Sorry, you need to enable JavaScript to visit this website.

കാർഗോ അയക്കാൻ ചെലവേറി; കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിൽ

കൊണ്ടോട്ടി- കേരളത്തിൽനിന്ന് വിമാന മാർഗം ഗൾഫ് നാടുകളിലേക്കുളള പഴം-പച്ചക്കറി കയറ്റുമതി ചെലവിൽ 18 ശതമാനത്തിന്റെ വർധനവുണ്ടായത് കാർഗോ രംഗത്തെ പ്രതിസന്ധിയിലാക്കുന്നു. 
ജി.എസ്.ടി നിലവിൽ വന്ന ശേഷമാണ് ഓരോ കിലോ കാർഗോക്കും 18 ശതമാനം വിലവർധനവ് വന്നത്. ഇതിന് പുറമെ ഉൽപന്നങ്ങളുടെ വില വർധനവ് കൂടിയായതോടെ കാർഗോ കടുത്ത പ്രതിസന്ധിയിലായി.
കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽനിന്നായി ഗൾഫിലേക്ക് ദിനേന 200 ടണ്ണിലേറെ ഉൽപന്നങ്ങളാണ് ദിനേന കയറ്റി അയക്കുന്നത്.ഇവയിൽ ഓരോ കിലോക്കും ജി.എസ്.ടി വന്നതിന് ശേഷം 18 ശതമാനത്തിന്റെ വർധനവാണ് വന്നിരിക്കുന്നത്. കരിപ്പൂരിൽനിന്ന് ഒരു കിലോ കാർഗോ വിമാന മാർഗം അയക്കാൻ 42 രൂപയായിരുന്നു നിരക്ക്. ഇതിപ്പോൾ 49.56 രൂപയായി ഉയർന്നു. 
അഞ്ച് കിലോ വീതം പ്രത്യേകം പെട്ടിയിലാക്കിയാണ് ഓരോ ഉൽപന്നങ്ങളും കയറ്റി അയക്കുന്നത്. 210 രൂപ നൽകിയിരുന്ന സ്ഥാനത്തിപ്പോൾ 247.8 രൂപ നൽകേണ്ട ഗതികേടാണ്.
പഴം പച്ചക്കറി ഉൽപന്നങ്ങളാണ് പ്രധാനമായും ഗൾഫിലേക്ക് കയറ്റി അയക്കുന്നത്. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽനിന്നും തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നും പച്ചക്കറിയും പഴങ്ങളും എത്തിച്ചാണ് വിമാനത്താവളങ്ങൾ വഴി കാർഗോ കയറ്റി അയക്കുന്നത്. കരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങൾ പിൻവലിച്ചതിന് ശേഷം 20 മുതൽ 35 ടൺ വരെ കാർഗോയാണ് കയറ്റി അയക്കുന്നത്. എന്നാൽ കൊച്ചിയിൽനിന്ന് 100 ടൺ കാർഗോ ദിനേന വിമാനം കയറുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴി 60 മുതൽ 70 ടൺവരേയും കാർഗോ കയറ്റി അയക്കുന്നുണ്ട്. മൂന്നിടങ്ങളിലുമായി 50 ലധികം ഏജൻസികളും ആയിരത്തിലേറെ തൊഴിലാളികളും കാർഗോ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
വിമാന നിരക്ക് ഓരോ കിലോക്കും 18 ശതമാനം വർധിച്ചത് കാർഗോ മേഖലയിൽ പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയാണെന്ന് ഏജന്റുമാർ പറയുന്നു. സാധനങ്ങളുടെ വിലക്കയറ്റത്തിന് പുറമെയാണിത്. കഴിഞ്ഞ ദിവസം ഗൾഫിൽനിന്ന് കയറ്റി അയച്ച ഉൽപന്നങ്ങളുടെ നിരക്ക് എത്തിയപ്പോഴാണ് 18 ശതമാനത്തിന്റെ വർധനവ് കണ്ടതെന്നും ഏജന്റുമാർ പറഞ്ഞു.
 

Latest News