കള്ളം പറയുന്ന രാഷ്ട്രീയ പരസ്യങ്ങൾ; ഫേസ് ബുക്കിനകത്ത് ജീവനക്കാരുടെ കലാപം 

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ തെറ്റായ കാര്യങ്ങൾ രാഷ്ട്രീയ പരസ്യങ്ങളായി പ്രചരിപ്പിക്കാൻ അനുവദിക്കുന്ന ഫേസ്ബുക്ക് നിലപാടിനെതിരെ സ്ഥാപനത്തിനുള്ളിൽ പ്രതിഷേധം. ഫെയ്‌സ്ബുക്ക് നേതൃത്വം നിലപാടിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഒ തുറന്ന കത്ത് പുറത്തിറക്കിയിരിക്കുകയാണ് ഒരു വിഭാഗം ഫേസ് ബുക്ക് ജീവനക്കാർ.
ട്രംപിന് വേണ്ടിയുള്ള 30 സെക്കന്റ് നീളുന്ന പ്രചാരണ വീഡിയോയാണ് വിവാദമായത്. അമേരിക്കൻ വൈസ് പ്രസിഡന്റായിരുന്ന ജോസഫ് ആർ. ബിഡൻ  ജൂനിയർ തന്റെ മകന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ പുറത്താക്കാൻ ഉക്രെയിന് 100 കോടി ഡോളർ വാഗ്ദാനം ചെയ്തുവെന്നായിരുന്നു വീഡിയോയിലെ ആരോപണം.
എന്നാൽ വിഡിയോയിലെ ആരോപണങ്ങൾ തെറ്റാണെന്ന് കാണിച്ച് സിഎൻഎൻ ഈ പരസ്യം സംപ്രേഷണം ചെയ്യുന്നതിൽനിന്നും പിൻമാറി. എന്നാൽ ഫേസ് ബുക്ക് അതിന് തയ്യാറായില്ല. പരസ്യം പിൻവലിക്കണമെന്ന് ജോസഫ് ബിഡെൻ ആവശ്യപ്പെട്ടെങ്കിലും ഫേസ് ബുക്ക് അതിന് തയ്യാറായില്ല.
വിവാദമായ പരസ്യം ഫേസ് ബുക്കിൽ 50 ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. വീഡിയോ തങ്ങളുടെ നിബന്ധനകൾ ലംഘിക്കുന്നില്ലെന്നാണ് ഫേസ് ബുക്കിന്റെ നിലപാട്. അഭിപ്രായ സ്വാതന്ത്ര്യത്തിലാണ് ഫേസ്ബുക്ക് വിശ്വസിക്കുന്നതെന്നും രാഷ്ട്രീയക്കാർക്കുൾെപ്പടെ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയക്കാർക്കും രാഷ്ട്രീയ പ്രചാരണം നടത്തുന്നവർക്കും അവർ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിനുമേൽ പൂർണ സ്വാതന്ത്ര്യം ഉണ്ടാവുമെന്ന് കഴിഞ്ഞമാസം ഫേസ് ബുക്ക് പ്രഖ്യാപിച്ചിരുന്നു. 
ഈ നിലപാടിനെതിരെയാണ് കമ്പനിക്കകത്ത് പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്. 250 ൽ അധികം ജീവനക്കാർ ഒപ്പിട്ട കത്താണ് ഫേസ് ബുക്ക് കമ്പനി ജീവനക്കാർ പരസ്പരം ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന  വർക്ക്‌പ്ലേസിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്
രാഷ്ട്രീയക്കാർക്ക് ഫേസ്ബുക്കിൽ എന്തും പറയാമെന്ന മാർക്ക് സക്കർബർഗിന്റെ നിലപാടാണ് ജീവനക്കാർ ചർച്ച ചെയ്യുന്നത്.  രാഷ്ട്രീയ പരസ്യങ്ങൾ വൈറലാകുമെന്നും തെറ്റായ വിവരങ്ങൾ പ്രചരിക്കാനിടയുണ്ടെന്നും വിമർശകർ പറയുന്നു. രാഷ്ട്രീയ പരസ്യങ്ങൾക്കുമേലുള്ള ഫേസ് ബുക്ക് നിലപാടിനെതിരെ നേരത്തെ പ്രസിഡൻഷ്യൽ സ്ഥാനാർഥികളും ജനപ്രതിനിധികളും പൗരാവകാശ സംഘങ്ങളും വ്യാപകമായ പ്രതിഷേധമുയർത്തിയിരുന്നു. 
2016 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുതൽ രാഷ്ട്രീയ പരസ്യങ്ങളുടെ പേരിൽ ഫേസ് ബുക്ക് പ്രതിക്കൂട്ടിലാണ്. തെരഞ്ഞെടുപ്പിൽ റഷ്യൻ ഏജൻസികളുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.  ഇതിന്റെ പേരിൽ നിയമനടപടികൾ നേരിടേണ്ടി വന്നിട്ടും രാഷ്ട്രീയക്കാർക്ക് എന്തും ചെയ്യാൻ വേദിയൊരുക്കുകയാണെന്ന് ജീവനക്കാർ കുറ്റപ്പെടുത്തുന്നു.

Latest News