നോട്ട് റദ്ദാക്കലിന് പിറകെ കണക്കില്‍ പെടാത്ത  സ്വര്‍ണം പിടിക്കാന്‍ മോഡി സര്‍ക്കാര്‍ 

ന്യൂദല്‍ഹി-സാമ്പത്തിക മേഖലയില്‍ കടുത്ത അച്ചടക്കം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ നോട്ട് നിരോധനം നടപ്പാക്കിയ മാതൃകയില്‍ അനധികൃതമായി കൈവശം വയ്ക്കുന്ന സ്വര്‍ണം കണ്ടെത്തുകയാണ് ലക്ഷ്യം. ഒരോ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് സര്‍ക്കാര്‍ നിജപ്പെടുത്തിയേക്കും. കൂടാതെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് വെളിപ്പെടുത്തിയാല്‍ മാന്യമായ നികുതി ഈടാക്കുന്നതിന് സമയ പരിധി പ്രഖ്യാപിക്കും. അതു കഴിഞ്ഞാല്‍ ഉയര്‍ന്ന നികുതി അടയ്‌ക്കേണ്ടിവരും. ഗോള്‍ഡ് ആംനസ്റ്റി സ്‌കീമിന് കേന്ദ്രം ഒരുങ്ങിയെന്നാണ് വിവരം. മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നതോടെ പുതിയ തീരുമാനം നടപ്പാക്കി തുടങ്ങും. ഇന്ത്യയില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ സ്വര്‍ണം നിയമവിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി സര്‍ക്കാര്‍ ആരംഭിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസും ധനമന്ത്രാലയവും ഇതുസംബന്ധിച്ച അന്തിമ ചര്‍ച്ചകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോള്‍ഡ് ആംനസ്റ്റി സ്‌കീം വ്യക്തികള്‍ക്ക് കൈവശമുള്ള സ്വര്‍ണം പരസ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കും. ഇങ്ങനെ വെളിപ്പെടുത്തുന്ന സ്വര്‍ണത്തിന് നികുതി അടയ്ക്കാന്‍ സമയവും അനുവദിക്കും. 

Latest News