റിയാദ് - വൻ നിക്ഷേപ സാധ്യതകളാണ് റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തിൽ സൗദി തുറന്നിടുന്നത്. റിയാദിലെ റിട്‌സ് കാൾട്ടൻ ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പ്രമുഖരാണ് എത്തിയത്.
സൗദി അറേബ്യയിലെ ഇപ്പോഴത്തെ സാഹചര്യം നിക്ഷേപത്തിന് പറ്റിയ അന്തരീക്ഷമാണെന്ന് പ്രമുഖ വ്യവസായി എം.എ. യൂസഫലി പറഞ്ഞു. ഭരണ സ്ഥിരത, ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ, മികച്ച മാനവവിഭവ ശേഷി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുള്ള സൗദിയിൽ നിക്ഷേപത്തിന് പറ്റിയ സമയമാണിതെന്നാണ് ഒരു നിക്ഷേപകനെന്ന നിലയിൽ എനിക്ക് തോന്നുന്നത്. ഗതാഗതം മുതൽ കാൽഷിക മേഖല വരെ സർക്കാർ അടിസ്ഥാന സൗകര്യ മേഖലയിൽ മികച്ച സൗകര്യമൊരുക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ സൗകര്യങ്ങളാണ് കാർഷിക മേഖലയിൽ സൗദി ഭരണകൂടം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക സ്ഥിതിയെ എങ്ങനെ ശക്തിപ്പെടുത്തുമെന്ന വിഷയത്തിൽ നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു യൂസഫലി.
സമ്മേളനത്തിലെ രണ്ടാം ദിനം ലോകോത്തര കമ്പനികൾ വിവിധ കരാറുകളിൽ ഒപ്പുവെച്ചു. രണ്ടാം ദിവസം 23 വൻകിട കരാറുകളാണ് ഒപ്പുവെച്ചത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, സ്വിസ് പ്രസിഡണ്ട് ഒലി മോറെർ, ജോർദാനിലെ അബ്ദുല്ല രാജാവ്, ബ്രസീൽ പ്രസിഡന്റ് ജെയിർ ബൊൾസണാറോ, യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യൂചിൻ, യു.എ.ഇ വിദേശകാര്യ മന്ത്രി അടക്കം നിരവധി പ്രമുഖർ വിവിധ സെഷനുകളിലായി സംസാരിച്ചു. മൂന്ന് ദിവസം നീണ്ട ആഗോള നിക്ഷേപ സമ്മേളനം ഇന്നലെ സമാപിച്ചു.
ആമസോൺ മഴക്കാടുകളിൽ പടർന്ന കാട്ടുതീ പ്രശ്‌നം കൈകാര്യം ചെയ്തതിൽ ബ്രസീലിനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താൻ ചിലർ ശ്രമിച്ചെന്ന് ബ്രസിലീയൻ പ്രസിഡന്റ് ജയിർ ബോൾസണാറൊ പറഞ്ഞു. റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് പേര് പറയാതെ ഫ്രഞ്ച് പ്രസിഡന്റ്് ഇമ്മാനുവൽ മക്രോണിനെ കടുത്ത ഭാഷയിൽ ബ്രസിലിയൻ പ്രസിഡന്റ്് വിഷയം പരാമർശിച്ചത്.
തന്റെ ജീവിതവും കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലെ വിജയവും മറ്റും ഒരദ്ഭുതമാണെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വധശ്രമത്തെ അതിജീവിച്ച ബോൾസണാറൊ പറഞ്ഞു. ബ്രസീലിന്റെ ഭരണം ഏറ്റെടുക്കുമ്പോൾ സാമ്പത്തിക അവസ്ഥ വളരെ പരിതാപകരമായിരുന്നു. എല്ലാ തലത്തിലും രാജ്യം വൻ പ്രതിസന്ധിയാണ് നേരിട്ടത്. മാറ്റത്തിനു വേണ്ടിയുള്ള പിന്തുണയാണ് ജനങ്ങൾ തനിക്ക് നൽകിയത്.
ആമസോൺ ബ്രസീലിനു മാത്രം അവകാശപ്പെട്ടതാണ്. മറ്റു രാജ്യങ്ങൾക്ക് ഇതിൽ ഇടപെടാൻ യാതൊരു അവകാശവുമില്ല. പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരാണ് ബ്രസീലിലുള്ളത്. ബ്രസീലിൽ തങ്ങളുടെ സ്വാധീനം വളർത്തുവാൻ ഉദ്ദേശിക്കുന്നവരാണ് ഇതിനു പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചു.
ജി 7 രാജ്യങ്ങളുടെ യോഗത്തിൽ ബ്രസീൽ ഭരണത്തെ മക്രോൺ വിമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ബോൾസൊണാറൊയുടെ കടുത്ത ഭാഷയിലുള്ള തിരിച്ചടി.