Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ കോടതി പരിസരത്ത് പോലീസും അഭിഭാഷകരും പോരടിച്ചു; വെടിയൊച്ച, കാറിനു തീയിട്ടു

ന്യൂദല്‍ഹി- ദല്‍ഹിയിലെ തിസ് ഹസാരി കോടതി പരിസരത്ത് ദല്‍ഹി പോലീസും അഭിഭാഷകരും തമ്മില്‍ രൂക്ഷമായ പോര്. സംഭവത്തിനിടെ വെടിവെപ്പും ഉണ്ടായി. ഒരു അഭിഭാഷകനു പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. കോടതി പരിസരത്തുണ്ടായിരുന്ന ഒരു പോലീസ് വാഹനം തീയിട്ടു നശിപ്പിച്ചു. വാഹന പാര്‍ക്കിങിനെ ചൊല്ലി പോലീസും അഭിഷാകരും തമ്മിലുണ്ടായ തര്‍ക്കമാണ് ഏറ്റുമുട്ടലായി മാറിയതെന്നാണ് പ്രാഥമിക വിവരം. മൂന്നാം ബറ്റാലിയന്‍ പോലീസ് തങ്ങളെ മര്‍ദിക്കുകയായിരുന്നെന്നും അഭിഭാഷകര്‍ ആരോപിച്ചു. എന്നാല്‍ സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല.

കോടതി മുറ്റത്തു നിന്നു പുറത്തേക്കു പോകുന്നതിനിടെ ഒരു അഭിഭാഷകന്റെ കാറില്‍ പോലീസ് വാഹനം വന്നിടിച്ചു. ഇത് അഭിഭാഷകന്‍ ചോദ്യം ചെയ്തപ്പോള്‍ ആറു പോലീസുകാര്‍ ചേര്‍ന്ന് അദ്ദേഹത്തെ അവഹേളിക്കുകയും പിടികൂടി അടിക്കുകയും ചെയ്തു. ആളുകള്‍ ഇതു കണ്ട് പോലീസിനെ വിളിക്കുകയായിരുന്നു- സംഭവത്തെ കുറിച്ച് തിസ് ഹസാരി ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായ അഭിഭാഷകന്‍ ജയ് ബിസ്വാള്‍ പറഞ്ഞതായി എ എന്‍ ഐ റിപോര്‍ട്ട് ചെയ്യുന്നു.

ലോക്കല്‍ പോലീസും സ്റ്റേഷന്‍ ഹൗസ് ഓഫീസറും വന്നെങ്കിലും അകത്തേക്കു പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഞങ്ങല്‍ ഹൈക്കോടതിയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആറു ജഡ്ജിമാരടങ്ങുന്ന സംഘത്തെ അയച്ചെങ്കിലും അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഇവര്‍ പോകാന്‍ തുടങ്ങിയതോടെ പോലീസ് വെടിവെക്കുകയായിരുന്നു- ബിസ്വാള്‍ പറഞ്ഞു. 

വെടിവെച്ചെന്ന് അഭിഭാഷകരുടെ ആരോപണം പോലീസ് തള്ളി. സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കി. അഭിഭാഷകര്‍ക്കു നേരെ ഉണ്ടായ അക്രമത്തില്‍ ദല്‍ഹി ബാര്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു.
 

Latest News