Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ടെ യു.എ.പി.എ സർക്കാറിനെ കുറ്റപ്പെടുത്താനുള്ള കാരണമല്ല-പി. ജയരാജൻ

കണ്ണൂർ- കോഴിക്കോട്ട് രണ്ടു വിദ്യാർഥികളുടെ പേരിൽ യു.എ.പി.എ ചുമത്തിയത് കേരള സർക്കാറിനെ കുറ്റപ്പെടുത്താനുള്ള കാരണമല്ലെന്നും ഇക്കാര്യത്തിൽ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സി.പി.എം നേതാവ് പി. ജയരാജൻ. കേരളത്തിൽ യു.ഡി.എഫ് സർക്കാറാണ് ഏറ്റവും കൂടുതൽ കരിനിയമങ്ങൾ പ്രയോഗിച്ചതെന്നും താനും അതിന്റെ ഇരയായിരുന്നുവെന്നും ജയരാജൻ ആരോപിച്ചു.

ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: 
 
കോഴിക്കോട്ടെ രണ്ട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ അനുസരിച്ച് കേരള പോലീസ് കേസെടുത്തത് വിവാദമായിരിക്കുകയാണല്ലോ.
ഇതേ കുറിച്ച് പല സുഹൃത്തുക്കളും പ്രതികരണം ആരായുന്നുണ്ട്.

യുഎപിഎയും അതിനു മുന്നോടിയായുള്ള കരിനിയമങ്ങളായ 'പോട്ടയും ടാഡയും' കേരളത്തിൽ ആദ്യമായി നിരപരാധികൾക്കെതിരെ ചാർത്തിയത് കോൺഗ്രസ്സ് നേതൃത്വത്തിലുള്ള ഗവണ്മെന്റുകളാണ്.നിലവിലുള്ള ക്രിമിനൽ നടപടി ചട്ടം അനുസരിച്ച് ചാർജ്ജ് ചെയ്യേണ്ട കുറ്റങ്ങളിൽ പോലും ഇത്തരം കരിനിയമങ്ങൾ ദുരുപയോഗം ചെയ്ത് തങ്ങൾക്കിഷ്ടമില്ലാത്തവരെ വേട്ടയാടിയതും കോൺഗ്രസ്സിന്റെ ചരിത്രമാണ്. ഉമ്മൻചാണ്ടിയുടെ ഭരണ കാലത്ത് എനിക്കും 'യുഎപിഎ പട്ടം' ചാർത്തി തന്നിട്ടുണ്ട്.
അതുവഴി സിപിഐഎം പ്രവർത്തകരെ ഭീകരരായി മുദ്രകുത്തുകയായിരുന്നു. പിന്നീട് കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവണ്മെന്റും ഇതേ സമീപനം തുടർന്നു.ന്യുനപക്ഷ വിഭാഗത്തിൽ പെട്ട നൂറുകണക്കിന് യുവാക്കളെ യുഎപിഎ ചുമത്തി കേന്ദ്രസർക്കാർ ജയിലിലടച്ചപ്പോൾ രാഷ്ട്രപതിക്ക് പരാതി നൽകിയും നിയമപോരാട്ടം നടത്തിയും വിഷയത്തിൽ ഇടപെട്ട് അവരെ മോചിതരാക്കാൻ പരിശ്രമിച്ചത് സിപിഐഎം മാത്രമായിരുന്നു.

കേരളത്തിൽ ഞാനുൾപ്പെടെയുള്ള പത്ത് പേർക്ക് യുഎപിഎ കേസിൽ ജാമ്യം കിട്ടി.എന്നാൽ മറ്റ് 15 പേര് ഇപ്പോളും ജാമ്യം കിട്ടാതെ കണ്ണൂർ സെൻട്രൽ ജയിലിലാണ്.5 വർഷമായി തടവറയിൽ കഴിയുകയാണ്.സിപിഐഎമ്മിനെതിരെ അന്ന് ഭീകര നിയമം പ്രയോഗിച്ചപ്പോൾ അതിനെ എതിർക്കാൻ തയ്യാറാവാത്ത ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയക്കാരും വലത് മാധ്യമങ്ങളും ഇന്ന് യുഎപിഎ വിരുദ്ധ സമരത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു..!!!

