ഇനി രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കില്ലെന്ന് ട്വിറ്റര്‍

ന്യൂയോര്‍ക്ക്- രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കില്ലെന്ന് മുന്‍നിര സമൂഹ മാധ്യമ കമ്പനിയായ ട്വിറ്റര്‍ പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സി അറിയിച്ചു. രാഷ്ട്രീയ സന്ദേശങ്ങള്‍ പണം ചെലവിട്ട് പ്രചരിപ്പിക്കുകയല്ല വേണ്ടതെന്നാണ് കമ്പനിയുടെ വിശ്വാസമെന്നും ഡോര്‍സി പറഞ്ഞു. നവബംര്‍ 22 മുതല്‍ രാഷ്ട്രീയ നേതാക്കളുടെ വ്യക്തിപരമായ പരസ്യങ്ങള്‍ക്കും പാര്‍ട്ടികളുടെ പ്രചാരണ പരസ്യങ്ങള്‍ക്കും ട്വിറ്ററില്‍ നിരോധനം നിലവില്‍ വരും. തെരഞ്ഞെടുപ്പിലടക്കം രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും കുപ്രചാരണം നടത്തുന്നത് തടയുകയാണ് ലക്ഷ്യമെന്നും ട്വിറ്റര്‍ പറയുന്നു.

ഒരു അക്കൗണ്ടിനെ ഫോളോ ചെയ്യാനും റിട്വീറ്റ് ചെയ്യാനും ജനങ്ങള്‍ തീരുമാനിക്കുമ്പോഴാണ് ഒരു രാഷ്ട്രീയ സന്ദേശത്തിന് കൂടുതല്‍ റീച്ച് ലഭിക്കുന്നത്. ഈ റീച്ച് പണം മുടക്കി നേടുന്നത് ജനങ്ങളുടെ തീരുമാനത്തെ ഹനിക്കലാണ്. മാത്രമല്ല പ്രത്യേകം ഉന്നമിട്ടുള്ള രാഷ്ട്രീയ സന്ദേശങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കലുമാകും. ജനങ്ങളുടെ തീരുമാനത്തെ പണം മുടക്കി മറികടക്കാന്‍ പാടില്ലെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങളുടെ ശരികേടുകളെ കുറിച്ച് ചൂടേറിയ ചര്‍ച്ച നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ ഈ പ്രഖ്യാപനം വന്നത്. ഫേസ്ബുക്കിലും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ പരസ്യങ്ങള്‍ ആകാം, അത് അഭിപ്രായ സ്വാതന്ത്ര്യമാണെന്ന നിലപാടുകാരനാണ് മേധാവി സക്കര്‍ബര്‍ഗ്.
 

Latest News