അധികമാർക്കും കേൾക്കാത്ത പേരാണ് ക്ഷീരസാഗർ. അതുകൊണ്ടു കൂടിയാകാം, ആ പരിചയക്കാരനെ ആണ്ടേറെ കഴിഞ്ഞിട്ടും മറന്നുപോകുന്നില്ല. ഒരു ധനകാര്യ സ്ഥാപനത്തിന്റെ മേധാവിയായിരുന്നു അദ്ദേഹം. ഓരോന്നോർത്തു പോയപ്പോൾ ബി. ജെ. പിയെപ്പറ്റി ക്ഷീരസാഗർ പറഞ്ഞ ഒരു നിരീക്ഷണം വീണ്ടും രസിക്കാനിടയായി.
രാഷ്ട്രീയ യോഗങ്ങളെയും ശക്തികളെയും പറ്റിയായിരുന്നു സംസാരം. മഹാറാലികളുടെയും കൂറ്റൻ മീറ്റിംഗുകളുടെയും കാലം കഴിഞ്ഞിരുന്നില്ല. പിന്തുണ അളക്കാനും കൂട്ടാനും എല്ലാവരും പെരുമ്പാമ്പിനെപ്പോലെ ഇഴയുന്ന ജാഥകളും വീർത്തുവീർത്തുവരുന്ന ആൾക്കൂട്ടങ്ങളും ഒരുക്കുമായിരുന്നു. അതൊന്നും നോക്കി പിന്തുണയോ പരാജയ സാധ്യതയോ മുൻകൂറായി പറയേണ്ടെന്നായിരുന്നു ക്ഷീരസാഗറിന്റെ അഭിപ്രായം.
ആളുകളെ അണിനിരത്താൻ ഉത്സാഹവും വിഭവവും തികഞ്ഞ കക്ഷിയാണ് ബി. ജെ. പി. തന്റെ കക്ഷി ജയിച്ചു കാണണമെന്നാഗ്രഹമുള്ള ഓരോ ആളും സംഘാടകർ പറയുന്ന പോലെ ഒച്ചവെക്കാനും ചെവിടോർക്കാനും കച്ച കെട്ടിയിറങ്ങും. ഒരു യോഗത്തിന് നൂറു ബി. ജെ. പിക്കാർ എത്തുന്നുവെങ്കിൽ, ആ നൂറ്റവർ ഒന്നടങ്കം ബി. ജെ. പിക്കു വോട്ടു ചെയ്യും. ഒരൊറ്റ വോട്ടു പോലും പാഴാവില്ല.
കോൺഗ്രസിന്റെ കെട്ടുകാഴ്ച അത്ര ഇമ്പമുള്ളതാവില്ല. ഭാഷണം കേൾക്കാനും പിന്തുണ തെളിയിക്കാനും കൊട്ടിപ്പാടി സേവയുമായെത്തുന്നവർ അധികം ഉണ്ടാവില്ല. പാർട്ടിയോട് കൂറില്ലാത്തതുകൊണ്ടല്ല, തങ്ങൾ പോയില്ലെങ്കിലും യോഗം പൊടിപൊടിക്കുമെന്ന ഉദാസീനമായ വിശ്വാസം കാരണം അവർ സീരിയൽ കാണാനോ ഉറക്കം തൂങ്ങിക്കൊണ്ടോ യോഗത്തിൽനിന്നു വിട്ടുനിൽക്കും. പാർട്ടിക്കു വോട്ട് നൽകാനിടയുള്ളവർ നല്ലൊരു കൂട്ടം യോഗത്തിൽ ചേരുന്നവരാവില്ല.
ഓരോ തെരഞ്ഞെടുപ്പിനു മുമ്പും പിൻപും നടക്കാറുള്ള കണക്കെടുപ്പിൽ ഈ താരതമ്യ പാഠം ഉൾക്കൊള്ളുന്നതായി കാണാം. കേരളത്തിൽ കഴിഞ്ഞ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് നോക്കുക. രണ്ടോ മൂന്നോ സ്ഥാനം ബി. ജെ. പി നേടിയാൽ അത്ഭുതമില്ലെന്നു പോലും ചിലർ കൊട്ടിഘോഷിച്ചു. പണ്ടുമുതലേ പാർട്ടിക്കുണ്ടായിരുന്ന പിൻബലത്തിൽ മഞ്ചേശ്വരം ജയിക്കാം, വട്ടിയൂർകാവിൽ കഴിഞ്ഞ തവണ കുമ്മനം രാജശേഖരൻ നേടിയെടുത്ത മുന്നേറ്റത്തിൽനിന്ന് മൂന്നടി കൂടി ജയത്തിലേക്കാവാം, ശബരിമലയിലെ കാറ്റിൽ കോന്നിയിൽ കയറിപ്പറ്റാൻ ഉശിരുള്ള സുരേന്ദ്രനും സാധിക്കാം.
ഒന്നും നടന്നില്ല. അകാരണമായോ സകാരണമായോ ഒറ്റപ്പെട്ടു നിൽക്കുന്ന ബി. ജെ. പിക്ക് പതിവായി കിട്ടുന്ന വോട്ട് മൂന്നു മടങ്ങു കൂടിയാലേ ജയം വരികയുള്ളൂ എന്ന് അറിയാത്തവരല്ല പലരും. ബി. ജെ. പി നയിക്കുന്ന മുന്നണിക്ക് ശക്തി പകരാൻ വേണ്ടി ചേർത്ത പല പീക്കിരി പാർട്ടികളും ഒന്നിനും കൊള്ളാത്തവരാണെന്നും പലർക്കും അറിയാം. അവരെയൊക്കെ ലാളിച്ചു വളർത്തിയതുകൊണ്ട് അവർ വളരുകയോ സ്വകാര്യ ലാഭത്തിനു വേണ്ടി വല വീശുകയോ ചെയ്തുവെന്നല്ലാതെ ബി. ജെ. പിക്ക് പറയത്തക്ക ഫലമൊന്നും ഉണ്ടായില്ല. അതു മുൻകൂട്ടി കാണാൻ വയ്യാത്തവരോ ഇഷ്ടമില്ലാത്തവരോ ആയിരുന്നു ആത്മരതിയോളം പോന്ന രാഷ്ട്രീയാഹങ്കാരം ബാധിച്ച ബി. ജെ. പി പ്രേമികൾ.
കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിലായി കണ്ടുവരുന്ന ഒരു നിരീക്ഷണ വിശേഷം ബി. ജെ. പിക്ക് ഉള്ളതിലുമെത്രയോ ഏറെ ശക്തി ചാർത്തിക്കൊടുക്കുന്നതാണ്. മഞ്ചേശ്വരത്തായാലും മലപ്പുറത്തായാലും തെരഞ്ഞെടുപ്പു ഗോദയെ പ്രധാനമായും മൂന്നായി തരം തിരിക്കുന്നു. മത്സരം നടക്കുന്നത് മൂന്നു മുഖങ്ങളിലത്രേ: യു. ഡി. എഫ്, എൽ. ഡി. എഫ്, ബി. ജെ. പി എന്നിങ്ങനെ. ബാക്കിയുള്ളവരെയെല്ലാം അഗണ്യ കോടിയിൽ തള്ളാം. ഒരിടത്തും അങ്ങനെ തള്ളാൻ വയ്യാത്തതെന്നു തന്നെയല്ല, മറ്റേ രണ്ടു ചേരികളുമായി കട്ടക്കു കട്ടക്കു നിൽക്കുന്നതു കൂടിയാണ് ബി. ജെ. പി എന്ന ധാരണയും ആ നിഗമനത്തെ സാധ്യമാക്കുന്നു. വാസ്തവത്തിൽ അവരെ രണ്ടു കൂട്ടരെയും വീഴ്ത്തി കര കയറാൻ പോന്ന ശക്തിയൊന്നും ഒറ്റക്കലപ്പയുമായി ഉഴവിനിറങ്ങുന്ന ബി. ജെ. പിക്കില്ലെന്ന് സമ്മതിക്കാൻ പൊതുവെ മടിയാണെന്നു തോന്നുന്നു.
