കുമ്മനത്തിന് ഉമ്മ നല്‍കിയ ഓണക്കൂറിനൊപ്പം വേദി പങ്കിടില്ല- സി എസ് ചന്ദ്രിക

തിരുവനന്തപുരം- ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന് ചുംബനം നല്‍കിയ എഴുത്തുകാരന്‍ ജോര്‍ജ്ജ് ഓണക്കൂറുമായി വേദി പങ്കിടാന്‍ താനില്ലെന്ന് എഴുത്തുകാരി സി എസ് ചന്ദ്രിക. വാളയാര്‍ സംഭവം ഉയര്‍ത്തിക്കാട്ടി കേരളത്തില്‍ രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുന്ന ബി ജെ പിയെ തിരിച്ചറിയാന്‍ ഓണക്കൂറിന് കഴിയുന്നില്ലേയെന്ന ചോദ്യമുയര്‍ത്തിയാണ് ഓണക്കൂര്‍ പങ്കെടുക്കുന്ന വേദി ബഹിഷ്‌കരിക്കാന്‍ ചന്ദ്രിക തീരുമാനിച്ചത്.
വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ കുമ്മനം രാജശേഖരന്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യാന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ എത്തിയിരുന്നു. ഉദ്ഘാടനത്തിന് ശേഷം കുമ്മനത്തിന് സ്‌നേഹചുംബനം നല്‍കുന്ന ഓണക്കൂറിന്റെ ചിത്രം മാധ്യമങ്ങളില്‍ വന്നിരുന്നു. ഇത് ഒരു എഴുത്തുകാരന്റെ രാഷ്ട്രീയചുംബനമാണെന്ന് ആരോപിച്ചു കൊണ്ടാണ് ജോര്‍ജ്ജ് ഓണക്കൂര്‍ പങ്കെടുക്കുന്ന പരിപാടി സി എസ് ചന്ദ്രിക ബഹിഷ്‌കരിച്ചത്.

Latest News