Sorry, you need to enable JavaScript to visit this website.

കാനം, ഗാന്ധിചിത്രം, ചാകാത്ത ഗ്രൂപ്പിസവും

1967 മുതൽ കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് കാര്യത്തിൽ ഒരു മാറ്റവുമില്ലാതെ തുടരുകയാണ് സി.പി.ഐ എന്നാണ് കാനം സഖാവിന്റെ ഭാഷ്യം. മൂന്നു കൊല്ലം മുമ്പത്തെ കാര്യം മൗനം. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം എന്നൊരു പ്രയോഗം ഇടയ്ക്കിടെ സഖാക്കൾ തട്ടിവിടാറുണ്ട്. രാഷ്ട്രീയ ചരിത്രത്തിലാകട്ടെ, മാറ്റം സംഭവിച്ചതു സീറ്റുകളുടെ കാര്യത്തിലും! തിരിഞ്ഞുനോക്കിയാൽ ദുർബല ഹൃദയരും, ശുദ്ധാത്മാക്കളുമായ സഖാക്കൾ വീണു വടിയായിപ്പോകും. അത്രയ്ക്കുണ്ട് വളർച്ച. എന്നാലും വിടില്ല. സി.പി.എമ്മിനിട്ടു പാര പണിയാൻ കിട്ടുന്ന ഒരു അവസരവും ഛോട്ടാ ഭീമൻ കൈവിടാറില്ല. ഒടുവിൽ കിട്ടിയത് അട്ടപ്പാടി. മാവോയിസ്റ്റുകളെ 'ക്ലോസ് റേഞ്ചി'ൽ നിന്നാണ് പോലീസ് വെടിവെച്ചതെന്നാണ് സി.പി.ഐ. ആ റേഞ്ചും ലോങ്‌റേഞ്ചും ഹൈറേഞ്ചും തമ്മിലുള്ള വ്യത്യാസം അറിയില്ലെങ്കിലും വാളയാർ പീഡനക്കേസ് ഒതുങ്ങിത്തീരുംവരെ തമ്മിൽ വെടിപൊട്ടിക്കാമല്ലോ. അതുകൊണ്ട് ബാലൻ മന്ത്രിയും കളിയിൽ ചേർന്നു. വ്യാജ ഏറ്റുമുട്ടലിൽ 'തണ്ടർബോൾട്ട്' കക്ഷി മാവോവാദികളെ വധിച്ചുവെന്നു കാനം സഖാവ്. സ്വയം രക്ഷയ്ക്കായി വെച്ച വെടിയെന്നു പിണറായി സഖാവ്. നേരം പോക്ക് കുറച്ചുനീളാനും സാധ്യത. ഇതിനിടെ 'പുട്ടി'നു തേങ്ങാപ്പീര ചേർക്കുന്നതു പോലെ കാനം വക ഒരു പ്രസ്താവനയിങ്ങും- മുഖ്യനെയും എന്നെയും തമ്മിൽ കൂട്ടിമുട്ടിക്കാമെന്ന് ആരും കൊതിേക്കണ്ട. അതിനുള്ള വള്ളം അങ്ങ് വാങ്ങിവെച്ചേര്! അതു കേട്ടാൽ 'അജാണ്ഡപനെ മോഹ'വുമായി കുറുക്കൻ ആടിന്റെ പിന്നാലെ നടന്നതുപോലെ ആരോ ഇടതുമുന്നണിയുടെ പിന്നാലെ നടക്കുന്നുണ്ടെന്ന് ആരും സംശയിക്കും. ചിന്തിച്ചാൽ കാര്യം പിടികിട്ടും- പെൻഷൻ പറ്റിയവർ ആണ്ടുതോറും 'ജീവൻ സാക്ഷ്യപത്രം' ഹാജരാക്കാൻ പോകാറുണ്ടല്ലോ. അതുപോലെ തങ്ങൾ ജീവനോടെ കേരളത്തിലുണ്ടെന്നു നാലാളെ ബോധ്യപ്പെടുത്താൻ സി.പി.ഐ പറ്റിക്കുന്ന പണിയാണ്! 1964 മുതൽ തുടങ്ങിയതാണ്. പടവലങ്ങ പോലെ വളർച്ച കീഴ്‌പോട്ടായ കാലം മുതൽ ഇക്കളി തുടരുന്നു. 'ചക്കളത്തിപ്പോരാട്ടം' മാതൃകയിൽ സ്വന്തം പങ്ക് ഇരുവരും ചേർന്ന് അടിച്ചുമാറ്റുന്നു. മൂന്നാമനായ 'എം.എൽ' ഇപ്പോൾ 'മാവോയിസ്റ്റായി' ഭിക്ഷാടനം നടത്തിക്കഴിഞ്ഞു പോരുന്നു. വയനാട്ടിലെയും പാലക്കാട്ടെയും മലപ്പുറത്തെയും പല ചരക്കു കടകളിൽ ചെന്ന് പൊട്ടാസു വെടിവെച്ച്   അരിയും സാധനങ്ങളും സമ്പാദിക്കുന്നു. കൂട്ടത്തിൽ എ.കെ 47 തോക്കുള്ളവരെ 'തണ്ടർ ബോൾട്ടു'കാർ തിരിച്ചറിഞ്ഞതോടെയാണ് കാര്യം ഗുലുമാലായത്. ഇക്കാര്യത്തിൽ കാനം സഖാവിന്റെ ഒരു ചോദ്യമാണ് ഈ നൂറ്റാണ്ടിന്റെ ചോദ്യമായി മാറിയത്- സംഘട്ടനമാണെങ്കിൽ ഒരു തണ്ടർ ബോൾട്ടുകാരനും വെടിയുണ്ട ഏൽക്കാത്തതെന്താണ്?
പലചരക്കു നെല്ലു കച്ചവടക്കാരെ പോലെയല്ല പോലീസ് എന്നു കാനത്തിന് അറിയാഞ്ഞിട്ടല്ല. ഇതൊരു 'ജീവൻ സാക്ഷ്യപത്ര' ആചാരമല്ലേ? നടന്നോട്ടെ!


