Sorry, you need to enable JavaScript to visit this website.

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളിൽ പുഴുക്കൾ; ദിവസങ്ങൾക്ക് മുമ്പേ കൊലപ്പെടുത്തിയതായി സംശയം

തൃശൂർ - കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം അഴുകിയനിലയിലായിരുന്നതിന് പുറമെ മൃതദേഹത്തിൽ പുഴുക്കൾ ഉണ്ടായിരുന്നതായും സൂചന. ഇതോടെ ഇവർ കൊല്ലപ്പെട്ടത് പോലീസ് പറയുന്ന ദിവസത്തിനും മുൻപേയാണെന്ന സംശയവും ശക്തമായി. പോസ്റ്റുമോർട്ടം നടത്തിയ നാലിൽ രണ്ടു മൃതദേഹങ്ങളും അഴുകിയ നിലയിലായിരുന്നു. ഇതിലാണ് പുഴുക്കളെ കണ്ടെത്തിയതെന്നാണ് സൂചന. 
പുഴുക്കൾ മൃതദേഹത്തിൽ ഉണ്ടാകണമെങ്കിൽ മൃതദേഹത്തിന് പഴക്കമുണ്ടായിരിക്കുമെന്നാണ് പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇതിന്റെ വിശദാംശങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിവാസകത്തിന്റെ രണ്ടു കാലുകളും ഒടിഞ്ഞിരുന്നതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെന്നാണ് സൂചന. എങ്ങിനെയാണ് കാലൊടിഞ്ഞതെന്ന് വ്യക്തമല്ല.
കൊല്ലപ്പെട്ട രമ ഒന്നിലേറെ പോക്കറ്റുകളുള്ള ഓവർകോട്ട് ജാക്കറ്റാണ് ധരിച്ചിരുന്നത്. ഏതുനിമിഷവും ആക്രമണം ഉണ്ടായേക്കാമെന്ന് പ്രതീക്ഷിച്ചാണ് ഇവർ കഴിഞ്ഞിരുന്നതെന്നാണ് സൂചന. ഭക്ഷണം കഴിച്ച് അൽപസമയത്തിനുള്ളിൽ തന്നെ ഇവർ കൊല്ലപ്പെട്ടുവെന്ന സൂചനയും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടെന്നറിയുന്നു. 
രമയുടെ ശരീരത്തിനകത്തുണ്ടായിരുന്ന ഭക്ഷണം ദഹിച്ചിരുന്നില്ലെന്നും ഭക്ഷണം കഴിച്ച് അഞ്ചോ പത്തോ മിനുറ്റിനകം ഇവർ കൊല്ലപ്പെട്ടിരിക്കാമെന്നുമാണ് സൂചന.
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോർട്ടം നടന്ന തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ബുധനാഴ്ച രാത്രി തങ്ങിയതെവിടെയെന്ന് തിരക്കി പോലീസിന്റെ പരിശോധന. ഇവർ ബുധനാഴ്ച രാത്രി വൈകിയാണ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ നിന്നും പോയത്. മൃതദേഹങ്ങൾ വിട്ടുകൊടുക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയതിനു ശേഷമാണ് ഇവർ ബുധനാഴ്ച രാത്രി വൈകി ക്യാമ്പസ് വിട്ടുപോയത്. അതുവരെയും മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിലും ഫോറൻസിക് വിഭാഗത്തിന്റെ വരാന്തയിലുമൊക്കെയായി കഴിച്ചുകൂട്ടുകയായിരുന്നു. രാത്രി ഇവർ എവിടേക്കാണ് പോയതെന്ന് ആർക്കുമറിയില്ലായിരുന്നു. ഇന്നലെ രാവിലെയും ഇവരെ കാണാതായതോടെ ഇവരെവിടെയെന്ന ചോദ്യം ഉയർന്നു. എന്നാൽ ഇവർ എവിടെയാണ് രാത്രി താമസിച്ചതെന്ന് പോലീസിന് പിടിയില്ല. ഇവരെ അന്വേഷിച്ച് ഇന്നലെ രാവിലെ മെഡിക്കൽ കോളേജിന് സമീപത്തെ ഹോട്ടലുകളിലും ലോഡ്ജുകളിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.  തൃശൂർ നഗരത്തിലെ ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നതെന്ന് ഇവർക്കൊപ്പമുണ്ടായിരുന്ന പൊതുപ്രവർത്തകർ പറഞ്ഞു. അതിനിടെ, മണിവാസകത്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് കാണിച്ചു കൊടുക്കണമെന്ന് കോടതി
തൃശൂർ - കൊലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് കാണിച്ചു കൊടുക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. മണിവാസകത്തിന്റെ ഭാര്യ കല നൽകിയ അപേക്ഷയെ തുടർന്നാണ് ബന്ധുക്കൾക്ക് മൃതദേഹം കാണാൻ അവസരം നൽകണമെന്ന് കോടതി ഉത്തരവിട്ടത്. 


 

Latest News