തൊണ്ണൂറുകളുടെ തുടക്കത്തിലെ അഡ്വാനിയുടെ രഥയാത്രയോടു കൂടിയായിരുന്നു ബി. ജെ. പി ജയിച്ചേക്കുമെന്ന ധാരണയുടെ ബലപ്രാപ്തി. അന്നൊരു മുദ്രാവാക്യം കൂടി മുഴങ്ങി: 'പല കുറി പലരെ നോക്കി, ഇക്കുറി ഞങ്ങളെയാട്ടെ' അങ്ങനെയുമായിക്കൂടെന്നില്ലെന്ന് രാഷ്ട്രീയത്തിലെ കുലീന കുടുംബത്തിൽ പെട്ടവർ പലരും അടക്കം പറഞ്ഞു. ബി. ജെ. പി തരംഗം ഇല്ലെന്നു പറഞ്ഞുകൂടെന്ന് കോൺഗ്രസിന്റെ കണക്കുകൂട്ടലുകാരും വിശ്വസിച്ചു. എതിരാളിയിൽ പരിഭ്രമം പരത്താൻ പോന്ന കരുത്ത് ബി. ജെ. പിക്ക് അന്നേ അത്രക്കുണ്ടായിരുന്നു. സുഖം നോക്കി ലായം മാറുന്ന ഏതാനും കിഴവൻ കുതിരകൾ ശീലിച്ച ഭാഷ മാറ്റിപ്പറയാനും തുടങ്ങിയപ്പോൾ ബി. ജെ. പി യുഗം ഉദിച്ചു എന്നു തന്നെ നേരത്തേ സൂചിപ്പിച്ച ആത്മരതി ബാധിച്ചവർ വിശ്വസിച്ചു.
ആ തെരഞ്ഞെടുപ്പിൽ ബി. ജെ. പിക്ക് കിട്ടിയത് അധികാരം കിട്ടാൻ വേണ്ടതിന്റെ പകുതി പോലുമായിരുന്നില്ല. പിന്നെ വാജ്‌പേയിയുടെ സൗമ്യ മുഖത്തോടെ അധികാരം നേടാമെന്നു വന്നപ്പോൾ സഹായം അഭ്യർഥിച്ചുകൊണ്ട് ഒരു നിഷ്ഫല ദക്ഷിണായനം നടന്നു. പിന്നെ വന്ന മോഡിപർവം ബി. ജെ. പിയുടെ ശക്തി പോലെത്തന്നെ ന്യൂനതയും എടുത്തോതുന്നു. യേന കേന പ്രകാരേണ ഭൂരിപക്ഷം നേടാൻ കഴിഞ്ഞുവെന്നതു തന്നെ ശക്തിയും ലബ്ധിയും. ഭൂരിപക്ഷത്തിന്റെ വക്കാലത്ത് ഉയർത്തിക്കാട്ടിയിട്ടും ജയിക്കാൻ മറ്റു ചിലരുടെ പിന്തുണ കൂടി വേണമെന്ന ബോധമാണ് ന്യൂനത.
മോഡിയുടെ നിശ്ചയദാർഢ്യത്തോടെ, മറ്റു കക്ഷികളുടെ അങ്കലാപ്പോടെ, മുന്നേറുന്ന ബി. ജെ. പിക്ക് കാലുറപ്പിച്ചു നിൽക്കാൻ പറ്റുന്ന സംസ്ഥാനങ്ങൾ രണ്ടോ മൂന്നോ മാത്രമേയുള്ളൂ. നിശ്ചയമായും ഗുജറാത്ത്. പിന്നെ, ഗുജറാത്തും ഗുജറാത്തും ഗുജറാത്തും എന്നു പറയേണ്ടി വരും. വിശാലമായ ത്രിപുരയിലും മഹാരാഷ്ട്രയിലുമൊക്കെ ബി. ജെ. പിയുടെ തന്ത്രവും മന്ത്രവും ഫലിച്ചില്ലെന്നല്ല. എതിർത്തുനിൽക്കുന്നവരെ അടക്കിപ്പുണർന്നുകൊണ്ടേ അതു സാധ്യമാകൂ എന്നേ ഉദ്ദേശിച്ചുള്ളൂ. അങ്ങനെ അടക്കിപ്പുണരാനുള്ള അനുരാഗ വിലോലത ആർജിക്കുകയാകും ബി. ജെ. പിയുടെ ഇനിയത്തെ അജണ്ട.
