Sorry, you need to enable JavaScript to visit this website.

'ഇന്ത്യന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ട്'; ചിരിപടര്‍ത്തി ബംഗാളിലെ ബിജെപി അധ്യക്ഷന്‍

കൊല്‍ക്കത്ത- പശു ആരാധകരായ ബിജെപി നേതാക്കളുടെ വിചിത്ര വാദങ്ങള്‍ ഇപ്പോള്‍ ഒരു പുതുമയല്ല. സമീപ കാലത്ത് ഏറെ വാര്‍ത്തകളില്‍ ഇവ നിറഞ്ഞു നിന്നു. എങ്കിലും അവസാനിച്ചിട്ടില്ല. ഇക്കൂട്ടത്തില്‍ ചിരിപ്പിക്കുന്ന പുതിയൊരു വിചിത്ര വാദവുമായി രംഗത്തു വന്നരിക്കുകയാണ് പശ്ചിമ ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ബീഫ് ഭക്ഷിക്കുന്നവരെ വിമര്‍ശിക്കുന്നതിനിടെയാണ് തിങ്കളാഴ്ച ബുര്‍ധ്വാനില്‍ ഒരു പൊതു പരിപാടിയില്‍ പശുവിന്‍ പാലിനെ കുറിച്ച് ഷോഷ് വിചിത്രം വാദം ഉന്നയിച്ചത്. 'പശുവിന്‍ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ട്. അതു കൊണ്ടാണ് പാലിന് നേരിയ മഞ്ഞ നിറമുള്ളത്.' അവിടെയും നിര്‍ത്തിയില്ല. അടുത്ത വാദം ഒരു പടി കൂടി കടന്നു പോയി. 'സൂര്യപ്രകാശത്തിന്റെ സഹായത്തോടെ സ്വര്‍ണം ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഒരു രക്തക്കുഴലും ഇന്ത്യന്‍ പശുക്കളിലുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ തള്ള്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ഇനം പശുക്കള്‍ പശുക്കളല്ല, വന്യമൃഗമാണ്. അവ നമ്മുടെ ഗോമാത്തകളല്ല, അമ്മായിമാരാണ്. ഇത്തരം അമ്മായിമാരെ ആരാധിക്കുന്നത് രാജ്യത്തിനു നല്ലതല്ല- അദ്ദേഹം പറഞ്ഞു.

ബീഫ് തിന്നുന്നവര്‍ പട്ടിയിറച്ചിയും തിന്നണമെന്നും അദ്ദേഹം പറഞ്ഞു. ചില ബുദ്ധിജീവികല്‍ റോഡില്‍ നിന്ന് ബീഫ് തിന്നുന്നു. അവര്‍ പട്ടിയിറച്ചി കൂടി തിന്നട്ടെ. അവര്‍ ഭക്ഷിക്കുന്ന മൃഗത്തിന്റെ സ്വഭാവമായിരിക്കും അവര്‍ക്കുണ്ടാകുക- അദ്ദേഹം പറഞ്ഞതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു.
 

Latest News