Sorry, you need to enable JavaScript to visit this website.

സൗദി ഇന്ത്യയുടെ മൂല്യമേറിയ സുഹൃത്ത് -മോഡി

ഇന്ത്യൻ പ്രധാനമന്ത്രി മോഡിയെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിൽ സ്വീകരിക്കുന്നു.

റിയാദ്- ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ സുഹൃത്താണ് സൗദിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ട്വീറ്റിലൂടെയാണ് മോഡി ഇക്കാര്യം പറഞ്ഞത്. സൗദിയിൽ വന്നിറങ്ങി. ഒരു മൂല്യവത്തായ സുഹൃത്തുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന സന്ദർശനത്തിന് തുടക്കം കുറിക്കുന്നു. ഈ സന്ദർശനവേളയിൽ വിപുലമായ പരിപാടികളിൽ പങ്കെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെ രാത്രി റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിലെത്തിയ മോഡിയെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും പ്രധാനമന്ത്രി ഇന്ന് ചർച്ചകൾ നടത്തുകയും റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിൽ പങ്കെടുക്കുകയും ചെയ്യും. ഫോറത്തിൽ പങ്കെടുക്കുന്നതിന് നിരവധി രാഷ്ട്ര നേതാക്കളും മുതിർന്ന ഉദ്യോഗസ്ഥരും ഇന്നലെ രാത്രിയോടെ റിയാദിലെത്തിയിട്ടുണ്ട്. 
ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ സ്ഥാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ പുതിയ തലങ്ങളിലേക്ക് ഉയർത്തുമെന്ന് സൗദിയിലേക്ക് യാത്രതിരിക്കുന്നതിനു തൊട്ടുമുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചും മൂന്നാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിന്റെ പ്ലീനറി സെഷനിൽ പങ്കെടുക്കുന്നതിനുമാണ് നരേന്ദ്ര മോഡി സൗദി അറേബ്യ സന്ദർശിക്കുന്നത്. സൽമാൻ രാജാവുമായി ഇന്ത്യൻ പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും. ഉഭയകക്ഷി സഹകരണത്തെ കുറിച്ചും പൊതുതാൽപര്യമുള്ള മേഖലാ, ആഗോള പ്രശ്‌നങ്ങളും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടത്തുന്ന ചർച്ചക്കിടെ വിശകലനം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഊർജം, സുരക്ഷ, വ്യാപാരം, സാംസ്‌കാരികം അടക്കമുള്ള വിശാലമായ മേഖലകളിൽ സൗദി അറേബ്യയും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിച്ചുവരികയാണ്. ഈ സന്ദർശനം ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കും. 
ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ പരമ്പരാഗതമായി അടുത്ത സൗഹൃദബന്ധമുണ്ട്. ഇന്ത്യയുടെ ഊർജാവശ്യങ്ങൾക്ക് അവലംബിക്കാവുന്ന ഏറ്റവും വലിയ വിതരണക്കാരിൽ ഒന്നാണ് സൗദി അറേബ്യ. 2019 ഫെബ്രുവരിയിൽ നടത്തിയ ന്യൂദൽഹി സന്ദർശനത്തിനിടെ ഇന്ത്യയിലെ മുൻഗണനാ മേഖലകളിൽ പതിനായിരം കോടിയിലേറെ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള പ്രതിബദ്ധത സൗദി കിരീടാവകാശി പ്രകടപ്പിച്ചിരുന്നു. പ്രതിരോധം, സുരക്ഷ, വ്യാപാരം, സംസ്‌കാരം, വിദ്യാഭ്യാസം, ജനകീയ തലത്തിലുള്ള ആശയ വിനിമയങ്ങൾ എന്നിവ സൗദി അറേബ്യയുമായുള്ള ഉഭയകക്ഷിബന്ധത്തിലെ പ്രധാന മേഖലകളാണ്. 2024 ഓടെ അഞ്ചു ട്രില്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ പ്രയാണം നടത്തിവരികയാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിൽ വർധിച്ചുവരുന്ന വ്യാപാര, നിക്ഷേപ അവസരങ്ങളെ കുറിച്ച് ആഗോള നിക്ഷേപകരുടെ മുന്നിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിൽ താൻ സംസാരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest News