Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ തീവ്രവാദികള്‍ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തി

ശ്രീനഗറില്‍ പ്രതിഷേധം തുടരുന്ന യുവാക്കള്‍ സുരക്ഷാ സൈനികര്‍ക്കുനേരെ കല്ലെറിയുന്നു.

ശ്രീനഗര്‍- ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. പ്രദേശം വളഞ്ഞ സുരക്ഷാ സേന പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി വരികയാണ്. കൂടുതല്‍ സുരക്ഷാ സേനയെ വിളിപ്പിച്ചിട്ടുമുണ്ട്. കൊല്ലപ്പെട്ടവര്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണെന്നും കൂലിപ്പണിക്കാരാണെന്നും പോലീസ് വെളിപ്പെടുത്തി.

പരിക്കേറ്റ വ്യക്തി കുല്‍ഗാമില്‍ നിന്നുള്ള മേസണ്‍ ആണെന്ന് പോലീസ് പറഞ്ഞു. ദക്ഷിണ കശ്മീര്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തിയെന്നും ഒന്നിലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗ് പറഞ്ഞു.
കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 29 യൂറോപ്യന്‍ യൂണിയന്‍ എം.പിമാരുടെ സംഘം താഴ്‌വര സന്ദര്‍ശിച്ച ദിവസമാണ് കശ്മീരിതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. അനന്ത്‌നാഗ് ജില്ലയില്‍ തിങ്കളാഴ്ച ഒരു ട്രക്ക് ഡ്രൈവറെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. പ്രത്യേക പദവി എടുത്തുകളഞ്ഞ ഓഗസ്റ്റ് അഞ്ചിനു ശേഷം കൊല്ലപ്പെടുന്ന  നാലാമത്തെ ട്രക്ക് ഡ്രൈവറാണിത്.

വടക്കന്‍ കശ്മീരിലെ സോപൂര്‍ പട്ടണത്തിലെ ബസ് സ്റ്റാന്‍ഡിന് സമീപം തീവ്രവാദികള്‍ നടത്തിയ  ഗ്രനേഡ് ആക്രമണത്തില്‍ 20 സിവിലിയന്മാര്‍ക്ക് പരിക്കേറ്റു.

 

Latest News