****                           ****                                   ****

വിദ്യാലങ്ങളിലും വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിലും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിത്രം വെക്കണമെന്ന് വകുപ്പ് മന്ത്രി രവീന്ദ്രനാഥ് നിർദേശിച്ചതു നന്നായി. ഒരർഥത്തിൽ മാർക്‌സിസ്റ്റുകാരുടെ പാപ പരിഹാര പ്രക്രിയ കൂടിയാണത്. ഇന്ത്യൻ ജനതയുടെ വിപ്ലവ വീര്യം കെടുത്തിയെന്നും മേധാശക്തിയെ നിർജീവമാക്കിയെന്നും തൊട്ട് എന്തൊക്കെ ആരോപണങ്ങളായിരുന്നു ഗാന്ധിയുടെ തലയിൽ അടിച്ചേൽപിച്ചത്. പാവം ജനിച്ചുപോയതിൽ പശ്ചാത്തപിക്കുന്നുണ്ടാവുമോ എന്നു ചോദിക്കാൻ വകുപ്പില്ലാതെ പോയി. മന്ത്രിക്ക് നിർദേശം വെക്കാം. നടപ്പിലാക്കാനും എളുപ്പമാണ്; സ്വന്തം കുടുംബ വക വിദ്യാലയമുണ്ട്. മറ്റുള്ളിടത്ത് പ്രബുദ്ധരായ 'അധ്യാപഹയ'ന്മാരുടെ സംഘടന അതിനു സമ്മതിക്കുമോ ആവോ? പണ്ട് സർക്കാർ ചിട്ടിക്കമ്പനിയായ കെ.എസ്.എഫ്.ഇയിൽ ഉപഭോക്തൃ സേവനത്തെക്കുറിച്ച് ഗാന്ധിജിയുടെ എക്കാലത്തെയും മഹത്തായ വാക്കുകൾ ഒരു മണ്ടൻ മാനേജർ പ്രദർശിപ്പിച്ചു. പിറ്റേ ദിവസം പാഞ്ഞെത്തി, വിപ്ലവ സംഘടനാ നേതാക്കൾ- 'ഇതെന്താ, കോൺഗ്രസ് ആപ്പീസാണോ? പട്ടം ഊരിവെയ്‌ക്കെടേ' -എന്നായിരുന്നു ആജ്ഞ. ഇന്നിപ്പോൾ ഭയക്കണം, മോഡി ഭരണമാണ്, ഗോഡ്‌സേയുടെ പടം മുമ്പേ വെച്ചേ തീരൂ!

