ബെയ്ജിങ്- രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ ധാര്‍മിക മൂല്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പുതിയ സദാചാര മാര്‍ഗനിര്‍ദേശങ്ങളിറക്കി. ഗ്രാമീണ വിവാഹങ്ങളുടെ ചെലവ് വെട്ടിച്ചുരുക്കുക, മാന്യമായി വസ്ത്രം ധരിക്കുക, ഓണ്‍ലൈന്‍ അശ്ലീലം കാണരുത് തുടങ്ങി നിരവധി സദാചാര പാഠങ്ങളാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ ഉള്ളടക്കം. പുതിയ കാലത്തെ പൗര ധാര്‍മിക നിര്‍മിതി മാര്‍ഗ രേഖ എന്നു പേരിട്ടിരിക്കുന്ന പുതിയ ചട്ടങ്ങളില്‍ എങ്ങനെ കുട്ടികളെ വളര്‍ത്തണമെന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കണമെന്നും, പൊതു അവധികള്‍ എങ്ങനെ ആഘോഷിക്കണമെന്നും വിദേശത്തു പോയാല്‍ എങ്ങനെ പെരുമാറണമെന്നും അടക്കം വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഓണ്‍ലൈനില്‍ അശ്ലീലദൃശ്യങ്ങളും ലൈംഗികതയും കാണുന്നത് ഒഴിവാക്കണമെന്ന് പൗരന്മാരോട് പ്രത്യേകം ആവശ്യപ്പെടുന്നു. ലൈബ്രറികള്‍, യൂത്ത് സെന്ററുകല്‍ പോലുള്ള പൊതുസ്ഥാപനങ്ങള്‍ ധാര്‍മിക വിദ്യാഭ്യാസം നിര്‍ബന്ധമായും പകര്‍ന്നു നല്‍കണം. രാജ്യസ്‌നേഹം മാതൃരാജ്യത്തോടുള്ള കടപ്പാട് എന്നിവയ്ക്ക് ഈ മാര്‍ഗനിര്‍ദേശ രേഖയില്‍ പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുണ്ട്.
പ്രത്യേക വിഭാഗങ്ങളാക്കി ഘട്ടംഘട്ടമായാണ് ഈ മാര്‍ഗനിര്‍ദേശ രേഖകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കമ്യൂണിസറ്റ് പാര്‍ടിയുടെ നാലാം പ്ലീനം നടക്കുന്നതനിടെയാണ് ഇവ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ഉന്നത അധികാരികള്‍ അടച്ചിട്ടമുറിയിലിരുന്ന് ചര്‍ച്ച ചെയ്ത രാജ്യത്തിന്റെ ഭാവിപരിപാടികള്‍ക്ക് രൂപം നല്‍കുന്ന യോഗമാണിത്. 2001ലാണ് നേരത്തെ ചൈന സദാചാര മാര്‍ഗനിര്‍ദേശങ്ങള്‍ അവസാനമായി പുതുക്കിയത്. പണത്തോടുള്ള ആരാധന, സുഖാനുഭൂതികള്‍, അങ്ങേയറ്റത്തെ വ്യക്തിവാദം തുടങ്ങിയവ പൗരന്മാര്‍ക്കിടയില്‍ വര്‍ധിച്ചതായാണ് 2001ല്‍ ഈ രേഖ പറഞ്ഞിരുന്നത്. ഇവ തന്നെയാണ് പുതിയ രേഖയിലും ആവര്‍ത്തിക്കുന്നതും.