Friday , November   22, 2019
Friday , November   22, 2019

സെൻസെക്‌സിന്റെ ഉയർച്ചക്കൊപ്പം  നിഫ്റ്റിക്ക് മുന്നേറാനായില്ല

വിദേശ ഫണ്ടുകളുടെ കരുത്തിൽ ബോംബെ സെൻസെക്‌സ് പുതിയ ഉയരം സ്വന്തമാക്കിയെങ്കിലും നിഫ്റ്റിക്ക് റെക്കോർഡ് ഭേദിക്കാനായില്ല. പുതിയ നിക്ഷേപകരെ ആകർഷികാനും തൊഴിലവസരം  സൃഷ്ടിക്കാനും സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് വേഗത കൂട്ടുന്നതിനും ഊന്നൽ നൽകുമെന്ന് പ്രധാനമന്ത്രി തായ്‌ലന്റിൽ നടത്തിയ പ്രഖ്യാപനം വിപണി ഇന്ന് ഉത്സവമാക്കി മാറ്റുമോ? നികുതി നിയമങ്ങൾ ലഘൂകരിക്കുമെന്നത് വിദേശ ഓപറേറ്റർമാരെ ആകർഷിക്കും. 
സെൻസെക്‌സ് 1107 പോയന്റും നിഫ്റ്റി 306 പോയന്റും പ്രതിവാര നേട്ടത്തിലാണ്. ദീപാവലി മുഹൂർത്ത വ്യാപാരത്തിന് ശേഷമുള്ള മുന്നേറ്റത്തിൽ ബി എസ് ഇ 2.33 ശതമാനവും എൻ എസ് ഇ 2.27 ശതമാനവും കയറി. ആഭ്യന്തര വിദേശ ഫണ്ടുകൾ രംഗത്ത് അണിനിരന്നത് പ്രതീക്ഷ പകരുന്നു. വിദേശ ഫണ്ടുകൾ ഏതാണ്ട് 12,475 കോടി രൂപയുടെ ഓഹരികൾ ഒക്ടോബറിൽ ശേഖരിച്ചു. ആഭ്യന്തര ഫണ്ടുകൾ പോയവാരം 800 കോടി രൂപയുടെ വിൽപന നടത്തി. ഒക്ടോബറിൽ ആഭ്യന്തര ഫണ്ടുകൾ 4758 കോടി രൂപ നിക്ഷേപിച്ചു. തുടർച്ചയായ ആറാം മാസമാണ് അവർ വാങ്ങലുകാരാവുന്നത്.
മുൻനിരയിലെ പത്ത് കമ്പനികളിൽ എട്ട് എണ്ണത്തിന്റെ വിപണി മൂല്യത്തിൽ 1.34 ട്രില്യൺ ഡോളർ ഉയർന്നു. ടി സി എസ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, എച്ച്യുഎൽ, എച്ച്ഡിഎഫ്‌സി, ഐടിസി, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ എന്നിവയ്ക്ക് നേട്ടം. കൊട്ടക് മഹീന്ദ്ര ബാങ്ക് ഐസിഐസിഐ എന്നിവക്ക് തിരിച്ചടി.
നിഫ്റ്റി ബാങ്ക് ഇൻഡക്‌സും മീഡിയ ഇൻഡക്‌സും പത്തു ശതമാനം ഉയർന്നു. ഓട്ടോ, ബാങ്ക്, എഫ്എംസിജി, ഐടി, മെറ്റൽ, ഫാർമ സൂചികളും നേട്ടത്തിലാണ്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ബോംബെ സെൻസെക്‌സ് അതിവേഗത്തിലാണ് ഓരോ ദിവസവും മുന്നേറിയത്. 