ബഗ്ദാദിയുടെ സഹോദരിയും കുടുംബവും തുര്‍ക്കി സേനയുടെ പിടിയില്‍

അങ്കാറ-അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയ ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മൂത്ത സഹോദരിയും കുടുംബവും തുര്‍ക്കി അധികൃതരുടെ പിടിയിലായതായി റിപ്പോര്‍ട്ട്. വടക്കന്‍ സിറിയയില്‍ നടത്തിയ സൈനിക നടപടിയിലാണ് ഇവര്‍ പിടയിലായതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വടക്കന്‍ സിറിയയിലെ അലപ്പോ പ്രവിശ്യയിലെ ആസാസ് നഗരത്തില്‍ വെച്ചാണ് തിങ്കളാഴ്ച വൈകിട്ട് 65 കാരിയായ റാസ്മിയയും ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റിലായത്.

ഐ.എസുമായി റാസ്മിയക്കും ബന്ധമുണ്ടായിരുന്നുവെന്നും ഇവര്‍ പിടിയിലായത് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന് കരുതുന്നു.

സിറിയയില്‍ അമേരിക്കന്‍ സൈനികരുടെ പ്രത്യേക ദൗത്യത്തില്‍ ഐ.എസ് നേതാവ് ബഗ്ദാദി കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്.

ബഗ്ദാദി പെന്റഗണിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ഇതാണ് ഉന്മൂലനം നടത്താന്‍ സഹായകമായതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.


അതേസമയം, ബഗ്ദാദിയെ കൊലപ്പെടുത്താന്‍ യു.എസ് സേന നടത്തിയ സൈനിക നടപടിയെ കുറിച്ച് വിശ്വസനീയ വിവരങ്ങളില്ലെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വക്താവ് ഇഗോര്‍ കൊനാഷെങ്കോവ് വ്യക്തമാക്കിയത്.

 

Latest News