കോട്ടയം - പതിമൂന്നുകാരിയെ കഴിഞ്ഞ ഒന്നര വർഷമായി പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. കൂടല്ലൂർ അടുത്താനിക്കുന്നേൽ ബെന്നി(42)യാണ് അറസ്റ്റിലായത്. നാലു പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കിടങ്ങൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കോളനിയിലാണ് സംഭവം നടന്നത്. കൂടല്ലൂർ സ്വദേശികളായ തെക്കേക്കുന്നേൽ റെജി സെബാസ്റ്റ്യൻ (44), തെക്കേപ്പറമ്പിൽ നാഗപ്പൻ എന്ന തോമസ് ആൻഡ്രൂസ്(48), കൊച്ചുപറമ്പിൽ ജോബി (44), ചുണ്ടെലിക്കാട്ടിൽ ദേവസ്യാച്ചൻ(62) എന്നിവരാണ് ഇന്നലെ പിടിയിലായത്. മനോദൗർബല്യമുള്ള പെൺകുട്ടിയെ ഇവർ പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഒന്നരവർഷമായി പ്രതികൾ പെൺകുട്ടിയെ മാറിമാറി പീഡിപ്പിച്ചുവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കിടങ്ങൂർ ജനമൈത്രി പോലീസിലെ ഒരു ഉദ്യോഗസ്ഥന് വിവരം ചോർന്നു കിട്ടിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. നാല് പേരെയും അവരുവരുടെ വീടുകളിൽനിന്ന് ഇന്നലെ രാവിലെതന്നെ പിടികൂടിയിരുന്നു. പാലാ ഡിവൈ.എസ്.പി: പി.കെ. സുഭാഷ് ഇവരെ ചോദ്യംചെയ്തശേഷം ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അച്ഛൻ മരിച്ചതിനെത്തുടർന്ന് അമ്മയോടൊപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. ഏക സഹോദരൻ തിരുവനന്തപുരത്ത് ഒരു സ്‌കൂളിൽ പഠിക്കുകയാണ്. അമ്മ പകൽസമയം കൂലിപ്പണിക്കും മറ്റും പോകുമായിരുന്നു. ഈ സമയത്തും സ്‌കൂൾ അവധിദിനങ്ങളിലുമാണ് പലപ്പോഴായി പ്രതികൾ പെൺകുട്ടികൾ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പോക്സോ വകുപ്പിനൊപ്പം പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്തതിന് ഐ.പി.സി. 363, 366, 370, 376 (എ, ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.