****                    ****                        ****

ഗ്രഹണ സമയത്ത് ്യൂഞാഞ്ഞൂലും തലപൊക്കുമെന്നൊരു ചൊല്ലുണ്ട്. സംസ്ഥാനമൊട്ടൊകെയുള്ള സമുദായംഗങ്ങളുടെ വരിസംഖ്യ പിരിച്ചും പല കൈവഴികളിലായി വന്നുചേരുന്ന സംഭാവനകൾ എണ്ണിയും കഴിഞ്ഞുപോരികയായിരുന്നു സുകുമാരൻ നായർ. കഴിഞ്ഞ കാലം വരെ ' ഓട്ടക്കാലണ'യായിരുന്നു. 'ഭാഗ്യം വന്നു കരേറിയ കാര്യം പാവം പയ്യനറിഞ്ഞോ?…….. എന്ന അടൂർ ഭാസിയുടെ സിനിമാപ്പാട്ടിന്റെ കാര്യം ഓർത്തുപോകും ഇന്നത്തെ നില കണ്ടാൽ. സർവത്ര കഷ്ടകാലം പിടിച്ച കെ.പി.സി.സിയുടെ രാഷ്ട്രീയ അവലോകന യോഗം ഈയിടെ നടന്നു. പഴയ പ്രൗഡിയൊന്നുമില്ല. അവലോസുണ്ടയും മുറുക്കും ചായയും. ബി.ജെ.പിയെ പടികയറ്റാതെ സൂക്ഷിച്ചുപോരുന്ന നായർ നേതൃത്വത്തെ അഭിനന്ദിക്കുന്ന ഒരു വാചകം റിപ്പോർട്ടിൽ ചേർക്കാനും മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്താനും മറന്നില്ല. ഫലമോ? കാക്കയുടെ തല ചരിച്ച നോട്ടം പോലെ പെരുന്ന നായർ എണീറ്റു നോക്കി. വലത്തേ കൈ കൊടിക്കൂറ പോലെ പൊക്കി. ശരി ദൂരം ഭാവിയിൽ ദേവസ്വം ബോർഡിൽ സംരവണമുണ്ടായി സാമ്പത്തിക സംവരണം! കോൺഗ്രസ് അതു കണ്ടില്ലെന്നു തോന്നുന്നു. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ആപ്പീസിൽനിന്നും ചങ്ങനാശ്ശേരിയിലേക്ക് ഒരു കാർ പാഞ്ഞു ചെന്നുവത്രേ- ഇപ്പോ എങ്ങനെയുണ്ട് നായരേ? സന്തോഷമായോ?
എന്തു ചെയ്യാം! നായന്മാർ എന്നിട്ടും എന്നെ മാനിക്കുന്നില്ല എന്നു മറുപടി. പയ്യെത്തിന്നാൽ പനയും തിന്നാം' എന്ന മട്ടിൽ പിണറായി എൻ.എസ്.എസിനെ കണ്ണുവെച്ച് ഇരിപ്പാണ്. എത്രയൊക്കെ സൗഹൃദമുണ്ടെങ്കിലും കണിച്ചുകുളങ്ങര ഗുരുവിനെ വിശ്വസിക്കുന്നതിലേറെ നായരെ വിശ്വസിക്കാം. പടയാളിയാണ്. കാശു കൊടുത്താൽ യുദ്ധത്തിനു റെഡി. ഒന്നര കൊല്ലത്തിനകം അടുത്ത യുദ്ധമുണ്ടല്ലോ. ഗുരുവും മകനും കേന്ദ്ര, സംസ്ഥാന മുന്നണികളിൽനിന്നും എല്ലാം നേടുന്നുണ്ട്. ശരി തന്നെ. പക്ഷേ, വോട്ട് ആർക്കെന്ന് ഉറപ്പിക്കാനാവുന്നില്ല; അവർക്കു പോലും!

