Sorry, you need to enable JavaScript to visit this website.

ധനമന്ത്രി നിര്‍മലാ സീതാരാമന് ചുട്ട മറുപടിയുമായി രഘുറാം രാജന്‍

ന്യൂദല്‍ഹി- ധനമന്ത്രി നിര്‍മലാ സീതാരാമന് ചുട്ട മറുപടിയുമായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റേയും രഘുറാം രാജന്റേയും കാലത്താണ് ബാങ്കിംഗ് മേഖല ഏറ്റവും മോശം കാലത്തെ അഭിമുഖീകരിച്ചതെന്ന ധനമന്ത്രിയുടെ പ്രസ്താവനയാണ് രഘുറാം രാജന്‍ ചോദ്യം ചെയ്യുന്നത്. താന്‍ ആര്‍.ബി.ഐ ഗവര്‍ണറായിരുന്ന കാലാവധിയുടെ മൂന്നില്‍ രണ്ട് ഭാഗവും ബി.ജെ.പി സര്‍ക്കാരായിരുന്നു അധികാരത്തിലെന്ന് അദ്ദേഹം പറഞ്ഞു.

2013 സെപ്റ്റംബര്‍ അഞ്ച് മുതല്‍ 2016 സെപ്റ്റംബര്‍ വരെ താന്‍ റിസര്‍വ് ബാങ്ക്  ഗവര്‍ണറായിരുന്ന കാലത്താണ് ബാങ്കിംഗ് മേഖലയുടെ ശുദ്ധീകരണം ആരംഭിച്ചതെന്നും അത് പൂര്‍ത്തിയാക്കാനായിട്ടില്ലെന്നും രുഘുറാം രാജന്‍ പറഞ്ഞു.

സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് രാജ്യത്തിന് പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലെത്തിയിരിക്കെ, ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത്  എനിക്ക് എട്ട് മാസം മാത്രമേ ആര്‍.ബി.ഐയുടെ ചുമതല  ഉണ്ടായിരുന്നുള്ളൂ. ബി.ജെ.പി സര്‍ക്കാരിനു കീഴില്‍ എനിക്ക് 26 മാസമുണ്ടായിരുന്നു-സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ രഘുറാം രാജന്‍ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിഗിന്റെയും രഘുറാം രാജന്റെയും കാലത്താണ് ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ ഏറ്റവും മോശം ഘട്ടം നേരിട്ടതെന്ന് ഈ മാസം ആദ്യം ന്യൂയോര്‍ക്കില്‍ വെച്ചാണ് നിര്‍മലാ സീതാരാമന്‍ പ്രസ്താവിച്ചിരുന്നത്.  രാഷ്ട്രീയ ചര്‍ച്ചക്കില്ലെന്നും തങ്ങള്‍ ആരംഭിച്ച ശുചീകരണ പ്രക്രിയ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് പറയാനുളഅളതെന്നും രഘുറാം രാജന്‍ പറഞ്ഞു.

ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ആഗോളതലത്തിലെ വളര്‍ച്ചാമുരടിപ്പിനെ പഴിചാരുന്നതില്‍ അര്‍ഥമില്ല. ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലെ പ്രശ്‌നങ്ങളാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. നിക്ഷേപം നടക്കാത്തതിന്റെ അന്തരഫലമായാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പിന്നിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി രാജ്യത്തെ നിക്ഷേപത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് ആയിട്ടില്ല. രാജ്യം നേരിടുന്ന രണ്ടാമത്തെ പ്രശ്‌നം മികച്ച സാമ്പത്തിക പരിഷ്‌കാരങ്ങളുടെ അഭാവമാണ്. നിക്ഷേപം കുറഞ്ഞത് ഒരു അടിസ്ഥാന പ്രശ്‌നമാണെങ്കിലും, നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കിയതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഇവ രണ്ടും നടപ്പാക്കിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ദുര്‍ബലമായി നിന്ന സമയത്താണെന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി.  
ഇത്തരം പരിഷ്‌കാര നടപടികള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ക്കുന്ന നടപടിയായിരുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് സമ്പദ്‌വ്യവസ്ഥ മുക്തമായി വന്നപ്പോഴേക്കും പ്രതിസന്ധി ആരംഭിച്ചതായും രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു.
 

 

 

Latest News