Sorry, you need to enable JavaScript to visit this website.

കേരള കോൺഗ്രസ് പിളർന്നെന്ന് മാണി വിഭാഗം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

തിരുവനന്തപുരം- കേരള കോൺഗ്രസ് മാണി വിഭാഗം പിളർന്നെന്ന് അറിയിച്ച് ജോസ്.കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. യഥാർത്ഥ കേരള കോൺഗ്രസ് തങ്ങളാണെന്നും ചിഹ്നം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്. ഒക്ടോബർ പത്തിന് അയച്ച കത്തിൽ ജോസ് കെ മാണിക്ക് പുറമെ തോമസ് ചാഴിക്കാടനും റോഷി അഗസ്റ്റിനും ഡോ എൻ. ജയരാജനും ഒപ്പുവെച്ചിട്ടുണ്ട്. കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പി.ജെ. ജോസഫിന്റെ വിശദീകരണം തേടി. ഭൂരിഭാഗം അംഗങ്ങളുടേയും പിന്തുണ തങ്ങൾക്കാണെന്നും അതുകൊണ്ട് 1968 ലെ നിയമപ്രകാരം ചിഹ്നവും പാർട്ടി പേരും അനുവദിച്ച് തരണമെന്നുമാണ് ആവശ്യം. 
ജോസ് ടോമിന് ചിഹ്നം നിഷേധിക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഇടപെട്ടെന്നും നിയമത്തെ ലംഘിക്കുന്ന രീതിയിലാണ് ഇതെന്നും കത്തിൽ ആരോപിക്കുന്നു. 
അതേസമയം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പട്ടിക നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നവംബർ 26 ന് മുൻപ് മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടത്.
കേരള കോൺഗ്രസിലെ അധികാര തർക്കത്തിൽ പി.ജെ ജോസഫിന് ഇന്ന് അനുകൂല വിധിയുണ്ടായിരുന്നു. ജോസ് കെ. മാണി ചെയർമാനല്ലെന്ന ഇടുക്കി മുൻസിഫ് കോടതിയുടെ വിധി കട്ടപ്പന സബ് കോടതി ശരിവെച്ചു. കേരളാ കോൺഗ്രസ് ചെയർമാനായി ജോസ്. കെ. മാണിയെ തെരഞ്ഞെടുത്തതിലുള്ള സ്‌റ്റേ തുടരുമെന്നും അടിയന്തിരമായി ഈ കേസിൽ ഇടപെടേണ്ടെന്നും കോടതി വ്യക്തമാക്കി. വിധി കേരള കോൺഗ്രസിന്റെ ധാർമിക വിജയമാണെന്നും അഹങ്കാരം വെടിഞ്ഞ് തെറ്റ് തിരുത്തണമെന്നും പി.ജെ ജോസഫ് വിഭാഗം പറഞ്ഞു. ജോസ് കെ. മാണിയുടെ തെറ്റിനൊപ്പം അണികൾ നിൽക്കില്ലെന്ന് എം.ജെ ജോസഫ് പ്രതികരിച്ചു. തെറ്റ് തിരുത്തി ജോസഫിന്റെ നേതൃത്വത്തെ അംഗീകരിക്കണമെന്നും നോട്ടീസ് ലഭിച്ചിട്ടും പാർലമെന്ററി യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ നടപടി എടുക്കുമെന്നും എം.ജെ ജോസഫ് പറഞ്ഞു. ജോസ് കെ. മാണി കേരള കോൺഗ്രസ് ചെയർമാനായി പ്രവർത്തിക്കുന്നതിനെതിരെ പി.ജെ ജോസഫ് വിഭാഗം മുൻസിഫ് കോടതിയിൽ സ്‌റ്റേ സമ്പാദിച്ചിരുന്നു. ഇതിനെതിരെ ജോസ് കെ. മാണിയും കെ.ഐ. ആന്റണിയും സബ്‌കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ജോസ് കെ. മാണി പ്രതികരിച്ചു.
 

Latest News