Sorry, you need to enable JavaScript to visit this website.

വിദ്യാർത്ഥികൾക്കായി  കേരള ഡിസൈൻ ചലഞ്ച്

നിർമാണ സാങ്കേതിക വിദ്യാ രംഗത്ത് വിദ്യാർത്ഥികൾക്ക് രൂപകൽപനയ്ക്കുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഡിസൈൻ ചലഞ്ചുമായി കൊച്ചി ഡിസൈൻ വീക്ക്. സംസ്ഥാന ഇലക്ട്രോണിക്‌സ് ഐടി വകുപ്പ് ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ക്രിയേറ്റീവ് ആർട്ട്‌സിന്റെ സഹകരണത്തോടെയാണ് ഡിസൈൻ ചലഞ്ച് സംഘടിപ്പിച്ചിട്ടുള്ളത്. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ ലഭിക്കും.
ഡിസംബർ 12 മുതൽ 14 വരെ കൊച്ചി ബോൾഗാട്ടി പാലസിലാണ് കൊച്ചി ഡിസൈൻ വീക്ക് നടക്കുന്നത്. സംസ്ഥാനത്തെ സുസ്ഥിര ആസൂത്രണവുമായി ബന്ധപ്പെട്ട നിർമാണ സാങ്കേതിക വിദ്യയിലെ  രൂപകൽപനയെക്കുറിച്ച് വിശദമായ ചർച്ച ഡിസൈൻ വീക്കിൽ നടക്കും. രാജ്യത്ത് ഈ മാതൃകയിൽ നടക്കുന്ന ഏറ്റവും വലിയ വാർഷിക സമ്മേളനമാണിത്.  മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധരുൾപ്പെടെ അയ്യായിരത്തിൽപരം പേരാണ് പങ്കെടുക്കുന്നത്.
വിദ്യാർത്ഥികൾക്ക് സ്വന്തം നഗരത്തിലോ ഗ്രാമത്തിലോ നിർദേശിക്കാവുന്ന സുസ്ഥിര രൂപകൽപനകൾ ഡിസൈൻ ചലഞ്ചിലൂടെ സമർപ്പിക്കാവുന്നതാണെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു. അതിൽ മികച്ച രൂപകൽപന കേരളത്തിന്റെ പുനർനിർമാണത്തിൽ ഉപയോഗപ്പെടുത്താനുള്ള അവസരമുണ്ട്. വിദ്യാർത്ഥികൾക്ക് ലേഖനം, പോസ്റ്റർ ഡിസൈൻ, ചിത്രകല, ഫോട്ടോഗ്രഫി, ഹ്രസ്വചിത്രം എന്നിവയിലൂടെ തങ്ങളുടെ വീക്ഷണങ്ങൾ സമർപ്പിക്കാം. അതിൽ മികച്ച സൃഷ്ടികൾക്ക് സമ്മാനങ്ങൾ നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖാന്തരമാണ് ഡിസൈൻ ചലഞ്ചിനപേക്ഷിക്കേണ്ടത്.
കേരള പുനർനിർമാണത്തിൽ വിദ്യാർത്ഥികൾക്ക് ക്രിയാത്മകമായ പങ്ക് വഹിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് കൊച്ചി ഡിസൈൻ വീക്കിൽ അവർക്ക് അവസരമൊരുക്കുന്നതെന്ന് സ്‌പെഷ്യൽ ഓഫീസറും മുഖ്യമന്ത്രിയുടെ ഫെലോയുമായ അരുൺ ബാലചന്ദ്രൻ പറഞ്ഞു. 
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കും. കൂടാതെ വിദേശത്തു നിന്നും സ്വദേശത്തു നിന്നുമെത്തുന്ന വാസ്തുകല, രൂപകൽപന, ചിന്തകർ, നയകർത്താക്കൾ, സർക്കാർ പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ ഉച്ചകോടിയിലെത്തും.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ  സഹകരണത്തോടെയാണ് ഐഎസിഎ പ്രവർത്തിക്കുന്നത്. കൊച്ചി ഇൻഫോ പാർക്കിനടത്തുള്ള നോളഡ്ജ് പാർക്കിലാണ് ഐഎസിഎയുടെ കാമ്പസ്.  അനിമേഷൻ, വിഎഫ്എക്‌സ്, ഗ്രാഫിക് ഡിസൈൻ, ഗെയിം ഡിസൈൻ തുടങ്ങി വൈവിധ്യമാർന്ന കോഴ്‌സുകൾ ഇവിടെ നടക്കുന്നു. വെസ്റ്റ് ഓഫ് സ്‌കോട്ട്‌ലന്റ് സർവകലാശാലയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഐഎസിഎയുടെ കോഴ്‌സുകൾ യു.കെയിലെ ചാർട്ടേർഡ് സൊസൈറ്റി ഓഫ് ഡിസൈനേഴ്‌സ് അംഗീകൃതമാണ്.

Latest News