ന്യൂദൽഹി- മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേനക്ക് പിന്തുണ നൽകില്ലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കിയതായി സൂചന. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ദൽഹിയിലെത്തി എൻ.സി.പി അധ്യക്ഷൻ ശരത് പവാർ സോണിയാ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ശിവസേനയെ പിന്തുണക്കേണ്ടതില്ലെന്ന് സോണിയ വ്യക്തമാക്കിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആദർശമാണ് പ്രധാനമെന്ന് വിനയത്തോടെ നിരസിക്കുന്നുവെന്നും സോണിയ പറഞ്ഞതായി വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബി.ജെ.പിയും ശിവസേനയും തമ്മിൽ തർക്കം നടക്കുന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് പതിനൊന്ന് ദിവസമായിട്ടും ഇതേവരെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനായിട്ടില്ല. ഇന്നലെ ശിവസേനാ നേതാക്കൾ ഗവർണറെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും ചർച്ച ചെയ്‌തെന്നും ഗവർണർ തീരുമാനമെടുക്കട്ടെയെന്നുമാണ് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്. പിന്തുണ തേടി എൻ.സി.പി നേതൃത്വത്തെ ശിവസേന സമീപിച്ചിരുന്നു. കോൺഗ്രസിന്റെ കൂടി തീരുമാനം അനുസരിച്ചേ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കൂവെന്ന് എൻ.സി.പി വ്യക്തമാക്കുകയും ചെയ്തു. ഇതനുസരിച്ച് ശരത് പവാർ ഇന്നലെ ദൽഹിയിലെത്തി സോണിയയുമായി ചർച്ച നടത്തി. എന്നാൽ മഹാരാഷ്ട്രയിൽ ശിവസേനയുടെ പിന്തുണയോടെ ഭരിക്കാനുള്ള ക്ഷണം വിനയത്തോടെ നിരസിക്കുന്നതായി സോണിയ വ്യക്തമാക്കി.
ശിവസേനയും ബി.ജെ.പിയും തമ്മിലുള്ളത് അവരുടെ ആഭ്യന്തര തർക്കം മാത്രമാണെന്നും പ്രതിപക്ഷത്തിരിക്കാമെന്നും എൻ.സി.പിയും പിന്നീട് വ്യക്തമാക്കി. മഹാരാഷ്ട്രയിൽ നിലവിലുള്ള നിയമസഭയുടെ കാലാവധി നവംബർ ഒൻപതിന് അവസാനിക്കും. എന്നിട്ടും സർക്കാർ രൂപീകരിക്കാനായില്ലെങ്കിൽ പ്രസിഡന്റ് ഭരണം ഏർപ്പെടുത്തും.
ബി.ജെ.പിയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ശിവസേനയുമായി ചേർന്ന് എൻ.സി.പി സഖ്യം ഉണ്ടാക്കണമെന്നും കോൺഗ്രസ് പുറത്തു നിന്നു പിന്തുണക്കണമെന്നും പാർട്ടികൾക്കുള്ളിൽ അഭിപ്രായം ഉണ്ട്. ഇതടക്കമുള്ള കാര്യങ്ങളാണ് സോണിയാ ഗാന്ധി - ശരത് പവാർ കൂടിക്കാഴ്ചയിൽ വിഷയമായതും. എന്നാൽ ശിവസേനയുമായി സഖ്യമുണ്ടാക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ശരത് പവാർ പറഞ്ഞത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ദൽഹിയിൽ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായുമായി ചർച്ച നടത്തി.