അമിത് ഷായുടെ ഗൂഢനീക്കം: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ്

ബെംഗളുരു- കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഗൂഢനീക്കം നടത്തിയെന്ന മുഖ്യമന്ത്രി യെഡിയൂരപ്പയുടെ ശബ്ദം പുറത്തു വന്നതോടെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. ബി.എസ് യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രി പദവി അമിത ഷാ രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അമിത് ഷായും യെഡിയൂരപ്പയും ചേര്‍ന്നാണ് കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കിയത്. യെഡിയൂരപ്പയ്ക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധാരാമയ്യ പറഞ്ഞു. 

Also Read I കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിട്ടത് അമിത് ഷായുടെ മേല്‍നോട്ടത്തില്‍; യെഡിയൂരപ്പയുടെ ശബ്ദരേഖ പുറത്ത്

ജനാധിപത്യത്തേയും ജനാധിപത്യ സ്ഥാപനങ്ങളേയും കൊല്ലാനുള്ള ഗൂഢാലോചനയാണ് അമിത ഷായും യെഡിയൂരപ്പയും നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. അധികാരത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കിയ ബിജെപി സര്‍ക്കാര്‍ ഒരു വട്ടപൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ഇപ്പോഴത്തെ സര്‍ക്കാര്‍ മതിയായ പിന്‍ബലമില്ലാത്ത അവിശുദ്ധ കൂട്ടുകെട്ടാണ്. ഉപതെരഞ്ഞെടുപ്പില്‍ എട്ടു സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യെഡിയൂരപ്പയ്ക്ക് രാജിവെക്കേണ്ടി വരും- അദ്ദേഹം പറഞ്ഞു.

സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ നടത്തിയ നീക്കം പുറത്തു വന്നതോടെ ബിജെപിയെ ജനങ്ങള്‍ വിലയിരുത്തുമെന്ന് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായി എച് ഡി കുമാരസ്വാമി പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച ആരോപണത്തിന് ഒരു തെളിവു കൂടിയാണിത്. ഇതിലപ്പുറം എന്തു തെളിവാണ് ഇനി വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
 

Latest News