Sorry, you need to enable JavaScript to visit this website.

പ്രിയങ്കയുടെ ഫോണും ചോർത്തി; ഗുരുതര ആരോപണവുമായി കോൺഗ്രസ്

ന്യൂദൽഹി- വാട്‌സാപ് ചോർത്തി ചാരപ്പണി നടത്തിയ സംഭവത്തിൽ വിവാദം കൂടുതൽ രൂക്ഷമാവുന്നു. കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ വാട്‌സാപ് ചോർത്തിയതായി ആരോപിച്ച് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല രംഗത്തെത്തി. സമാനമായ ആരോപണം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഉയർത്തി. ശരത് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് പ്രഫുൽ പട്ടേലിന്റെ വാട്‌സാപും ചോർത്തിയതായി ആരോപണമുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ ഫോൺ ഹാക്ക് ചെയ്തതായി വാട്‌സാപിൽനിന്ന് സന്ദേശം ലഭിച്ചതായി ദൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ രൺദീപ് സിംഗ് സുർജേവാല വ്യക്തമാക്കി. തനിക്ക് ലഭിച്ച സന്ദേശം ഗൗരവമായി എടുക്കാതെ പ്രിയങ്ക ഡിലീറ്റ് ചെയ്തുവെന്നും സുർജേവാല പറഞ്ഞു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഈ സന്ദേശമെത്തിയത്. 
ഇസ്രായിൽ ചാര കമ്പനി സോഫ്റ്റ്‌വെയറായ പെഗാസസ് ഇരുപതോളം രാജ്യങ്ങളിലെ 1400 ഉപയോക്താക്കളുടെ ഫോണിലേക്ക് നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തിയെന്ന് വാട്‌സാപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ, മനുഷ്യാവകാശ, മാധ്യമ പ്രവർത്തകരടക്കം 121 പേരുടെ ഫോൺ ചോർത്തിയെന്നാണ് കരുതുന്നത്. ഫോൺ ചോർത്തലിനെതിരെ കഴിഞ്ഞ ദിവസം പ്രിയങ്ക തന്നെ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മാധ്യമ പ്രവർത്തകരടക്കമുള്ളവരുടെ ഫോൺ ചോർത്താൻ ഇസ്രായിൽ കമ്പനിയെ സർക്കാർ നിയോഗിച്ചിട്ടുണ്ടെങ്കിൽ അത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നായിരുന്നു പ്രിയങ്ക ട്വീറ്റ് ചെയ്തത്. വിഷയത്തിൽ സർക്കാറിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്നും അവർ പറഞ്ഞിരുന്നു. 
ബി.ജെ.പി സർക്കാറിനെ തുറന്നു കാണിക്കപ്പെട്ടിരിക്കുന്നുവെന്ന് സുർജേവാല വ്യക്തമാക്കി. ബി.ജെ.പി ഭാരതീയ ജനതാ പാർട്ടിയല്ലെന്നും ഭാരതീയ ജാസൂസ് (ചാര) പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാറിന് എല്ലാമറിയാം. എന്നിട്ടും മൗനം പാലിക്കുകയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 12 ന് ഫെയ്‌സ്ബുക്കിന്റെ വൈസ് പ്രസിഡന്റുമായി ഐ.ടി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപിലെ ചാരപ്പണിയുമായി ബന്ധപ്പെട്ട് ഒരു ചോദ്യം പോലും മന്ത്രി ചോദിച്ചില്ല. ഇത് നിഗൂഢമായ നിശ്ശബ്ദതയാണ്. വാട്‌സാപ് ചോർച്ചയെപ്പറ്റി മെയ് മാസത്തിൽ തന്നെ കമ്പനി ഇന്ത്യൻ സർക്കാറിനെ അറിയിച്ചിരുന്നു. എന്നാൽ ഒക്‌ടോബർ 31 ന് വിവരം ലഭിച്ചുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഇത് പച്ചക്കള്ളമാണെന്നും സുർജേവാല ആരോപിച്ചു.
 

Latest News