ദമാം - ഈ വർഷം ആദ്യ പകുതിയിൽ 228 തൊഴിൽ കേസുകൾക്ക് അൽകോബാർ ലേബർ ഓഫീസിനു കീഴിലെ അനുരഞ്ജന പരിഹാര വിഭാഗം രമ്യമായി പരിഹാരം കണ്ടു. ഈ കേസുകളിലെ പരാതിക്കാർക്ക് വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളുമായി ലഭിക്കാനുണ്ടായിരുന്ന 90 ലക്ഷത്തിലേറെ റിയാൽ ലേബർ ഓഫീസ് ഇടപെട്ട് ഈടാക്കി നൽകി. സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളാണ് വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും തേടി ലേബർ ഓഫീസിൽ കേസുകൾ നൽകിയതെന്ന് അൽകോബാർ ലേബർ ഓഫീസ് മേധാവി മൻസൂർ ആലു ബിൻ അലി പറഞ്ഞു. അനുരഞ്ജനത്തോടെ പരിഹാരം കണ്ട കേസുകളിൽ 33 ശതമാനം നൽകിയത് ഇന്ത്യക്കാരും 25 ശതമാനം നൽകിയത് ബംഗ്ലാദേശുകാരും അവശേഷിക്കുന്നവ നൽകിയത് മറ്റു രാജ്യക്കാരുമാണെന്നും അൽകോബാർ ലേബർ ഓഫീസ് മേധാവി പറഞ്ഞു.