Sorry, you need to enable JavaScript to visit this website.

സൗദിയിൽ ആഭ്യന്തര യാത്രക്കാർക്ക്  വിമാനതാവളത്തിൽ നികുതി 

റിയാദ്- സൗദിയിൽ ആഭ്യന്തര യാത്രക്കാർക്ക് എയർപോർട്ട് ടാക്‌സ് ബാധകമാക്കും. വിമാനത്താവളങ്ങൾ വഴി ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്യുന്നതിന് യാത്രക്കാർ 10 റിയാൽ വീതം ടാക്‌സ് നൽകേണ്ടിവരും. ടാക്‌സ് ബാധകമാക്കാൻ ഗതാഗത മന്ത്രി അനുമതി നൽകി. അടുത്ത ജനുവരി ഒന്നു മുതൽ പുതിയ ടാക്‌സ് ഈടാക്കും. 
എയർപോർട്ടിലെ പശ്ചാത്തല സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിരക്കായാണ് ടാക്‌സ് ഈടാക്കുന്നത്. മുലകുടി പ്രായത്തിലുള്ള കുട്ടികൾ, വിമാന ജീവനക്കാർ, എയർപോർട്ടിലെ പശ്ചാത്തല സൗകര്യങ്ങൾ ഉപയോഗിക്കാതെ വിമാനത്തിനകത്തു തന്നെ ഇരിക്കുന്ന ട്രാൻസിറ്റ് യാത്രക്കാർ എന്നിവർക്ക് ടാക്‌സില്ല. ഇതിനകം വിൽപന നടത്തിയ ആഭ്യന്തര ടിക്കറ്റുകളിൽ എയർപോർട്ട് ടാക്‌സ് ഇനത്തിലുള്ള തുക ഈടാക്കാൻ വിമാന കമ്പനികളും ബന്ധപ്പെട്ട എയർപോർട്ട് അഡ്മിനിസ്‌ട്രേഷനുകളും നേരിട്ട് ഏകോപനം നടത്തും. എയർപോർട്ട് ടാക്‌സ് ഇനത്തിലെ തുക അടക്കുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനികൾ സമർപ്പിക്കുന്ന സാമ്പത്തിക സെറ്റിൽമെന്റ് അപേക്ഷകൾ എയർപോർട്ട് അഡ്മിനിസ്‌ട്രേഷനും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിലെ പൊതുവരുമാന ഡിപ്പാർട്ട്‌മെന്റും പരിശോധിക്കും. 
എയർപോർട്ട് ടാക്‌സ് അടക്കാൻ കാലതാമസം വരുത്തുന്ന വിമാന കമ്പനികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ രാജ്യത്തെ എയർപോർട്ടുകൾക്ക് അവകാശമുണ്ടാകും. ആഭ്യന്തര യാത്രക്കാർക്കുള്ള എയർപോർട്ട് ടാക്‌സ് മൂന്നു വർഷത്തിൽ ഒരിക്കൽ പുനഃപരിശോധിച്ച് രാജ്യത്തെ പണപ്പെരുപ്പ, മാന്ദ്യ നിരക്കുകൾക്ക് അനുസൃതമായി കൂട്ടുകയോ കുറക്കുകയോ ചെയ്യും. എയർപോർട്ട് ടാക്‌സിന് മൂല്യവർധിത നികുതിയും ബാധകമായിരിക്കും. 
ജിദ്ദ-അൽഖസീം റൂട്ടിൽ ടിക്കറ്റ് നിരക്ക് 400 റിയാലാണെങ്കിൽ ജിദ്ദ എയർപോർട്ട് ഉപയോഗിക്കുന്നതിനും അൽഖസീം വിമാനത്താവളം ഉപയോഗിക്കുന്നതിനും പത്തു റിയാൽ വീതം ടാക്‌സ് നൽകേണ്ടിവരും. കൂടാതെ 21 റിയാൽ വാറ്റും നൽകേണ്ടിവരും. ഇതുപ്രകാരം ജിദ്ദ-അൽഖസീം റൂട്ടിൽ ടിക്കറ്റ് നിരക്ക് 441 റിയാലാകും. അബഹ-ജിദ്ദ-അൽഖസീം റൂട്ടിൽ 800 റിയാൽ നിരക്കുള്ള ടിക്കറ്റിൽ യാത്ര ചെയ്യുന്നവർ എയർപോർട്ട് ടാക്‌സ് ആയി 40 റിയാൽ നൽകേണ്ടിവരും. ഈ റൂട്ടിൽ ഇടത്താവളമായ ജിദ്ദ എയർപോർട്ടിനെ ഒരേസമയം അറൈവൽ, ഡിപ്പാർച്ചർ വിമാനത്താവളമായി കണക്കിലെടുത്താണിത്. മൂല്യവർധിത നികുതിയായ 42 റിയാലും എയർപോർട്ട് ടാക്‌സ് ആയ 40 റിയാലും അടക്കം ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ 882 റിയാൽ നൽകേണ്ടിവരും. 
ഹായിൽ-ജിദ്ദ-ലണ്ടൻ അന്താരാഷ്ട്ര സർവീസിൽ ജിദ്ദ വഴി ട്രാൻസിറ്റായി യാത്ര ചെയ്യുന്നവർ ഹായിൽ എയർപോർട്ട് ഉപയോഗിക്കുന്നതിന് പത്തു റിയാലും ജിദ്ദ എയർപോർട്ടിൽ ഇറങ്ങുന്നതിന് പത്തു റിയാലും നൽകണം. കൂടാതെ ലണ്ടനിലേക്കുള്ള അന്താരാഷ്ട്ര സർവീസിൽ യാത്ര തിരിക്കുന്നതിന് എയർപോർട്ട് ടാക്‌സ് ആയി 87 റിയാലും നൽകേണ്ടിവരും. ഇതിനു പുറമെ ആഭ്യന്തര ടിക്കറ്റ് നിരക്കിനും ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാർക്കുള്ള എയർപോർട്ട് ടാക്‌സുകൾക്കും മൂല്യവർധിത നികുതിയും അടക്കേണ്ടിവരും. അന്താരാഷ്ട്ര ടിക്കറ്റുകൾക്ക് മൂല്യവർധിത നികുതി ബാധകമല്ല. 

Latest News