Sorry, you need to enable JavaScript to visit this website.

പോലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി സി.പി.ഐ മുഖപത്രം

തിരുവനന്തപുരം- കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ മുഖപത്രമായ ജനയുഗം.

ലഘുലേഖയുടെ പേരില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം പോലീസ് തെളിയിച്ചിട്ടില്ലെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.

അട്ടപ്പാടിയിലെ കൊടുംക്രൂരതയില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് യുഎപിഎ ചുമത്തിയുള്ള അറസ്റ്റെന്നാണ് മറ്റൊരു ആരോപണം. ആശയപ്രചാരണം നടത്തിയെന്നതിന്റെ പേരില്‍  എന്തടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയതെന്ന ചോദ്യത്തിന് പോലീസ് മറുപടി നല്‍കുന്നില്ല. കാട്ടിലുള്ളവരുടെ നാട്ടിലെ കണ്ണികളാണിവരെന്ന് അറസ്റ്റിലായവരെക്കുറിച്ച് പോലീസ് ആരോപിക്കുന്നതിന്റെ പിന്നിലെ തെളിവെന്താണ്. ഒരു ലഘുലേഖയുടെ പശ്ചാത്തലത്തില്‍ ഈ വിദ്യാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ് ആവര്‍ത്തിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം ദുരൂഹമാണ്. വസ്തുതാപരമായ യാതൊരു അന്വേഷണവും ഇക്കാര്യത്തില്‍ നടന്നിട്ടെല്ലെന്നത് പകല്‍ പോലെ സത്യവുമാണെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അറസ്റ്റിന്റെ പിന്നാമ്പുറം അത്യന്തം സംശയകരമായി തുടരുന്ന അട്ടപ്പാടി മഞ്ചിക്കണ്ടി വനാന്തരത്തിലെ വ്യാജ ഏറ്റുമുട്ടലാണ് എന്നകാര്യത്തില്‍ സംശയമില്ല. വിദ്യാര്‍ഥികളെ പിടികൂടി കരിനിയമം ചുമത്തിയതോടെ കാടിനുള്ളിലെ കൊടുംക്രൂരതയുടെ വാര്‍ത്തകള്‍ വഴിതിരിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. വായനയും ചിന്തയും ജീവിതശീലമാക്കിയവര്‍ കേരളത്തിലെ പൊലീസിനെ ഭയക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിക്കൂടാ. വായനാമുറിയിലെ പുസ്തകങ്ങളുടെ പേരില്‍ തീവ്രവാദിയും ഭീകരവാദിയുമായി കരിനിയമം ചാര്‍ത്തുന്നത് ന്യായീകരിക്കാനാവില്ല. പോലീസ് ഉദ്യോഗസ്ഥരുടെ നിഗൂഢമായ നീക്കങ്ങളെ നിരീക്ഷിക്കേണ്ടതുണ്ടെന്നും സി.പി.ഐ മുഖപത്രം ആവശ്യപ്പെടുന്നു.

 

 

Latest News