Sorry, you need to enable JavaScript to visit this website.

ഒരു ദിവസം വൈകി എയര്‍ ഇന്ത്യ  വിമാനം ജിദ്ദയിലെത്തി 

ജിദ്ദ-എയര്‍ ഇന്ത്യയുടെ ജിദ്ദ കൊച്ചി വിമാനം ഏകദേശം ഒരു ദിവസത്തോളം വൈകി ഇന്നലെ രാവിലെ 9.30ന് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. ശനിയാഴ്ച പകല്‍ കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഞായറാഴ്ച പുലര്‍ച്ച ആറിനാണ് പുറപ്പെട്ടത്. എയര്‍ ഇന്ത്യയ്ക്ക് കേരളത്തില്‍ നിന്ന് ജിദ്ദയിലേക്ക് കൊച്ചി -ജിദ്ദ ഫ്‌ളൈറ്റ് മാത്രമേയുള്ളു. അതു കൊണ്ടു തന്നെ കേരളത്തിലെ എല്ലാ  ഭാഗങ്ങളില്‍ നിന്നും സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലേക്കുള്ള പ്രവാസികള്‍ ഈ വിമാനത്തെയാണ് ആശ്രയിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് സൂര്യന്‍ ഉദിക്കുന്നതിന് എത്രയോ മുമ്പ് യാത്ര പുറപ്പെട്ടാല്‍ മാത്രമേ കൊച്ചിയിലെത്തി വിമാനത്തില്‍ യാത്ര തിരിക്കാനാവൂ. കണ്ണൂരില്‍ നിന്ന് അതിരാവിലെ പുറപ്പെട്ട് കൊച്ചിയിലെത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ കാര്യമറിഞ്ഞതെന്ന് ജിദ്ദ ഷറഫിയയിലെ മാന്‍ഷെയ്ഡിലെ റഫീഖ് സിറ്റി പറഞ്ഞു. യാത്രക്കാര്‍ പ്രതിഷേധിച്ചപ്പോഴാണ് താമസ സൗകര്യം നല്‍കിയത്. റദ്ദാക്കലിന്റെ കാര്യം നേരത്തേ അറിഞ്ഞിരുന്നുവെങ്കില്‍ കണ്ണൂരിലെ വീട്ടില്‍ ഒരു ദിവസം കൂടി ചെലവഴിക്കാമായിരുന്നുവെന്ന് ജിദ്ദ കണ്ണൂര്‍ ജില്ലാ കെ.എം.സി.സിയുടെ സീനിയര്‍ നേതാവ് കൂടിയായ റഫീഖ് എടുത്തു പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്കായി ചുരുങ്ങിയ ദിവസത്തെ അവധിയ്ക്ക് യാത്ര തിരിച്ചവരായിരുന്നു ഈ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിലേറെയും. വിമാനക്കമ്പനിയുടെ അനാസ്ഥ നിമിത്തം എല്ലാവരുടേയും ഒരു ദിവസം പാഴായി.  ജിദ്ദയില്‍ നിന്ന് അത്യാവശ്യ കാര്യങ്ങള്‍ക്കായി ചെറിയ അവധിയ്ക്ക് നാട്ടിലേക്ക് തിരിച്ചവരും ഉംറ തീര്‍ഥാടകരുമായ  ഇരുനൂറിലേറെ യാത്രക്കാരാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ കയറാനായി എത്തിയത്. ബോര്‍ഡിംഗ് പാസെടുത്ത യാത്രക്കാരോട് വിമാനം ഇന്നില്ലെന്ന് അറിയിക്കുകയായിരുന്നു. എയര്‍ ഇന്ത്യ വിമാനങ്ങള്‍ മുടങ്ങുന്നത് പുതിയ കാര്യമല്ല. ഹൈദരാബാദ് വിമാനം എത്തിയില്ലെങ്കില്‍ കൊച്ചി വിമാനം മുടങ്ങുകയെന്നത് പതിവാണ്. കോഴിക്കോട് സെക്ടറില്‍ പ്രതിവാരം രണ്ട് സര്‍വീസുകളോടെ ഡിസംബറില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജിദ്ദ-കാലിക്കറ്റ് അന്താരാഷ്ട്ര സര്‍വീസായി തുടങ്ങുന്ന വലിയ വിമാനം കോഴിക്കോട്ട് രാവിലെയെത്തി തിരുവനന്തപുരത്തേക്ക് ആഭ്യന്തര സര്‍വീസ് നടത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. 

 

Latest News