യഥാർത്ഥത്തിൽ യുഡിഎഫ് ഗവണ്മെന്റ് ചാർജ്ജ് ചെയ്ത കേസുകളിലും യുഎപിഎ എടുത്തുമാറ്റുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്.ഇവിടെ എൽഡിഎഫിന്റെ നയം വ്യക്തമാണ്.യുഎപിഎ നിയമം അനുസരിച്ച് ഗവണ്മെന്റ് അനുമതി നൽകിയാൽ മാത്രമേ യുഎപിഎ അനുസരിച്ചുള്ള കുറ്റം നിലനിൽക്കുകയുള്ളൂ.മാവോ വാദികളുടെ ലഘുലേഖ കൈവശം വെച്ചു എന്നതിന്റെ പേരിൽ പൊലീസ് യുഎപിഎ അനുസരിച്ച് എഫ്‌ഐആർ ഇട്ടുവെങ്കിൽ അത് എൽഡിഎഫ് ഗവണ്മെന്റിനെ തന്നെ കുറ്റപ്പെടുത്താനുള്ള കാരണമാകുന്നില്ല.
കാരണം ഈ വിഷയത്തിൽ ഗവണ്മെന്റിന്റെ സമീപനം ഇപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ വ്യക്തമായതാണ്.
എൽഡിഎഫ് നയത്തിന് വിരുദ്ധമായ ഒരു നടപടിയും ഗവണ്മെന്റ് വെച്ചുപൊറുപ്പിക്കില്ല എന്ന് വ്യക്തമാണ്.

ഇവിടെ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്.നക്‌സലൈറ്റ് പ്രസ്ഥാനം ആരംഭിച്ചപ്പോൾ അവരോടും ഇപ്പോൾ മാവോയിസ്റ്റുകളോടും വലതുപക്ഷ മാധ്യമങ്ങൾ കാണിക്കുന്ന ഇരട്ടത്താപ്പാണ് അത്.കേരളം വലതുപക്ഷം ഭരിക്കുമ്പോൾ നക്‌സലൈറ്റ് ആയിരുന്ന വർഗ്ഗീസിനെ ഭരണകൂട ഭീകരതയുടെ ഭാഗമായി പിടികൂടി വെടിവെച്ച് കൊന്നപ്പോൾ അതിനെ ന്യായീകരിച്ചവരാണ് വലതുപക്ഷ പത്രങ്ങൾ.ഇപ്പോൾ എകെ 47 തോക്കുകളുമായി കേരള പോലീസിന്റെ മുന്നിലെത്തിയ മാവോയിസ്റ്റുകളെ സമാധാന ദൂതന്മാരായിട്ടാണ് അവർ ചിത്രീകരിക്കുന്നത്.

ഇന്നത്തെ മാവോയിസ്റ്റുകൾ തൊഴിലാളി കർഷക വിഭാഗങ്ങളുടെ വർഗ്ഗ സമരം നയിക്കുകയല്ല ചെയ്യുന്നത്.സമീപകാലത്ത് മഹാരാഷ്ട്രയും രാജസ്ഥാനുമുൾപ്പടെ ഇന്ത്യയിൽ നടന്ന കര്ഷകപ്രക്ഷോഭങ്ങൾ വർഗ്ഗസമരത്തിന്റെ മാതൃകകളാണ്.അത്തരം മാതൃകകളാണ് വളർന്ന് വരേണ്ടത്.അതിന് പകരം കാട്ടിൽ കയറി പോലീസും മറ്റ് സൈനിക വിഭാഗങ്ങളുമായി ഏറ്റുമുട്ടുന്നതിനാണ് മാവോയിസ്റ്റുകൾ ഒരുമ്പെടുന്നത്.അതിന്റെ അർഥം ജനങ്ങൾക്കിടയിലെ വർഗ്ഗസമരങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്നാണ്.അത്തരം ഒളിച്ചോട്ടക്കാരെയാണ് വലത് മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്.ഇതിന് കൃത്യമായ ലക്ഷ്യമുണ്ട്.ആഗോള വൽക്കരണ നയങ്ങൾക്കെതിരായി ബദൽ നയം ഉയർത്തുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ ജനമധ്യത്തിൽ താറടിച്ചു കാണിക്കുക.ആ ഉദ്ദേശം ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും ...
 

Latest News