Sorry, you need to enable JavaScript to visit this website.

സൗദിയിൽ ലെവി  വർധിപ്പിക്കാൻ നിർദേശം

റിയാദ് - സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്, സൗദികളെയും വിദേശികളെയും ജോലിക്കു വെക്കുന്നതിനുള്ള ചെലവുകൾ തുല്യമാകുന്ന വിധത്തിൽ  വിദേശികൾക്ക് വലിയ തോതിൽ ലെവികൾ ബാധകമാക്കണമെന്ന് ശൂറാ കൗൺസിലിലെ ധനകമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. ഫഹദ് ബിൻ ജുംഅ നിർദേശിച്ചു. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യുന്ന സൗദികളുടെ മിനിമം വേതനം 6000  റിയാലായി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനും സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്ന സൗദികളുടെ അനുപാതം കുറയുന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും സൗദികളുടെ മിനിമം വേതനം ആറായിരം റിയാലായി ഉയർത്തണം. ഇതോടൊപ്പം വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കർശനമായി നിയന്ത്രിക്കുകയും അവരുടെ സൗദിയിലെ താമസ കാലത്തിന് സമയപരിധി നിശ്ചയിക്കുകയും വേണം. ഏതു പദ്ധതിയും ജോലിയും പൂർത്തിയാക്കുന്നതിനാണോ വിദേശികളെ റിക്രൂട്ട് ചെയ്യുന്നതെങ്കിൽ ആ പദ്ധതി പൂർത്തിയാകുന്നതോടെ വിദേശികൾ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നത് നിർബന്ധമാക്കുന്ന വ്യവസ്ഥ നടപ്പാക്കണം. 
വിദേശ തൊഴിലാളികളുടെ ആവശ്യത്തിൽ കൂടുതലുള്ള ലഭ്യതയും വേതനക്കുറവും സൗദിവൽക്കരണ ശ്രമങ്ങൾക്ക് തിരിച്ചടിയാണ്. സ്വകാര്യ മേഖലയിലെ സുദീർഘമായ തൊഴിൽ സമയവും കുറഞ്ഞ വേതനവും സൗദിവൽക്കരണത്തിന് പ്രതിബന്ധമായി മാറുകയാണ്. സ്വകാര്യ മേഖലയിൽ നിന്ന് സൗദി ജീവനക്കാർക്ക് ആവശ്യം തന്നെയില്ല എന്നതാണ് നേര്. പ്രാദേശിക വിപണിയിൽ ആവശ്യത്തിൽ കൂടുതൽ വിദേശ തൊഴിലാളികളുള്ള കാലത്തോളം സൗദികൾക്ക് തൊഴിൽ ലഭ്യമാക്കുക ദുഷ്‌കരമാകും. ഒമ്പതു ലക്ഷത്തോളം തൊഴിൽരഹിതർ രാജ്യത്തുണ്ട്. ഇവർക്കു പുറമെ ഓരോ വർഷവും മൂന്നു ലക്ഷം പേർ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നു അദ്ദേഹം പറഞ്ഞു. 

Latest News