ഖത്തർ പ്രതിസന്ധിയിൽ അയവില്ല; സഖ്യരാഷ്ട്രങ്ങൾ നിലപാട് കടുപ്പിക്കുന്നു

റിയാദ് - ഖത്തർ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് സൗദി അറേബ്യയും സഖ്യരാജ്യങ്ങളും. ഖത്തറുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള ഒമ്പതു വ്യക്തികളെയും ഒമ്പതു സ്ഥാപനങ്ങളെയും സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും സംയുക്തമായി ഭീകര പട്ടികയിൽ പെടുത്തി. ഖത്തറുമായി ബന്ധമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ഇത് രണ്ടാം തവണയാണ്  ഭീകര പട്ടികയിൽ പെടുത്തുന്നത്. ഖാലിദ് സഈദ് ഫദ്ൽ റാശിദ് അൽബൂഅയ്‌നൈൻ (ഖത്തർ), ശഖർ ജുംഅ ഖമീസ് അൽശഹ്‌വാനി (ഖത്തർ), സ്വാലിഹ് അഹ്മദ് അൽഗാനിം (ഖത്തർ), ഹാമിദ് ഹമദ് ഹാമിദ് അൽഅലി (കുവൈത്ത്), അബ്ദുല്ല മുഹമ്മദ് അലി അൽയസീദി (യെമൻ), അഹ്മദ് അലി അഹ്മദ് ബർഊദ് (യെമൻ), മുഹമ്മദ് ബക്ർ അൽദബാ (യെമൻ), അൽസാഇദി അബ്ദുല്ല ഇബ്രാഹിം ബൂഖുസൈം (ലിബിയ), അഹ്മദ് അബ്ദുൽജലീൽ അൽഹസനാവി (ലിബിയ) എന്നിവരെയാണ് ഭീകര പട്ടികയിൽ പെടുത്തിയത്. 
അൽബലാഗ് ചാരിറ്റബിൾ ഫൗണ്ടേഷൻ (യെമൻ), അൽഇഹ്‌സാൻ ചാരിറ്റബിൾ സൊസൈറ്റി (യെമൻ) അൽറഹ്മ ചാരിറ്റബിൾ ഓർഗനൈസേഷൻ (യെമൻ), ബെൻഗാസി റെവല്യൂഷനറീസ് ശൂറാ കൗൺസിൽ (ലിബിയ), അൽസറായ മീഡിയ സെന്റർ (ലിബിയ), ബുഷ്‌റ ന്യൂസ് ഏജൻസി (ലിബിയ), റാഫല്ല അൽസഹ്താനി ബ്രിഗേഡ്‌സ് (ലിബിയ), നബഅ് ടി.വി (ലിബിയ), അൽതനാസുഹ് ഫൗണ്ടേഷൻ ഫോർ ദഅ്‌വ, കൾച്ചർ ആന്റ് മീഡിയ (ലിബിയ) എന്നീ സ്ഥാപനങ്ങളെയും ഭീകര പട്ടികയിൽ പെടുത്തി. 
പട്ടികയിൽ പെട്ട മൂന്നു ഖത്തരികളും ഒരു കുവൈത്തിയും സിറിയയിലെ അൽനുസ്‌റ ഫ്രണ്ടിനും മറ്റു ഭീകര ഗ്രൂപ്പുകൾക്കും ധനസമാഹരണത്തിന് പ്രവർത്തിച്ചതായി  സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. യെമനിലെ മൂന്നു വ്യക്തികളും മൂന്നു സ്ഥാപനങ്ങളും ഖത്തറിൽ നിന്നുള്ള ധനസഹായം ഉപയോഗപ്പെടുത്തി അൽഖാഇദക്ക് പിന്തുണ നൽകുകയും അൽഖാഇദക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്തു. ഭീകര സംഘങ്ങളുമായി ബന്ധമുള്ള ലിബിയയിലെ രണ്ടു വ്യക്തികൾക്കും ആറു സ്ഥാപനങ്ങൾക്കും ഖത്തറിൽ നിന്ന് വലിയ തോതിൽ സാമ്പത്തിക സഹായം ലഭിച്ചു. ഇവർ ലിബിയയിൽ അരാജകത്വം വ്യാപിപ്പിക്കുന്നതിലും നശീകരണങ്ങളിലും ശക്തമായ പങ്ക് വഹിച്ചു. ഭീകര പട്ടികകളിൽ പെടുത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് ഖത്തറിന്റെ ഭാഗത്തുനിന്ന് സത്വര നീക്കമുണ്ടാകുന്നത് പ്രതീക്ഷിക്കുന്നതായും നാലു രാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവന പറഞ്ഞു. ഭീകര സംഘടനകൾക്ക് പിന്തുണ നൽകുന്നതായി ആരോപിച്ച് നാലു രാജ്യങ്ങളും ജൂൺ ആദ്യത്തിൽ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. ഖത്തറിന്റെ വിധ്വംസക പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 59 വ്യക്തികളെയും 12 സ്ഥാപനങ്ങളെയും ജൂൺ എട്ടിന് നാലു രാജ്യങ്ങളും ഭീകര പട്ടികയിൽ പെടുത്തിയിരുന്നു. 

Latest News