Sorry, you need to enable JavaScript to visit this website.

സൂക്ഷിക്കുക, നിങ്ങളുടെ മൊബൈല്‍ ഫോണ്‍ അവര്‍ സ്വന്തമാക്കും; പിന്നെ പണവും

വിവിധ ആപ്പുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണുകളുടെ നിയന്ത്രണം ഏറ്റെടുത്ത് യു.പി.ഐ വഴി പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ ബാങ്കുകളുടെ മുന്നറിയിപ്പ്. എനി ഡെസ്‌ക്, ടീം വ്യൂവര്‍ തുടങ്ങിയ ആപ്പുകള്‍ ഉപയോഗിച്ചാണ് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്.

നിങ്ങളുടെ സ്മാര്‍ട്ട് ഫോണിന്റെയോ മൊബൈല്‍ ബാങ്കിംഗ് ആപ്പിന്റെയോ തകരാര്‍ പരിഹരിക്കാനെന്ന വ്യാജേന ടെക്ക് കമ്പനിയുടെയോ ബാങ്കിന്റെയോ പ്രതിനിധിയായാണ് നിങ്ങളെ വിളിക്കുക. ഓണ്‍ലൈന്‍ അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗ് സംബന്ധിച്ച് നിങ്ങള്‍ നല്‍കിയ പരാതി പരിഹരിക്കുന്നതിന് കംപ്ലൈന്റ് മാനേജര്‍ എന്ന പേരിലും വിളിക്കാം. സമൂഹ മാധ്യമങ്ങളില്‍നിന്നോ ബാങ്കുകളുടെ പരാതി ഡെസ്‌കില്‍നിന്നോ ആയിരിക്കും നിങ്ങളുടെ നമ്പര്‍ സംഘടിപ്പിച്ചിരിക്കുക.

തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പ് സ്റ്റോറില്‍നിന്നോ എനിഡെസ്‌ക്, ടീം വ്യൂവര്‍ പോലുള്ള ഏതെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിങ്ങളോട് ആവശ്യപ്പെടും. ഇതുവഴിയാണ് തട്ടിപ്പുകാര്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുക.

ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ജനറേറ്റ് ചെയ്യപ്പെടുന്ന ഡിജിറ്റല്‍ കോഡ് തട്ടിപ്പുകാര്‍ ആവശ്യപ്പെടും. ഇതിനുശേഷം ചില അനുവാദങ്ങള്‍ കൂടി ചോദിക്കും. ഇവ നല്‍കുന്നതോടെ നിങ്ങളുടെ ഫോണ്‍ തട്ടിപ്പുകാരന്റെ നിയന്ത്രണത്തിലായി.

ഇതിനു പിന്നാലെ മൊബൈല്‍ ബാങ്കിംഗുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ നിങ്ങളുടെ ഫോണിലാണ് എന്റര്‍ ചെയ്യുന്നതെങ്കിലും അത് മനസ്സിലാക്കാനും തുടര്‍ന്ന് സാമ്പത്തിക ഇടപാടുകള്‍ നടത്താനും തട്ടിപ്പുകാര്‍ക്ക് സാധിക്കുന്നു.

എസ്.എം.എസ് അയച്ച് അതു ഒരു പ്രത്യേക മൊബൈല്‍ നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്യാനും ആവശ്യപ്പെടാം. ഇതുവഴി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ തട്ടിപ്പുകാരന്റെ മെബൈല്‍ ഫോണിലെ യു.പി.ഐയുമായി ബന്ധിപ്പിക്കാനും രജിസ്റ്റര്‍ ചെയ്യാനും കഴിയും. ഡെബിറ്റ് കാര്‍ഡ് നമ്പര്‍, പിന്‍, കാലാവധി, ഒ.ടി.പി എന്നിവയും തട്ടിപ്പുകാര്‍ ആവശ്യപ്പെടും. സ്മാര്‍ട്ട് ഫോണ്‍ തന്റെ കൈയിലാണല്ലോ ആര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്ന ധാരണ തിരുത്തണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബാങ്കിന്റെയോ ടെക്ക് സ്ഥാപനത്തിന്റെയോ പ്രതിനിധിയായി വിളിച്ച് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ തന്നെ ഫോണ്‍ കട്ട് ചെയ്യുക.

ഫോണിലേക്ക് ഇതുപോലുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ആവശ്യമില്ലെങ്കില്‍ ഉടന്‍ തന്നെ ഒഴിവാക്കുക.

നിങ്ങളുടെ പേയ്‌മെന്റിനും മൊബൈല്‍ ബാങ്കിംഗുമായി ബന്ധപ്പെട്ട ആപ്പുകള്‍ക്കും പാസ് വേഡ് നല്‍കി ലോക്ക് ഏര്‍പ്പെടുത്തുക.

സംശയാസ്പദമായ വിവരങ്ങള്‍ തൊട്ടുടത്ത ബാങ്ക് ബ്രാഞ്ചിനെയോ കസ്റ്റമര്‍ കെയര്‍ വിഭാഗത്തെയോ അറിയിക്കുക.

ബാങ്ക് പാസ് വേഡുകള്‍ ഫോണില്‍ സൂക്ഷിക്കാനോ ഷെയര്‍ ചെയ്യാനോ പാടില്ല.
യു.പി.ഐ പിന്‍, എം.പി.ഐ.എന്‍, ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി, എ.ടി.എം പിന്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഒരിക്കലും പങ്കുവെക്കരുത്.

നിങ്ങളുടെ ഫോണിന്റെ സെറ്റിംഗ്‌സ് മാറ്റാനോ ഗൂഗിള്‍ ആപ്പ് സ്റ്റോറില്‍നിന്ന് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നോ പുതിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ചെയ്യിതിരിക്കുക.

ഗൂഗിള്‍ സെര്‍ച്ചിലൂടെ ലഭിക്കുന്ന ചില കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ വ്യാജമല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.

ടെക്‌നോളജി കമ്പനി, ബാങ്ക് പ്രതിനിധികളെന്ന് അവകാശപ്പെടുന്നവര്‍ നല്‍കുന്ന എസ്.എം.എസുകള്‍ ഫോര്‍വേഡ് ചെയ്യാതിരിക്കുക.

സോഷ്യല്‍ ഫോറങ്ങളില്‍ ജനനതീയതി, മൊബൈല്‍ നമ്പര്‍, വിലാസം , തിരിച്ചറിയല്‍ വിവരങ്ങള്‍ തുടങ്ങിയവ അശ്രദ്ധമായി ഷെയര്‍ ചെയ്യരുത്.

 

 

Latest News