റിയാദ് - ഊർജ, തൊഴിൽ, സാമൂഹിക വികസന, പരിസ്ഥിതി, ജല മേഖലകളിൽ സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദിയിലെ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി പ്രത്യേകം ചർച്ചകൾ നടത്തി.
റിയാദിലെ താമസ സ്ഥലത്തു വെച്ചാണ് സൗദി മന്ത്രിമാർ ഇന്ത്യൻ പ്രധാനമന്ത്രിയെ സന്ദർശിച്ച് ചർച്ചകൾ നടത്തിയത്. ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനുമായും തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയുമായും പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്‌ലിയുമായും നരേന്ദ്ര മോഡി ചർച്ചകൾ നടത്തി. സൗദി വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സൗദ് അൽസാത്തി, ഊർജ മന്ത്രാലയത്തിൽ പെട്രോളിയം, ഗ്യാസ് കാര്യങ്ങൾക്കുള്ള അണ്ടർ സെക്രട്ടറി ഡോ. ആബിദ് അൽസഅദൂൻ, ഇന്റർനാഷണൽ റിലേഷൻസ്, സഹകരണ കാര്യങ്ങൾക്കുള്ള അണ്ടർ സെക്രട്ടറി ബന്ദർ അൽസജാൻ തുടങ്ങിയവർ കൂടിക്കാഴ്ചകളിലും ചർച്ചകളിലും സംബന്ധിച്ചു.
സൗദി ഭരണാധികാരികളുമായുള്ള ചർച്ചകൾക്കും ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിൽ പങ്കെടുക്കുന്നതിനും തിങ്കളാഴ്ച അർധ രാത്രിയോടെയാണ് ഇന്ത്യൻ പ്രധാനമന്ത്രി റിയാദിലെത്തിയത്. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, റിയാദ് മേയർ എൻജിനീയർ താരിഖ് അൽഫാരിസ്, ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സൗദ് അൽസാത്തി, റിയാദ് പ്രവിശ്യ പോലീസ് മേധാവി മേജർ ജനറൽ ഫഹദ് അൽമുതൈരി തുടങ്ങിയവർ ചേർന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിലെ റോയൽ ടെർമിനലിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ ഊഷ്മളമായി സ്വീകരിച്ചു.
ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് തന്റെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റിയാദിലെത്തിയ ഉടൻ നരേന്ദ്ര മോദി അറബിയിൽ ട്വീറ്റ് ചെയ്തു. സുപ്രധാന സന്ദർശനത്തിന്റെ സമാരംഭത്തിൽ സൗദിയിലെത്തിയിരിക്കുന്നു. സൗഹൃദ രാജ്യവുമായുള്ള ബന്ധങ്ങൾ ശക്തിപ്പടെുത്തുന്നതിനാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. സൗദി അറേബ്യയുമായുള്ള ബന്ധത്തിൽ നാം ഏറെ അഭിമാനിക്കുന്നു. സന്ദർശനത്തിടെ നിരവധി പ്രോഗ്രാമുകളിൽ മുഴുകും - ട്വിറ്ററിൽ അറബിയിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു.