വിവാഹ പന്തലില്‍ വധൂവരന്മാരുടെ ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്, കസേരയേറ്; മൂന്ന് പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്- തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയില്‍ ഒരു വിവാഹ വീട്ടില്‍ എഴുന്നള്ളത്തിനെ ചൊല്ലി വധുവിന്റേയും വരന്റേയും ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. പരസ്പരം കസേേെയറും നടന്നു. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കി. ഒക്ടോബര്‍ 29നാണ് സംഭവം. സൂര്യപേട്ടിലെ കൊടാഡ് സ്വദേശി അയജ്, ആന്ധ്രയിലെ പ്രകാശം ജില്ലയില്‍ നിന്നുള്ള ഇന്ദ്രജ എന്നിവര്‍ തമ്മിലായിരുന്നു വിവാഹം. വരന്റെ നാട്ടില്‍ ഒരു വിവാഹ എഴുന്നള്ളത്ത് നടത്തണമെന്ന ആവശ്യമാണ് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കത്തിനിടയാക്കിയതെന്ന് കൊടാഡ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവ റാം റെഡ്ഡി പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് ഇരുവിഭാഗത്തേയും അടക്കിയത്. പിന്നീട് ചര്‍ച്ച ചെയ്ത് ഇരുവിഭാഗവും തര്‍ക്കം തീര്‍ത്തു. ദമ്പതികള്‍ ഒരുമിച്ചാണ് കഴിയുന്നതെന്നും പരാതികളില്ലെന്നും കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തി ഇരുകൂട്ടരും പോലീസിനെ അറിയിച്ചതോടെ പ്രശ്‌നങ്ങള്‍ക്കു തീര്‍പ്പായി. എന്നാല്‍ ഇതിനകം വിവാഹപന്തലിലെ അടിപിടിയുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
 

Latest News