റിയാദിൽ കാറിന്റെ ഗ്ലാസ് തകർത്ത് മലയാളിയുടെ പണവും രേഖകളും കവർന്നു

റിയാദ്- ഷോപ്പിംഗ് മാളിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് പൊട്ടിച്ച് മോഷ്ടാക്കൾ പണവും രേഖകളുമടങ്ങിയ ബാഗുകൾ മോഷ്ടിച്ചു. റിയാദ് അസീസിയ ട്രെയിൻമാളിന് സമീപമുള്ള പാർക്കിംഗ് ഏരിയയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
റിയാദ് കെ.എം.സി.സി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അൻവർ വാരത്തിന്റെതായിരുന്നു കാർ. അൻവറും സുഹൃത്ത് ശഫീഖ് കൂടാളിയും ഒന്നിച്ച് മാളിലെത്തിയതായിരുന്നു. തിരിച്ചുവന്നു നോക്കുമ്പോൾ കാറിന്റെ ഡ്രൈവിംഗ് സീറ്റിനടുത്തെ ഗ്ലാസ് പൊട്ടിച്ച നിലയിൽ കണ്ടു. പരിശോധിച്ചപ്പോൾ കാറിന്റെ സീറ്റിലെയും ഡിക്കിയിലെയും മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. രണ്ടുപേരുടെയും ബാഗുകളും മോഷണം പോയിട്ടുണ്ട്. ചെക്ക് ലീഫ്, റസീറ്റ് ബുക്ക് അടക്കം പല രേഖകളും ബാഗിലുണ്ടായിരുന്നു. അസീസിയ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസെത്തി പരിശോധന നടത്തി.

 

Latest News