അതിനുവേണ്ടി സ്വരവും രൂപവും ഒരുക്കിയെടുക്കുമ്പോൾ വലതുപക്ഷ വർഗീയ തീവ്രത ഉപകരിക്കുകയില്ലെന്ന് പല ഘട്ടങ്ങളിലും തെളിഞ്ഞതാണല്ലോ. ആ ചീട്ടെറിഞ്ഞുള്ള കാവിക്കളിയിൽ പലരെയും വീഴ്ത്താൻ കഴിഞ്ഞിട്ടുണ്ടെന്നതു ശരി തന്നെ. പക്ഷേ അധികാരത്തിലേക്കും വിജയത്തിലേക്കും നീങ്ങാൻ വെമ്പുന്ന ബി. ജെ. പി സ്വരം വിറപ്പിക്കാനും രൂപം കടുപ്പിക്കാനും ഇഷ്ടപ്പെടില്ലെന്നും കഴിഞ്ഞ പല തെരഞ്ഞെടുപ്പുകൾക്കു ശേഷവും തെളിയുകയുണ്ടായി. സമാനമനസ്‌കരായ പാർട്ടികളുടെ പിന്തുണ ഉറപ്പിക്കാൻ മാത്രമല്ല, ആശയപരമായും തന്ത്രപരമായുമുള്ള സ്വയംസംസ്‌കരണത്തിനു വേണ്ടിയും അങ്ങനെ ഒരു നിലപാട് ആവശ്യമായി വരും. ഒന്നോ രണ്ടോ ദേവാലയങ്ങളെപ്പറ്റിയുള്ള വിവാദം മതിയാവില്ലല്ലോ ക്രിയാത്മകമായ ഒരു ദേശീയ സംവാദം മുന്നോട്ടു കൊണ്ടുപോകാൻ.
കേരളത്തിലും ഇതു തന്നെ ബാധകം. ഒരു പക്ഷേ വേറെ എവിടത്തേക്കാളും ബാധകം കേരളത്തിലാണെന്നും പറയാം. അമ്പത് തികയാത്ത സ്ത്രീകളെ അമ്പലത്തിൽനിന്നകറ്റി നിർത്തണമെന്ന വാശിയുടെ പുറത്ത് ജയിക്കാൻ വേണ്ട വോട്ട് കിട്ടുമെന്ന് വിശ്വസിച്ചുപോയവരാണ് ഏറെ ബി. ജെ. പി നേതാക്കളും. അവരുടെ ഭാവഹാവം കണ്ട് മാർക്‌സിസ്റ്റുകാരിൽ ചിലരുൾപ്പടെ പല രാഷ്ട്രീയക്കാരും പകച്ചുനിന്നപ്പോൾ രാഷ്ട്രീയ വികാസത്തിന്റെ നിയാമക ഘടകങ്ങൾ ഏതൊക്കെയെന്ന ധാരണ പോലും ഇളകിപ്പോയെന്നു തോന്നുന്നു. അങ്ങനെയൊരു സ്ത്രീവരുദ്ധവാദം കൊണ്ടൊന്നും വോട്ട് അടിച്ചെടുക്കാൻ കഴിയില്ലെന്നു തെളിഞ്ഞത് ഏതായാലും നന്നായി. കൂട്ടിന് ഇനിയെങ്കിലും കൊള്ളാവുന്ന ആളുകളെ കൂട്ടുകയും വികസ്വരമായ സമൂഹത്തെ സാമൂഹ്യമായും ആധ്യാത്മികമായും പുറം തിരിച്ചുനിർത്താത്ത നയം അനുവർത്തിക്കുകയും ചെയ്താലേ ഇതര ചേരികളെ നേരിടാനും തോൽപിക്കാനും പാകം വന്ന ശക്തിയായി ബി. ജെ. പി മാറൂ.