക്കുന്നുണ്ട്. ഏജന്റുമാർ ഖത്തറിലെ സംഘവുമായി നേരിട്ട് ബന്ധമുള്ളവരാണ്. എന്നാൽ കരിയർമാർ പലപ്പോഴും സാധാരണക്കാരായ പ്രവാസികളാണ്. ചെറിയ സാമ്പത്തിക ലാഭത്തിനു വേണ്ടി വലിയ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുകയാണ് ഈ കരിയർമാർ ചെയ്യുന്നത്.
മയക്കുമരുന്നു കടത്തിന് നേതൃത്വം നൽകുന്നവരോ ഏജന്റുമാരോ പലപ്പോഴും നിയമത്തിന്റെ കുരുക്കുകളിൽ നിന്ന് രക്ഷപ്പെടാറാണ് പതിവ്. തൊണ്ടി സഹിതം പിടിക്കപ്പെടുന്ന കരിയർമാർക്കാണ് ശിക്ഷ ലഭിക്കാറുള്ളത്. മയക്കുമരുന്ന് അടങ്ങിയ പെട്ടി, തന്നെ ഏൽപിച്ച ഏജന്റിനെ കുറിച്ചോ അവർക്ക് നേതൃത്വം നൽകുന്ന വലിയ സംഘങ്ങളെ കുറിച്ചോ കരിയർമാർക്ക് ഒന്നും അറിയില്ല. കരിയർമാരിൽ നിന്ന് കാര്യങ്ങൾ ഒളിപ്പിച്ചുവെച്ചാണ് ഇത്തരം സംഘങ്ങൾ ഇടപാടുകൾ നടത്തുന്നത്.
മയക്കുമരുന്നു സംഘങ്ങളുടെ വലയിൽ അറിഞ്ഞോ അറിയാതെയോ കുടുങ്ങി ഗൾഫ് നാടുകളിൽ പോലീസിന്റെ പിടിയിലായ ഒട്ടേറെ പ്രവാസികളുടെ ചരിത്രം നമുക്ക് മുന്നിലുണ്ട്. വിമാന യാത്രയിൽ അജ്ഞാതരായവർ ഏൽപിക്കുന്ന സാധനങ്ങൾ കൈയിൽ കരുതരുതെന്നത് പ്രവാസ ജീവിതത്തിന്റെ ബാലപാഠമാണ്. എന്നാൽ ഈ പാഠം മറന്ന് മറ്റുള്ളവർ ഏൽപിക്കുന്ന പെട്ടിയോ സാധനങ്ങളോ അവരെ പൂർണമായും വിശ്വസിച്ച് കൂടെ കൊണ്ടുപോകുന്നവർ നമുക്കിടയിലുണ്ട്.
ചിലപ്പോൾ ഒരു വിമാന ടിക്കറ്റോ കുറച്ചു പണമോ ആയിരിക്കാം പ്രതിഫലമായി ലഭിക്കുന്നത്. എന്നാൽ വലിയൊരു വിപത്തിലേക്കാണ് പെട്ടി ചുമക്കുന്നതെന്ന് അവർ ആലോചിക്കാറില്ല. ഗൾഫ് നാടുകളിൽ മയക്കുമരുന്നു കടത്തിന് കടുത്ത ശിക്ഷയാണ് ലഭിക്കുന്നത് എന്ന കാര്യം എല്ലാവർക്കുമറിയാം. കുടുംബം പോറ്റാൻ അന്യനാട്ടിലേക്ക് പോയി അവിടെ കുറ്റകൃത്യങ്ങളുടെ പേരിൽ ജയിലിൽ കഴിയേണ്ടി വരുന്നത് പ്രവാസ ജീവിതത്തിലെ വലിയ പരാജയമാണ്.

Latest News