40,000 പോയന്റിലെ പ്രതിരോധവും മറികടന്ന് 40,392 ലേയ്ക്ക് കുതിച്ചു. ദീപാവലി സമ്മാനങ്ങൾ കേന്ദ്രത്തിൽ നിന്ന് പുറത്തു വന്നാൽ 40,312 ലെ റെക്കോർഡ് വിപണി ഭേദിക്കുമെന്ന കാര്യം നേരത്തെ ഇതേ കോളത്തിൽ വ്യക്തമാക്കിയിരുന്നു. വാരാന്ത്യം 40,165 ൽ നിലകൊള്ളുന്ന സൂചിക 40,620 ലേയ്ക്ക് ഉയരാനുള്ള ശ്രമത്തിലാണ്. ഈ നീക്കം വിജയിച്ചാൽ അടുത്ത ചുവടുവെപ്പിൽ 41,075 പോയന്റ് വരെ കയറും. എന്നാൽ ലാഭമെടുപ്പ് ശക്തമായാൽ 39,482 ൽ ആദ്യ താങ്ങ് പ്രതീക്ഷിക്കാം. നിഫ്റ്റി 11,627 പോയന്റിൽ നിന്ന് 11,820 ലെ ആദ്യ പ്രതിരോധം തകർത്ത് ഒക്ടോബർ സീരീസ് സെറ്റിൽമെന്റിന് മുന്നോടിയായുള്ള ഷോട്ട് കവറിങിൽ സൂചിക 11,945 പോയന്റും വരെ സഞ്ചരിച്ചു. ക്ലോസിങിൽ നിഫ്റ്റി 11,890 ലാണ്. നിഫ്റ്റിക്ക് സർവകാല റെക്കോർഡിലേയ്ക്കുള്ള ദൂരം 213 പോയന്റ് അകലെയാണ്. ഈ വാരം 12,014 ലേയ്ക്ക് ഉയരാനാവും ആദ്യ നീക്കം. പ്രദേശിക ഓപറേറ്റർമാരുടെ സാന്നിധ്യം ശക്തമായാൽ നിഫ്റ്റി 12,138 ലക്ഷ്യമാക്കും. വിൽപന സമ്മർദം ഉടലെടുത്താൽ 11,696-11,502 സപ്പോർട്ടുണ്ട്. 
വിപണി കൺസോളിഡേഷനുള്ള ശ്രമം തുടരുകയാണ്. കരുതലോടെ നീക്കങ്ങൾ നടത്തുന്നതിനൊപ്പം ലാഭമെടുപ്പും വേഗത്തിലാക്കുന്നതാവും ഉത്തമം. വിപണിയുടെ സാങ്കേതിക വശങ്ങൾ പലതും ദുർബലാവസ്ഥയിലാണ്. അതുകൊണ്ട് തന്നെ നിക്ഷേപകർ കൂടുതൽ ജാഗ്രത പലുർത്തണം. ബാങ്ക് നിഫ്റ്റിയിൽ ഒരു ബുൾ റാലി ദൃശ്യമായില്ല, അതിനർത്ഥം ഉയർന്ന തലങ്ങളിൽ ഫണ്ടുകൾ ബാങ്ക് നിഫ്റ്റിയിൽ വിൽപന നടത്തുന്നതായി സംശയിക്കണം.  
അമേരിക്കൻ കേന്ദ്ര ബാങ്ക് ഈ വർഷം മൂന്നാം തവണ പലിശ നിരക്ക് 25 ബേസിസ് പോയന്റ് കുറച്ചു. രൂപയുടെ വിനിമയ നിരക്ക് ഡോളറിന് മുന്നിൽ രൂപ 70.75 ലാണ്. ഈ വാരം രൂപ 70.4-370.14 ലേയ്ക്ക് കരുത്ത് നേടാൻ ശ്രമം നടത്താം. വിനിമയ മൂല്യം ഇടിഞ്ഞാൽ 71.50 വരെ നീങ്ങാം. വിദേശ നാണയ കരുതൽ ശേഖരം വീണ്ടും ഉയർന്ന് 44,258.3 കോടി ഡോളറായി. 


 

Latest News