റിയാദ് കെ.എം.സി.സി മെഗാ ഇവന്റ് നാളെ; മുസ്‌ലിം ലീഗ് നേതാക്കൾ സംബന്ധിക്കും

റിയാദ് കെ.എം.സി.സി പ്രവർത്തക കൺവെൻഷനിൽ പ്രസിഡന്റ് സി.പി.മുസ്തഫ സംസാരിക്കുന്നു.

റിയാദ് - കെ.എം.സി.സി മെഗാ ഇവന്റ് സീസൺ-4ന്റെ സമാപന സമ്മേളനം വ്യാഴം, വെള്ളി ദിവസങ്ങളിൽ അസീസിയ നെസ്‌റ്റോ ഹൈപ്പർമാർക്കറ്റ് ഹാളിൽ നടക്കും. നാലു മാസമായി നടന്നുവരുന്ന വിവിധ പരിപാടികളുടെ പരിസമാപ്തി കുറിക്കുന്ന മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ, മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ സുബൈർ, വൈസ് പ്രസിഡന്റ് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ, എം.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ.ഫാത്തിമ തഹ്‌ലിയ എന്നിവർ റിയാദിലെത്തും. സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തന രംഗത്ത് റിയാദ് കെ.എം.സി.സിയുടെ പ്രവർത്തനങ്ങളെ അനാവരണം ചെയ്യുന്ന സമ്മേളനം കെ.എം.സി.സി പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും ശക്തിയും പകരുമെന്ന് നേതാക്കൾ പറഞ്ഞു.


നാളെ വൈകീട്ട് ആറ് മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖ ഗായകരായ മുഹമ്മദലി കണ്ണൂർ, സജില സലീം, ഫാസിലാ ബാനു തുടങ്ങിയവർ പങ്കെടുക്കും. 
റിയാദിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. നവംബർ ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് വനിതാ കെ.എം.സി.സിയുടെ നേതൃത്വത്തിൽ റിയാദിലെ പാചക വിദഗ്ധരെ അണി നിരത്തി പാചക മത്സരവും മെഹന്തി മത്സരവും ഒരുക്കിയിട്ടുണ്ട്. രാത്രി ഏഴ് മണിക്കാണ് സമാപന സമ്മേളനം. സാമൂഹ്യ, ജീവകാരുണ്യ, ബിസിനസ് രംഗത്തെ പ്രമുഖരെ റിയാദ് കെ.എം.സി.സി അവാർഡ് നൽകി ആദരിക്കും. 


മെഗാ ഇവന്റിന്റെ ഭാഗമായി മണ്ഡലം തല ഫുട്‌ബോൾ മേള, കവി ടി.ഉബൈദിന്റെ സ്മരണാർഥം സംഘടിപ്പിച്ച മാപ്പിളപ്പാട്ട് മത്സരം, ഖുർആൻ പാരായണ മത്സരം, സി.എച്ച് അനുസ്മരണ പരിപാടി, ക്വിസ് മത്സരം, സൈബർ മീറ്റ്, സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ രക്തദാന ക്യാമ്പ് തുടങ്ങിയവയാണ് മെഗാ ഇവന്റിനോടനുബന്ധിച്ച് നടത്തിയത്. റിയാദ് കെ.എം.സി.സിയുടെ സ്വപ്‌ന പദ്ധതിയായ കുടുംബ സുരക്ഷാ പദ്ധതിയുടെ പ്രവർത്തനങ്ങൾ സജീവമായി നടന്നു വരികയാണ്. സൗദി നാഷണൽ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയുടെ പ്രവർത്തനങ്ങൾ റിയാദിൽ തുടങ്ങിക്കഴിഞ്ഞു. ഏകീകൃത ഫണ്ട് സമാഹരണത്തിലൂടെ കേരളത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ സി.എച്ച് സെന്ററുകൾക്കുമായി വർഷം തോറും ലക്ഷക്കണക്കിന് രൂപയാണ് കമ്മിറ്റി കീഴ്ഘടകങ്ങളുമായി സഹകരിച്ച് നടപ്പിലാക്കി വരുന്നത്. കമ്മിറ്റി നേരിട്ട് നടത്തിയ ആലപ്പുഴ, മലപ്പുറം ജില്ലകളിലെ ബൈത്തു റഹ്മകളടക്കം നിരവധി ഭവനങ്ങളും നിർമിച്ച് നൽകി. 


കഴിഞ്ഞ ദിവസം കെ.എം.സി.സി ആസ്ഥാനത്ത് ചേർന്ന ജില്ലാ, മണ്ഡലം, ഏരിയാ തല ഭാരവാഹികളുടെ യോഗത്തിൽ പരിപാടിക്ക് അന്തിമ രൂപം നൽകി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം കോയാമു ഹാജി ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലാ കമ്മിറ്റികളെ പ്രതിനിധീകരിച്ചു ശംസു പൊന്നാനി, കുഞ്ഞിപ്പ തവനൂർ, അഷ്‌റഫ് അച്ചൂർ, അബ്ദുറഹ്മാൻ ഫറോക്ക്, അബ്ദുൽ മജീദ് പയ്യന്നൂർ, അൻവർ വാരം, നാസർ തങ്ങൾ, അഷ്‌റഫ് വെള്ളപ്പാടം, കെ.പി മുഹമ്മദ് കളപ്പാറ, ഖാലിദ് തൃക്കരിപ്പൂർ, ബഷീർ ചേറ്റുവ, കബീർ വൈലത്തൂർ, അലി വയനാട്, റഫീഖ് കൂളിവയൽ, ജലീൽ എറണാകുളം, ഉസ്മാൻ എം.പരീത്, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മുനീർ തിരൂരങ്ങാടി, അബ്ദുൽ ഗഫൂർ വള്ളിക്കുന്ന്, കെ.ടി അബൂബക്കർ മങ്കട, നാസർ പെരിന്തൽമണ്ണ, നൗഫൽ തിരൂർ, ഫസൽ പൊന്നാനി, റഷീദ് തവനൂർ, നൗഫൽ താനൂർ, യൂനുസ് ഇരുമ്പുഴി, മനാഫ് മണ്ണൂർ ബേപ്പൂർ, സിദ്ദീഖ് കൊടുവള്ളി, സഹീൽ കല്ലോട് പേരാമ്പ്ര, ലത്തീഫ് മാവൂർ കുന്ദമംഗലം, മുഹമ്മദ് കണ്ടക്കൈ തളിപ്പറമ്പ്, മുത്തലിബ് ശ്രീകണ്ഠപുരം ഇരിക്കൂർ, ശരീഫ് കളറോഡ് മട്ടന്നൂർ, മെഹബൂബ് ചെറിയവളപ്പ് ധർമ്മടം, ബഷീർ കല്യാശേരി, ശരീഫ് തിലാന്നൂർ കണ്ണൂർ, ഏരിയ സൈബർ വിംഗ് ഭാരവാഹികൾ എന്നിവരും സംസാരിച്ചു. മൊയ്തീൻകോയ സ്വാഗതവും യു.പി മുസ്തഫ നന്ദിയും പറഞ്ഞു. 
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുസലാം തൃക്കരിപ്പൂർ, ജലീൽ തിരൂർ, സുബൈർ അരിമ്പ്ര, ഹാരിസ് തലാപ്പിൽ, കെ.ടി അബൂബക്കർ, അക്ബർ വേങ്ങാട്, സിദ്ദീഖ് കോങ്ങാട്, മാമുക്കോയ തറമ്മൽ, സഫീർ തിരൂർ എന്നിവർ നേതൃത്വം നൽകി.

 

Latest News