Sorry, you need to enable JavaScript to visit this website.

സൗദിയിൽ നിയമലംഘകർക്ക് ജോലി  നൽകിയാൽ ലക്ഷം റിയാൽ പിഴ

റിയാദ്- ഇഖാമ, തൊഴിൽ നിയമലംഘകരെ ജോലിക്ക് വെക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് ജവാസാത്തിന്റെ മുന്നറിയിപ്പ്. സ്‌പോൺസർമാരിൽനിന്ന് ഒളിച്ചോടിയ ഗാർഹിക തൊഴിലാളികൾ അടക്കമുള്ളവരെയും ജോലിക്കു വെച്ചാലും ശിക്ഷയുണ്ടാകും. ഒരു ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്നാണ് ജവാസാത്ത് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്. നിയമലംഘകർക്ക് യാത്രാ സൗകര്യവും താമസവും മറ്റു സഹായങ്ങളും നൽകുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും. നിയമ ലംഘകർക്ക് ജോലിയും താമസവും യാത്രാ സൗകര്യവും നൽകുന്ന വിദേശികളെ നാടുകടത്തും. ചെയ്യും. നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് അവർക്ക് സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവർക്ക് ഇരട്ടി തുക പിഴ ലഭിക്കും. 
ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ സ്‌പോൺസർമാരിൽനിന്ന് ഒളിച്ചോടിയവർ അടക്കമുള്ളവരെ ജോലിക്കു വെക്കുന്നതിനെതിരെ സ്വകാര്യ സ്ഥാപന ഉടമകൾക്ക് ജവാസാത്ത് മുന്നറിയിപ്പ് നൽകി.

ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുന്നതിന് പുറമെ സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്കും ഏർപ്പെടുത്തും. സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യും. നിയമ ലംഘകരെ ജോലിക്കു വെച്ച മാനേജർക്ക് ഒരു വർഷം തടവു ശിക്ഷ ലഭിക്കും. മാനേജർമാർ വിദേശികളാണെങ്കിൽ അവരെ നാടുകടത്തുകയും ചെയ്യും. ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിന് സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർ അടക്കമുള്ള ഇഖാമ, തൊഴിൽ നിയമ ലംഘകരെ കുറിച്ച് സൗദി പൗരന്മാരും വിദേശികളും സുരക്ഷാ വകുപ്പുകളെ അറിയിക്കണം. ഗാർഹിക തൊഴിലാളികളുടെ ഒളിച്ചോട്ടം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി രജിസ്റ്റർ (ഹുറൂബാക്കൽ) ചെയ്യാൻ തൊഴിലുടമകൾക്ക് സാധിക്കും. എന്നാൽ ഓൺലൈൻ വഴി ഹുറൂബ് നീക്കം ചെയ്യാനാകില്ല. ഇതിന് ഒളിച്ചോട്ടം റിപ്പോർട്ട് ചെയ്ത് ചെയ്ത് പതിനഞ്ചു ദിവസത്തിനകം ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിലെ വിദേശി വകുപ്പിനെ നേരിട്ട് സമീപിക്കണം. തൊഴിലുടമകൾ ഹുറൂബാക്കുന്ന വിദേശികൾ പിടിയിലായാൽ അവർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കും. ഇത്തരക്കാർക്ക് അര ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ തടവും നാടുകടത്തലും പുതിയ വിസയിൽ വീണ്ടും സൗദിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കും ശിക്ഷ ലഭിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. 

സ്വന്തം സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളികളെ സ്വന്തം നിലക്ക് ജോലികളും കച്ചവടങ്ങളും ചെയ്യുന്നതിന് പുറത്തേക്ക് വിടുന്നവർക്കും സ്‌പോൺസർ മാറി ജോലി ചെയ്യുന്നതിനും അനുവദിക്കുന്ന സൗദി പൗരന്മാർക്കും വിദേശികൾക്കും ആദ്യ തവണ 15,000 റിയാൽ പിഴയും ഒരു വർഷത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്കും ലഭിക്കും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് 30,000 റിയാൽ പിഴയും മൂന്നു മാസം തടവും രണ്ടു വർഷത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്കും മൂന്നാമതും ഇതേ നിയമ ലംഘനം നടത്തുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴയും ആറു മാസം തടവും അഞ്ചു വർഷത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്കും ശിക്ഷ ലഭിക്കും. മൂന്നു സാഹചര്യങ്ങളിലും സ്‌പോൺസർമാർ വിദേശികളാണെങ്കിൽ അവരെ നാടുകടത്തുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.


 

Latest News