Sorry, you need to enable JavaScript to visit this website.

ഇമ്രാന്‍ഖാന്റെ രാജി ആവശ്യപ്പെട്ട് കൂറ്റന്‍ മാര്‍ച്ച് 

ഇസ്‌ലാമാബാദ്- പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ താഴെയിറക്കാന്‍ പാക്കിസ്ഥാനില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ആരംഭിച്ച പ്രക്ഷോഭം 'ആസാദി മാര്‍ച്ച്' ശക്തിപ്പെടുന്നു. ഇന്ന് ഒരു ലക്ഷത്തോളം വരുന്ന പ്രക്ഷേഭകാരികള്‍ ഇസ്ലാമബാദില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചു. ഇമ്രാന്‍ ഖാന്‍ പ്രധാന മന്ത്രി പദം രാജി വെയ്ക്കും വരെ പ്ര്‌ക്ഷോഭം തുടരുമെന്നാണ് ഇവര്‍ പറയുന്നത്.രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നതിന്റെയും അഴിമതിയുടെയും ഉത്തരവാദിത്വമേറ്റെടുത്ത് ഇമ്രാന്‍ സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷമായ രാഷ്ട്രീയക്കാരനായ ജെയുഐഐ നേതാവ് മൗലാന ഫസ്‌ലുര്‍ റഹ്മാനാണ് ഒക്ടോബര്‍ 27ന് സമരത്തിന് തുടക്കമിട്ടത്. സമരം അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്.
ഒക്ടോബര്‍ 31ന് രാജ്യതലസ്ഥാനമായ ഇസ്ലാമാബാദില്‍ എത്തിച്ചേരണമെന്നായിരുന്നു പ്രക്ഷോഭകരുടെ തീരുമാനം. എന്നാല്‍, വാഹനങ്ങളുടെ ആധിക്യം യാത്രയുടെ വേഗത കുറച്ചതിനാല്‍ ഇന്നാണ് തലസ്ഥാനത്തെത്തിയത്. സുക്കുര്‍, മുള്‍ട്ടാന്‍, ലാഹോര്‍, ഗുജ്‌റന്‍വാല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഇസ്ലാമാബാദിലെത്തിയത്. പ്രധാനമന്ത്രി രാജിവെക്കും വരെ സമരം തുടരുമെന്ന് ഫസ്‌ലുര്‍ റഹ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളായ പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ്, പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി എന്നിവരും സമരത്തില്‍ അണിചേര്‍ന്നു. പെഷവാറിനടുത്തുള്ള മൈതാനത്ത് പ്രക്ഷോഭകര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇമ്രാന്‍ ഖാന്‍ പാവ പ്രധാനമന്ത്രിയാണെന്ന് പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ ആരോപിച്ചു.അതേസമയം സമരത്തിനെതിരെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. പ്രക്ഷോഭകരും പ്രതിപക്ഷവും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നാണ് ഇമ്രാന്റെ ആരോപണം.

Latest News