Sorry, you need to enable JavaScript to visit this website.

മൊബൈല്‍ ചോർത്തൽ; ഇസ്രായില്‍ ചാര കമ്പനിക്കെതിരെ വാട്‌സാപ്പ് കോടതിയില്‍

വാഷിങ്ടണ്‍- മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ പല രാജ്യങ്ങളിലായി നൂറിലേറെ പേരുടെ മൊബൈല്‍ ഫോണ്‍ നിയമവിരുദ്ധമായി ഹാക്ക് ചെയ്തു വിവരം ചോര്‍ത്തി എന്നാരോപിച്ച് ഇസ്രായില്‍ ചാര സേവന കമ്പനിയായ എന്‍എസ്ഒക്കെതിരെ വാട്സാപ്പ് യുഎസ് ഫെഡറല്‍ കോടതിയില്‍ കേസ് നല്‍കി.

സ്ത്രീകളടക്കമുള്ള, സൈബര്‍ ആക്രമണത്തിന് ഇരയായവരുടെ മൊബൈല്‍ രഹസ്യമായി ചോര്‍ത്തി വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളെ എന്‍എസ്ഒ സഹായിച്ചുവെന്നാണ് വാട്സാപ്പിന്റെ പരാതി. വാട്്സാപ്പ് വിഡിയോ കോളുകളുടെ മറവില്‍ ചാര സോഫ്റ്റ്വെയറുകള്‍ ഉപയോക്താക്കളുടെ ഫോണിലേക്ക് കടത്തിവിടാന്‍ എന്‍എസ്ഒ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സഹായം നല്‍കി. കോള്‍ ലഭിക്കുന്ന ആള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ലെങ്കില്‍ പോലും ഈ ചാര പ്രവര്‍ത്തനം നടന്നെന്നും വാട്സാപ്പ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെ കടത്തി വിട്ട മാല്‍വെയറുകള്‍ ഫോണ്‍ വിളികള്‍, ഫോണിലെ ഫോട്ടോകള്‍, കോണ്‍ടാക്ടുകള്‍ അടക്കമുള്ള വിവരങ്ങള്‍ എന്നിവ ചോര്‍ത്താനും ഫോണ്‍ ഉപയോഗിക്കുന്നയാള്‍ അറിയാതെ മൈക്രോഫോണും ക്യാമറയും ആക്ടിവേറ്റ് ചെയ്യാനും ലൊക്കേഷന്‍ നിരീക്ഷിക്കാനും കഴിയുള്ളവയാണെന്ന് എന്‍എസ്ഒ സാങ്കേതിക വിദ്യകളെ അടുത്തറിയുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്ത ആഗോള രഹസ്യനിരീക്ഷണ വ്യവസായ രംഗത്തുണ്ടാകുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സഹായിക്കുന്ന നിയമ പോരാട്ടമായാണ് ഈ കേസ് വിലയിരുത്തപ്പെടുന്നത്.

ഹാക്കിങ് ഇരയാക്കപ്പെട്ടവര്‍ നേരത്തെ എന്‍എസ്ഓക്കെതിരെ ഇസ്റായിലി കോടതിയില്‍ നിയമ പോരാട്ടം നടത്തിയിട്ടുണ്ട്. കമ്പനിയുടെ സേവനങ്ങള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്കെതിരെ ചാര പ്രവര്‍ത്തനം നടത്താന്‍ സഹായിക്കുന്നുവെന്നാണ് എന്‍എസ്ഒക്കെതിരെ നിലനില്‍ക്കുന്ന പരാതി.

 

Latest News