Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് പ്രവർത്തകന്റെ കൈയും കാലും തല്ലിയൊടിച്ചു; സി.പി.എമ്മെന്ന് ആരോപണം 

സി.പി.എം ആക്രമണത്തിൽ പരിക്കേറ്റ സയ്യിദ്

തലശ്ശേരി- പാട്യം മുതിയങ്ങയിൽ കോൺഗ്രസ് പ്രവർത്തകനു നേരെ വീണ്ടും ആക്രമണം.  പാട്യത്തെ ബിസ്മില്ല മൻസിലിൽ എം.സയ്യിദിനെ (45) ആണ് ഇരുമ്പുവടികളും മറ്റു മാരകായുധങ്ങളുമായെത്തിയ സംഘം അതിക്രൂരമായി ആക്രമിച്ചത്. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. വീടിനു സമീപത്തെ കടയിൽ ചായകുടിച്ചുകൊണ്ടിരിക്കെ സയ്യിദ്ദിനെ സി.പി.എം സംഘം അക്രമിക്കുകയായിരുന്നു എന്നാണ് പരാതി. ഇടതു കൈയുടെയും വലതു കാലിന്റെയും എല്ലുകൾ  തകർന്നിട്ടുണ്ട്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. സംഭത്തിനുശേഷം കൂത്തുപറമ്പ് ആശുപത്രിയിലേക്കും അവിടെനിന്നും തലശ്ശേരി ജനറൽ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. 
കഴിഞ്ഞ ദിവസം മുതിയങ്ങയിൽ വെച്ച് സി.പി.എം സംഘം സയ്യിദിന്റെ കാറിനുനേരെ ആക്രമണം നടത്തുകയും കാറിന്റെ ചില്ല് തകർക്കുകയും ചെയ്തിരുന്നു. കാറിലുണ്ടായിരുന്ന മകൾ ഫാത്തിമ സാഹിയ്ക്ക് കണ്ണിനു പരിക്കേറ്റിരുന്നു. ഈയിനത്തിൽ അയ്യായിരും രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയുണ്ട്. കാറ് നിർത്തി കടയിൽനിന്നും സാധനങ്ങൾ വാങ്ങി തിരിച്ചു വരുമ്പോൾ പ്രതികൾ അന്യായമായി അതിക്രമം നടത്തിയതായാണ് പരാതി. 
സംഭവത്തിൽ സി.പി.എം പ്രവർത്തകരായ   മുതിയങ്ങയിലെ സി.ഷിനോജ് എന്ന മണി, കെ.രാഗിൻ, കെ.രജീഷ്, എം.വി.ഷിജിൻ എന്നിവരെ കതിരൂർ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന്റെ വിരോധമാകാം ഇപ്പോഴത്തെ ആക്രമണത്തിന് കാരണമെന്ന് കരുതുന്നു.  ആറോളം സി.പി.എം പ്രവർത്തകർക്കെതിരെ കതിരൂർ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രതിക്ഷേധിച്ചു. സി.പി.എം പ്രവർത്തകർ അക്രമം നിർത്തില്ലെന്ന സൂചനയാണ് ഇതിലൂടെ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. 

Latest News