Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്ക്  പ്രവാസി ചിട്ടിയോട്  പ്രിയമേറുന്നു

പ്രവാസി ചിട്ടിയോടുള്ള പ്രവാസികളുടെ താൽപര്യം വർധിക്കുന്നു. പ്രതിമാസം ആയിരം പേർ വീതം ചിട്ടിയിൽ ചേരുന്നുണ്ട്. ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച് 11,551 പേർ 388 പ്രവാസി ചിട്ടികളിലായി ചേർന്നതായി ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. പ്രവാസി ചിട്ടിയുടെ പൂർണസജ്ജമായ വെർച്വൽ ബാങ്കും തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
ഒരു ദിവസം ഒരു ചിട്ടിവെച്ച് ആരംഭിക്കാനാവും വിധത്തിൽ ചിട്ടിയോട് പ്രവാസികൾക്ക് താൽപര്യം വർധിച്ചിട്ടുണ്ട്. കാലാവധി പൂർത്തിയാകുമ്പോൾ 453 കോടിയിലേറെ രൂപയുടെ വിറ്റുവരവ് ലഭിക്കാനാവശ്യമായ ചിട്ടികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇതുവരെ 62 കോടിയിലേറെ രൂപ സംസ്ഥാന വികസനത്തിനായി സമാഹരിക്കാനും പ്രവാസി ചിട്ടിയിലൂടെ സാധിച്ചു. ഒരു വർഷം കൊണ്ട് 10,000 കോടി രൂപയുടെ ടേണോവറാണ് പ്രതീക്ഷിക്കുന്നത്. അതായത് കിഫ്ബി ബോണ്ടുകളിലേയ്ക്ക് 1500 ഓളം കോടി രൂപ ചുരുങ്ങിയ പലിശയ്ക്ക് ഇതുവഴി സമാഹരിക്കാൻ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.
ചിട്ടിയിൽ അംഗങ്ങളാകുന്നവരുടെ പ്രവാസി ക്ഷേമ പെൻഷൻ പദ്ധതിയിലേയ്ക്കുള്ള അംശാദായം കെ.എസ്.എഫ്.ഇ നേരിട്ട് അടയ്ക്കുന്ന പദ്ധതിക്കും തുടക്കമായി. 
കുറഞ്ഞത് 10,000 രൂപ പ്രതിമാസ അടവു വരുന്ന ചിട്ടിയിൽ 60 മാസത്തവണകളെങ്കിലും അടയ്ക്കുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുന്നത്. നവംബർ ഒന്നു മുതൽ പ്രവാസി ചിട്ടിയിൽ ചേരുന്നവർക്ക് പെൻഷൻ ആനുകൂല്യത്തിന് അർഹതയുണ്ടാവും. ചിട്ടി ലേലം വിളിച്ച ഒരാൾ മരിക്കുകയോ, അപകടത്തിൽപെട്ട് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയോ വന്നാൽ അയാളുടെ ചിട്ടി വട്ടമെത്തിക്കുന്നതിനുള്ള തുക കെഎസ്എഫ്ഇയിൽ നിന്നു തന്നെ നൽകും. പ്രവാസി ക്ഷേമ പെൻഷൻ പദ്ധതി ചുമതല കേരള പ്രവാസി ക്ഷേമ ബോർഡിനാണ്. 
ഇതിൽ അംഗമായിട്ടുള്ളവർക്കും ഇനി അംഗങ്ങളാകുന്നവർക്കും പ്രവാസി ചിട്ടിയിൽ ചേരുമ്പോൾ അംഗത്വ നമ്പർ നൽകി പെൻഷൻ ആനുകൂല്യം തെരഞ്ഞെടുക്കാം. ഇവരുടെ അംശാദായം ഓരോ മാസവും കെ.എസ്.എഫ്.ഇ അടയ്ക്കും.
പ്രവാസി ചിട്ടിയുടെ വെർച്വൽ ബ്രാഞ്ച് തിരുവനന്തപുരത്ത് തമ്പാനൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്‌സിന്റെ ആറാം നിലയിണ് ആരംഭിച്ചിട്ടുള്ളത്.  
ഇതോടെ  പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും ഒരു കുടക്കീഴിലായി. ചിട്ടിയുടെ ഭരണപരായ കാര്യങ്ങൾ നിർവഹിക്കുന്നതിന് കെഎസ്എഫ്ഇയുടെ 36 ജീവനക്കാർ ഇവിടെയുണ്ട്. 
ദിവസവുമുള്ള ലേലം വിളിക്ക് മേൽനോട്ടം വഹിക്കലാണ് ഇവരുടെ പ്രധാന ചുമതല. ഇപ്പോൾ എല്ലാ ദിവസവും ഉച്ചയ്ക്ക് ആരംഭിക്കുന്ന ലേലം വിളി അർധരാത്രി വരെ നീളും. പിന്നീട് ഇവിടെ 24 മണിക്കൂറും ലേലം വിളി ഉണ്ടാകും. 
കോൾ സെന്ററാണ് മറ്റൊരു വിഭാഗം. 24 മണിക്കൂറും മൂന്നു ഷിഫ്റ്റുകളിലായി 30 പേർ ലോകത്ത് ഏതു കോണിൽ നിന്നുള്ള ചോദ്യങ്ങൾക്കും മറുപടി പറയാൻ ഇവിടെയുണ്ട്. 
11 പേരടങ്ങുന്ന മാർക്കറ്റിംഗ് വിഭാഗമാണ് മൂന്നാമത്തേത്. കാൾ സെന്ററുകൾ വഴി ലഭിക്കുന്ന ലീഡുകളെ പിന്തുടരുന്നതിന് ഇവർ മേൽനോട്ടം വഹിക്കും. 
ലോകത്തെമ്പാടുമുള്ള ചെറുതും വലുതുമായ പ്രവാസി സംഘടനകളുടെയും അവരുടെ ഭാരവാഹികളുടെയും ഡയറക്ടറി ഇവർ തയാറാക്കി വരികയാണ്. സോഫ്റ്റ് വെയർ സംഘമാണ് മറ്റൊരു വിഭാഗം. 
പ്രവാസി ചിട്ടിയുടെ എല്ലാ പ്രവർത്തനങ്ങളും  രജിസ്‌ട്രേഷൻ, കെവൈസി, സബ്‌സ്‌ക്രിപ്ഷൻ, പണം അടയ്ക്കൽ, ലേലം വിളി, സെക്യൂരിറ്റി പരിശോധന, പണം നൽകൽ  തുടങ്ങിയവയെല്ലാം ഓൺലൈനായിട്ടാണ് നടക്കുന്നത്. നിരന്തരമായി പരിശോധന നടത്തി ഇത് കുറ്റമറ്റതാക്കുന്നത് ഇവരാണ്. 
കെഎസ്എഫ്ഇ ചിട്ടി 50 വർഷം കൊണ്ട് കേരളത്തിൽ നേടിയെടുത്ത ടേണോവർ അടുത്ത അഞ്ചു വർഷം കൊണ്ട് ആഗോളമായി പ്രവാസി ചിട്ടി വഴി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 


 

Latest News