പശുവിനെ അറുക്കുമെന്ന് വിഡിയോ; ജാര്‍ഖണ്ഡില്‍ മുസ് ലിം യുവാവ് അറസ്റ്റില്‍

റാഞ്ചി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പശുക്കളേയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ സന്ദേശം വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ 25 കാരനായ മുസ്ലിം യുവാവിനെ ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതി മുഹമ്മദ് ആരിഫ് 14 ദിവസത്തെ കസ്റ്റഡിയിലാണിപ്പോള്‍. മോഡിക്കെതിരെ സംസാരിച്ചതിന് ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ഒരു മുസ്ലിം യുവാവ് അറസ്റ്റിലാകുന്നത്. ഒരു മാസം മുമ്പ് സാഹിബ്ഗഞ്ചില്‍ 20-കാരന്‍ സമീര്‍ അലിയെ സമാന കുറ്റം ആരോപിച്ച് പോലീസ് പിടികൂടിയിരുന്നു. 

ഇപ്പോള്‍ പിടിയിലായ ആരിഫ് മോട്ടോര്‍സൈക്കിള്‍ മെക്കാനിക്ക് ആണ്. ഇദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശം പ്രകോപനപരമാണെന്ന് പോലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയല്‍ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ആരേയും വെറുതെ വിടില്ലെന്ന് ജില്ലാ പോലീസ് മേധാവി അനൂപ് ബിര്‍ഥാരെ പറഞ്ഞു.

പശുവിനെ പരസ്യമായി അറുക്കുമെന്ന് ആരിഫ് വീഡിയോയില്‍ പറഞ്ഞെന്ന് പോലീസ് പറയുന്നു. സ്വന്തമായി ഷൂട്ട് ചെയ്ത് ആദ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ആരിഫ് തന്നെയാണെന്ന് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മുസ്ലിം, ഹിന്ദു വിഭാഗങ്ങളില്‍പ്പെട്ട 11 പേരെ ഹസാരിബാഗില്‍ ഇതുവരെ പിടികൂടിയിട്ടുണ്ട്. സംസ്ഥാനത്തെ 24 ജില്ലകളിലും ഇത്തരം സോഷ്യല്‍ മീഡിയാ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

Latest News