Sorry, you need to enable JavaScript to visit this website.

2000 രൂപ നോട്ട് അച്ചടി നിര്‍ത്തി; ഇനി ചെറിയ തുകയുടെ നോട്ടുകള്‍

ന്യൂദല്‍ഹി- അഞ്ച് മാസം മുമ്പ് തന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിയതായി റിപ്പോര്‍ട്ട്. പുതിയ 200 രൂപ നോട്ടടക്കം ചെറിയ  നോട്ടുകള്‍ കൂടുതല്‍ അച്ചടിച്ചിറക്കുന്നതിനാണ് ഈ നീക്കമെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ഈ സാമ്പത്തിക വര്‍ഷം ഇനി 2000 രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ സാധ്യത കുറവാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നോട്ടു നിരോധിച്ചതിനെ തുടര്‍ന്നുണ്ടായ രൂക്ഷമായ നോട്ടു ക്ഷാമം മറികടക്കുന്നതിനാണ് സര്‍ക്കാര്‍ 2000 രൂപ നോട്ടുകള്‍ അടിച്ചിറക്കിയത്. എന്നാല്‍ ചെറിയ നോട്ടുകളുടെ കുറവ് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയാസമുണ്ടാക്കുകയാണ് ചെയ്തത്. ഇതു പരിഹരിക്കാനാണ് ചെറിയ നോട്ടുകള്‍ കൂടുതല്‍ അടിച്ചിറക്കാനാണ് റിസര്‍വ് ബാങ്കിന്‍റെ നീക്കം.

റിസര്‍വ് ബാങ്കിന്‍റെ മൈസൂരിലെ പ്രസില്‍ 200 രൂപ നോട്ടുകളുടെ അച്ചടികള്‍ തുടങ്ങിയതായും ആര്‍ബിഐ വൃത്തങ്ങള്‍ പറയുന്നു. അടുത്ത മാസം ഇതു പുറത്തിറക്കിയേക്കും. ആദ്യഘട്ടത്തില്‍ 100 കോടി 200 രൂപാ നോട്ടുകളാണ് ഇറക്കുക. എന്നാല്‍ ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്കിന്‍റെ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.   

3.7 ശതകോടി 2000 രൂപാ നോട്ടുകളാണ് അച്ചടിച്ച് ഇറക്കിയത്. 7.4 ട്രില്യണ്‍ രൂപ മൂല്യം വരുമിതിന്. 6.3 ശതകോടി 1000 രൂപാ നോട്ടുകള്‍ക്ക് പകരമായാണ് ഇത് ഇറക്കിയത്. പുതുതായി ഇതുവരെ അച്ചടിച്ചിറക്കിയതിന്‍റെ 90 ശതമാനത്തോളം 500 രൂപാ നോട്ടുകളാണ്. ഇതുവരെ അച്ചടിച്ച മുഴുവന്‍ പുതിയ നോട്ടുകളും വിപണിയിലിറക്കിയിട്ടില്ല.

നോട്ടുനിരോധത്തിനു എട്ടു മാസങ്ങള്‍ക്കു ശേഷം ജൂലൈ 14 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തുടനീളം ഉപയോഗത്തിലുള്ള കറന്‍സികളുടെ മൂല്യം 15.22 ട്രില്യണ്‍ രൂപ ആണ്. എന്നാല്‍ നോട്ടു നിരോധനത്തിനു മുമ്പ് 17.7 ട്രില്യന്‍ രൂപ മൂല്യമുള്ള കറന്‍സികള്‍ ഉപയോഗത്തിലുണ്ടായിരുന്നു.

 

രണ്ടു മാസം മുമ്പ് വരെ നിലവിലുണ്ടായിരുന്ന കടുത്ത നോട്ടു ക്ഷാമം, കഴിഞ്ഞ 40 ദിവസങ്ങള്‍ക്കിടെ 500 രൂപയുടെ നോട്ടുകള്‍ കൂടുതല്‍ വിതരണം ചെയ്ത് റിസര്‍വ് ബാങ്ക് ലഘൂകരിച്ചിട്ടുണ്ടെന്ന് ബാങ്കിങ് വൃത്തങ്ങള്‍ പറയുന്നു. ഈ കാലയളവില്‍ 2000 രൂപാ നോട്ടുകളുടെ വിതരണം ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്.

Latest News