****        ****                                  ****

വെള്ളയമ്പലം ഇന്ദിരാഭവനിൽ ഇന്ദിരാഗാന്ധി രക്ഷസാക്ഷിത്വ അനുസ്മരണം നടത്തുന്നു എന്നു കേട്ടപ്പോൾ ഭയന്നു വീട്ടിലൊളിച്ച കോൺഗ്രസുകാരുണ്ട്. അത്ര ഗംഭീരമാണ് സംഘടനയുടെ അച്ചടക്കക്കാര്യം. പിറ്റേന്ന് പത്രങ്ങളിൽ എല്ലാ നേതാക്കളും ഒന്നുപോലെ കൈനീട്ടി കമഴ്ത്തിപ്പിടിച്ചു നിൽക്കുന്ന ഫോട്ടോ കണ്ടപ്പോഴാണ് നാട്ടുകാർക്ക് ആശ്വാസമായത്. തമ്മിൽ തല്ലാനല്ല, ആയിരുന്നുവെങ്കിൽ മുഷ്ടിച്ചുരുട്ടിപ്പിടിക്കുമായിരുന്നു. അന്യന്റെ സംഭാവന അടിച്ചെടുക്കാനുമല്ലേ; എങ്കിൽ കൈമലർത്തി നീട്ടിപ്പിടിക്കുമായിരുന്നു. അധികാരത്തിനു പുറത്തായതിനാൽ ആ പ്രശ്‌നം ഉദിക്കുന്നുമില്ല. എന്നാൽ അനുഭാവികളായി ലോകത്ത് അവശേഷിക്കുന്നവരുടെ ഭയത്തിന് അടിസ്ഥാനമുണ്ടുതാനും. കൊച്ചി കോർപറേഷൻ മേയർ സ്ഥാനത്തുനിന്നും കോൺഗ്രസുകാരി സൗമിനി ജയിനിനെ മാറ്റണം. ഇടതുമുന്നണിക്കല്ല, കോൺഗ്രസിനാണ് നിർബന്ധം. സൗമിനി സൗമ്യയും എ ഗ്രൂപ്പുകാരിയുമാണ്. ഹൈബി ഈഡനും കൂട്ടർക്കും കൊച്ചിയിലെ വെള്ളപ്പൊക്കത്തിനു കാരണക്കാരി മേയറാണ്; മേയർ മാത്രമാണ്. അതോടെ, പാർട്ടിയിലെ 'എ'യും 'ഐ'യും ചത്തിട്ടില്ലെന്നും വാലിലെങ്കിലും ജീവനുണ്ടെന്നും തെളിഞ്ഞു. തികഞ്ഞ സംഘട്ടനം. ഉഗ്രൻ പോര്! തികച്ചും മാന്യനും നിഷ്പക്ഷമതിയും നിർഗുണനും ഇപ്പോൾ നിരാലംബനുമായ സംസ്ഥാന പ്രസിഡന്റ് സൗമിനിയെ തിരുവനന്തപുരത്തു വിളിച്ചുവരുത്തി മൊഴിയെടുത്തു. ഒരു മാസത്തേക്ക് മേയർ സ്ഥാനത്തു തന്നെ റിമാന്റ് ചെയ്തു. 'പീഡന'ത്തിനു പുതിയ ഭാഷ്യം തയറാക്കിയ ഭാര്യയോടൊപ്പം കഴിയുന്ന ഹൈബി ഈഡന് ഉറങ്ങാൻ കഴിയുന്നില്ല. മേയറെ ഇറക്കണം. കൗൺസിലറന്മാരിലും പെണ്ണുങ്ങളുണ്ടെന്ന് അതോടെ വെളിവായി. വനിതകൾ സൗമിനിക്കു പിന്നാലെ. സർവത്ര അങ്കലാപ്പും അലങ്കോവും. ഇതാണ് കോൺഗ്രസ്' എന്നു വിളിച്ചുകൂവി ഇടതുമുന്നണിയും. ഈ വാങ്മയചിത്രം ഉള്ളിൽ പേറിയവരാണ് ഇന്ദിരാഭവനിലെ രക്തസാക്ഷിത്വ ദിനാചരണമെന്നും കേട്ടതോടെ വീട്ടിനുള്ളിൽ കടന്നു നിദ്ര പൂകിയത്. അതങ്ങനെയാണ്, തീക്കൊള്ളികൊണ്ടു തല്ലുകൊണ്ട പൂച്ച മിന്നാമിനുങ്ങിനെ കണ്ടാലും പേടിക്കും എന്നു പറഞ്ഞതു പോലെയാണ് കോൺഗ്രസിലെ പഴമക്കാർ. പരിഹാരമേതുമില്ലാത്ത കാലം!
 

Latest News