Sorry, you need to enable JavaScript to visit this website.

പ്രതികൂല കാലാവസ്ഥ  റബർ വില കൂട്ടി

പ്രതികൂല കാലാവസ്ഥ മൂലം കേരളത്തിൽ  റബർ ഉൽപാദനം കുറഞ്ഞത് ക്ഷാമത്തിനിടയാക്കി. തുലാം ആദ്യ പകുതിയിലെ രാത്രി മഴ പുലർച്ചെയുള്ള റബർ ടാപ്പിങിന് തടസ്സമായി. ഇത് മൂലം ഉൽപാദകർ തോട്ടങ്ങളിൽ നിന്ന് പിൻവലിഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം ഈ വർഷം കേരളത്തിൽ റബർ ഉൽപാദനം നേരത്തെ കണക്ക് കൂട്ടിയതിലും കുറയും.   ജൂണിൽ സീസൺ ആരംഭിച്ച ശേഷം കാര്യമായി ഷീറ്റ് വിൽപനക്ക് എത്തിയിട്ടില്ല. 
ഇറക്കുമതി റബറിൽ താൽപര്യം കാണിച്ചിരുന്ന വ്യവസായികൾ കഴിഞ്ഞ വാരം ആഭ്യന്തര മാർക്കറ്റിലേക്ക് ശ്രദ്ധ തിരിച്ചു. 
ടയർ കമ്പനികളുടെ വരവിൽ നാലാം ഗ്രേഡ് 12,500 രൂപയായും അഞ്ചാം ഗ്രേഡ് 12,300 രൂപയായും ഉയർന്നു. ബാങ്കോക്കിൽ റബർ വില 10,476 രൂപയായി ഉയർന്നു. ടോക്കോം എക്‌സ്‌ചേഞ്ചിൽ റബർ കിലോ 155 യെൻ വരെ ഉയർന്നു. സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ റബർ ബുള്ളിഷ് ട്രെന്റിലാണ്. 
മലയോര മേഖലകളിൽ നിന്നും രാത്രികാലങ്ങളിൽ ലോറി മാർഗമുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടത് ടെർമിനൽ മാർക്കറ്റിൽ വിവിധ ഉൽപന്നങ്ങളുടെ ലഭ്യത കുറച്ചു. 
ഇടുക്കിയിൽ നിന്നും വയനാട്ടിൽ നിന്നും കൊച്ചിയിലേയ്ക്കുള്ള കുരുമുളക് അടക്കമുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വരവ് കുറഞ്ഞത് ഇടപാടുകളെ ബാധിച്ചു. 
മലബാർ കുരുമുളകിന് വിദേശ ആവശ്യക്കാർ കുറവാണെങ്കിലും ചുരുക്കം ചില വാങ്ങലുകാർ മലബാർ ചരക്ക് മാത്രം ശേഖരിക്കുന്നവരാണ്. ടെർമിനൽ മാർക്കറ്റിൽ വരവ് ചുരുങ്ങിയതിനാൽ ഒക്‌ടോബർ ഷിപ്‌മെന്റുകളെ ഇത് ചെറിയ അളവിൽ ബാധിച്ചു. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 5000 ഡോളറാണ്.
ഉത്തന്ത്യേയിൽ നിന്ന് മുളകിന് ഡിമാന്റ് കുറഞ്ഞു. സ്‌റ്റോക്കിസ്റ്റുകൾ വില തകർച്ച മൂലം വിൽപനയിൽ നിന്ന് വിട്ടുനിന്നു. അതേ സമയം അടുത്ത സീസണിൽ ഉൽപാദനം ഉയരുമെന്ന സൂചനകൾ കർഷകരിൽ ആശങ്ക ഉളവാക്കുന്നുണ്ട്. തുലാം ആദ്യ പകുതിയിലെ മഴ കുരുമുളക് കൊടികളെ കാര്യമായി ബാധിച്ചില്ല, തിരികൾ മൂത്ത് വിളയുകയാണ്. കൊച്ചിയിൽ കുരുമുളക് ഗാർബിൾഡ് വില 31,800 രൂപയാണ്. 
തണുപ്പ് ശക്തമായെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ചുക്കിന് കാര്യമായ ഓർഡറുകൾ എത്തിയില്ല. ശൈത്യകാലമായതിനാൽ ആഭ്യന്തര ഡിമാന്റ് ഉയരുമെന്ന കണക്ക് കൂട്ടലിലാണ് വ്യാപാരികൾ. കൊച്ചിയിൽ സ്‌റ്റോക്ക് കുറവാണെങ്കിലും ഉൽപാദന കേന്ദ്രങ്ങളിൽ ചരക്കുണ്ട്. വിവിധയിനം ചുക്ക് വില 22,500-30,000 രൂപ. 
കയറ്റുമതി സമൂഹം ക്രിസ്മസ് ഡിമാന്റ് മുന്നിൽ കണ്ട് ഏലക്ക സംഭരണത്തിനുള്ള നീക്കത്തിലാണ്. വിളവെടുപ്പ് ഊർജിതമായതിനാൽ പുതിയ ഏലം ലേല കേന്ദ്രങ്ങളിൽ വിൽപനയ്ക്ക് എത്തുന്നുണ്ട്. മുൻമാസങ്ങളെ അപേക്ഷിച്ച് ഒക്‌ടോബറിൽ ഏലക്ക ഉൽപാദനം ഉയർന്നു. 
ദീപാവലി വേളയിൽ വിപണിയിൽ നിന്ന് അകന്ന ഉത്തരേന്ത്യക്കാർ ഈ വാരം തിരിച്ച് എത്തുന്നതോടെ ഏലക്ക ലേല കേന്ദ്രങ്ങൾ വീണ്ടും സജീവമാകും. കാലാവസ്ഥ കണക്കിലെടുത്താൽ ഫെബ്രുവരി വരെ വിളവെടുപ്പ് തുടരാം. മികച്ചയിനം ഏലക്ക കിലോ 2466-3122 രൂപയിൽ ലേലം നടന്നു.  
നാളികേരോൽപന്നങ്ങളുടെ വിലയിൽ മാറ്റമില്ല. ഉത്സവ വേളയിൽ ഡിമാന്റ് മങ്ങിയെങ്കിലും മാസാരംഭമായതിനാൽ വെളിച്ചെണ്ണയ്ക്ക് ആവശ്യം ഉയരുമെന്ന വിശ്വാസത്തിലാണ് മില്ലുകാർ. ദീപാവലിക്ക് കാര്യമായി സ്‌റ്റോക്ക് വിറ്റു മാറാൻ വ്യവസായികൾക്കായില്ല. കൊച്ചിയിൽ വെളിച്ചെണ്ണ 14,525 ലും കൊപ്ര 9750 രൂപയിലുമാണ്. 
കേരളത്തിൽ സ്വർണ വില പവന് 28,680 രൂപയിൽ നിന്ന് 28,800 രൂപയായി, ഗ്രാമിന് വില 3600 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണ വില 1504 ഡോളറിൽ നിന്ന് 1515 ഡോളറായി.

 

Latest News