Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ടെ യു.എ.പി.എ പിൻവലിക്കാൻ നിർദേശം

കോഴിക്കോട്/തിരുവനന്തപുരം- കോഴിക്കോട്ട് മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ രണ്ട് സി.പി.എം പ്രവർത്തകർക്ക് മേൽ ചുമത്തിയ യു.എ.പി.എ പിൻവലിക്കാൻ പോലീസിന് നിർദേശം. ആദ്യ ഘട്ടത്തിൽ തന്നെ യു.എ.പി.എ ചുമത്തിയ നടപടി പുനഃപരിശോധിക്കാനാണ് പോലീസ് മേധാവിയുടെ നിർദേശം. ഇതു സംബന്ധിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്കും ഉത്തര മേഖലാ ഐ.ജിക്കും നിർദേശം നൽകി. അറസ്റ്റിനെതിരെ സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികൾ വിമർശനവുമായി എത്തിയ സാഹചര്യത്തിലാണിത്. 
യു.എ.പി.എ ചുമത്തണമെങ്കിൽ അതത് സംസ്ഥാന സർക്കാറിന്റെ  അനുമതി വേണം. നിലവിലെ സാഹചര്യത്തിൽ പിടിയിലായ സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തുന്നതിൽ സി.പി.എം, സി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികൾ വിയോജിപ്പിലാണ്. അവർ സർക്കാറിന് മേൽ ശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്. കേസ് പിൻവലിക്കണമെന്ന നിർദേശം അനൗദ്യോഗികമായി ഡി.ജി.പിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിക്കഴിഞ്ഞു. ഇതോടെയാണ് യു.എ.പി.എ ചുമത്താനുള്ള നടപടിയിൽനിന്ന് പോലീസ് പിന്നോക്കം പോകുന്നത്.
യു.എ.പി.എ ചുമത്തുന്ന കേസുകളിൽ സർക്കാറിന്റെയും ഹൈക്കോടതി റിട്ട. ജഡ്ജി പി.എസ്. ഗോപിനാഥൻ അധ്യക്ഷനായ പരിശോധനാ സമിതിയുടെയും അംഗീകാരത്തോടെ മാത്രമേ കുറ്റപത്രം സമർപ്പിക്കാൻ കഴിയൂ. ജില്ലാ പോലീസ് മേധാവിയുടെ അനുമതിയുണ്ടെങ്കിലേ യു.എ.പി.എ കേസ് രജിസ്റ്റർ ചെയ്യാനാകൂ. ഡിവൈ.എസ്.പിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി പ്രോസിക്യൂഷൻ അനുമതിയും നിയമോപദേശവും ലഭിച്ചാലും സംസ്ഥാന സർക്കാർ അനുമതി നൽകിയാലേ കേസുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കാനാകൂ. യു.എ.പി.എ ചുമത്തിയാലും സർക്കാറിന്റെ അനുമതി കിട്ടിയാൽ മാത്രമേ കേസ് നിലനിൽക്കൂ.
യു.ഡി.എഫ് സർക്കാർ യു.എ.പി.എ വകുപ്പ് ചുമത്തിയ ആറ് കേസുകൾ എൽ.ഡി.എഫ് അധികാരത്തിൽ വന്ന ശേഷം റദ്ദാക്കിയിരുന്നു. ഒമ്പത് കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ അംഗീകാരം നൽകിയിട്ടുമില്ല. ഇതിൽ ഏഴും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രജിസ്റ്റർ ചെയ്തതാണ്. യു.ഡി.എഫ് സർക്കാർ യു.എ.പി.എ ചുമത്തിയ ആറു കേസുകളിൽ രണ്ടു വീതം കേസുകൾ കോഴിക്കോട് സിറ്റിയിലും തൃശൂർ ജില്ലയിലുമായിരുന്നു. കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഓരോ കേസും രജിസ്റ്റർ ചെയ്തു. 2015, 2016 കാലത്തായിരുന്നു ഇത്. ഈ ആറ് കേസുകളാണ് എൽ.ഡി.എഫ് സർക്കാർ റദ്ദാക്കിയത്.
യു.എ.പി.എ ചുമത്തിയ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ വിദ്യാർഥികളെ വിയ്യൂർ ജയിലിലേക്ക് മാറ്റിയില്ല. ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കും. 
അലൻ ഷുഹൈബിന്റെ മാതാവ് സബിതയുടെ ചില വിശദീകരണങ്ങൾ പാർട്ടിക്ക് പ്രയാസമുണ്ടാക്കുന്നു. പാർട്ടിയാണ് അഭിഭാഷകനെ വെക്കുന്നതെന്നായിരുന്നു വിശദീകരണം. ഇത് പാർട്ടി നേതൃത്വം നിഷേധിച്ചു. കേസ് നടത്തേണ്ടത് കുടുംബമാണെന്നും നിയമ സഹായം നൽകില്ലെന്നും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ പറഞ്ഞു. 
യു.എ.പി.എ പിൻവലിക്കണമെന്ന് എം.പി വീരേന്ദ്ര കുമാറും എം.വി. ശ്രേയാംസ് കുമാറും ആവശ്യപ്പെട്ടു. കരിനിയമം കേരളത്തിൽ നടപ്പാക്കാതിരിക്കാൻ പോലീസും മുഖ്യമന്ത്രിയും ഉപദേശകരും ശ്രദ്ധിക്കണമെന്ന് വീരേന്ദ്ര കുമാർ പറഞ്ഞു.
അതിനിടെ, മാവോവാദികൾക്ക് മാത്രമല്ല, മാവോ അനുഭാവം കാണിക്കുന്നവരുടെ പേരിലും യു.എ.പി.എ ചുമത്താമെന്ന് കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ച വിവരവും പുറത്തു വന്നു. ഓഗസ്റ്റ് അവസാനമാണ് മാവോ അനുഭാവികൾക്ക് പോലും യു.എ.പി.എ ചുമത്താൻ നിയമം അനുവദിക്കുന്നു എന്ന് സുപ്രീം കോടതിയെ സർക്കാർ അറിയിച്ചത്. മാവോവാദി എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു വിവസ്ത്രനാക്കി പരിശോധിച്ച പോലീസുകാർക്കെതിരെ നടപടി എടുക്കണം എന്ന് കാട്ടി ശ്യാം കൃഷ്ണൻ എന്നയാൾ ഹൈക്കോടതിയിൽ കൊടുത്ത ഹരജിയിൽ ഹരജിക്കാരന് അനുകൂലമായി വിധി വരികയും ഇതിനെ തുടർന്ന് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ അപ്പീൽ പോകുകയുമായിരുന്നു. ഈ അപ്പീലിലാണ് യു.എ.പി.എ അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചത്.
 

Latest News