Sorry, you need to enable JavaScript to visit this website.

കൂടംകുളം ആണവ നിലയത്തില്‍ സൈബര്‍ ആക്രമണം; വില്ലനായി ഉത്തര കൊറിയന്‍ വൈറസ്

ചെന്നൈ- തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തില്‍ സൈബര്‍ ആക്രമണം നടന്നതായി റിപോര്‍ട്ട്. ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തങ്ങളുടെ കംപ്യൂട്ടറുകളിലൊന്നില്‍ സൈബര്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നല്‍ കൂടംകുളം ആണവ നിലയമാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തിനിരയായ കംപ്യൂട്ടര്‍ ഭരണനിര്‍വഹണത്തിന് മാത്രമായി ഉപയോഗിക്കുന്നതാണെന്നും ആണവ നിലയത്തിന്റെ കണ്‍ട്രോള്‍ സിസ്റ്റവുമായി ബന്ധമുള്ളതല്ലെന്നും എന്‍പിസിസിഐഎല്‍ വ്യക്തമാക്കുന്നു. 

സൈബര്‍ ആക്രമണം നടന്നെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം കൂടംകുളം ആണവ നിലയം തള്ളിയിരുന്നു. സര്‍ക്കാരിനും മറ്റു ആഗോള സുരക്ഷാ ഏജന്‍സികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള സൈബര്‍ സുരക്ഷാ വിദഗ്ദന്‍ പുഖ്‌രാജ് സിങ് ആണ് കൂടംകുളം നിലയത്തില്‍ സൈബര്‍ ആക്രമണമുണ്ടായതായി സമൂഹ മാധ്യമത്തിലൂടെ അവകാശപ്പെട്ടത്. ഒരു മൂന്നാം കക്ഷിയാണ് ഈ വൈറസ് ബാധ കണ്ടെത്തിയതെന്നും അവര്‍ തന്നെ ബന്ധപ്പെട്ടിരുന്നെന്നും ഇതുപ്രകാരം സെപ്തംബര്‍ നാലിനു തന്നെ വിവരം സര്‍ക്കാരിനെ അറിച്ചിരുന്നെന്നും പുഖ്‌രാജ് പറഞ്ഞു.

ഡിട്രാക് എന്ന മാല്‍വെയറാണ് ഇതെന്നും കണ്ടെത്തി. ഉത്തര കൊറിയയിലെ ഹാക്കര്‍ ഗ്രൂപ്പായ ലാസറസ് ഉപയോഗിക്കുന്ന കുപ്രസിദ്ധ വൈറസാണ് ഡിട്രാക്ക്. ഇന്ത്യയില്‍ എടിഎമ്മുകള്‍ ഹാക്ക് ചെയ്യാന്‍ ഈ വൈറസിന്റെ മുന്‍രൂപം ഉപയോഗിച്ചിരുന്നതായും സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്പര്‍സ്‌കി പറയുന്നു.
 

Latest News