ബഗ്ദാദിയുടെ മൃതദേഹം എന്തുകൊണ്ട് കടലില്‍ താഴ്ത്തി?

വാഷിംഗ്ടണ്‍- ഐ.എസ് നേതാവും സ്ഥാപകനുമായ അബുബക്കര്‍ അല്‍ ബഗ്ദാദിയുടെ ശരീരാവശിഷ്ടങ്ങള്‍ കടലില്‍ ഉപേക്ഷിച്ചതായി അമേരിക്ക അറിയിച്ചുവെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല.  വാരാന്ത്യത്തില്‍ വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ബഗ്ദാദിയുടെ കോമ്പൗണ്ട് ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന്  യു.എസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ചയാണ് സ്ഥിരീകരിച്ചത്.

ബഗ്ദാദിയുടെ മൃതദേഹം കടലില്‍ തള്ളാന്‍ ഏത് യു.എസ് നേവി കപ്പലാണ് ഉപയോഗിച്ചതെന്നോ ഏത് സമുദ്രത്തിലാണ് തള്ളിയതെന്നോ ഉള്ള വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയില്ല. എന്നാല്‍ അല്‍ ഖാഇദ സ്ഥാപകന്‍ ഉസാമയുടെ അവശിഷ്ടങ്ങള്‍ പുറന്തള്ളാന്‍ ഉപയോഗിച്ചതിന് സമാനമായിരുന്നു നടപടിക്രമമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

മുസ്്‌ലിംകള്‍ മരിച്ചാല്‍ സാധാരണ അടുത്ത അഞ്ച് നിര്‍ബന്ധ നമ്‌സകാരം നടക്കുന്നതിനകം ഖബറടക്കുകയാണ് പതിവ്. ലാകത്തിലെ ഏറ്റവും അറിയപ്പെടുന്ന തീവ്രവാദിക്ക്  അറിയപ്പെടുന്ന ഒരു ശവക്കുടീരം  ഉണ്ടാകുന്നത് അപകടകരമാണെന്നു മനസ്സിലാക്കിയാണ് അല്‍ ബാഗ്ദാദിയുടെ മൃതദേഹം കടലില്‍ ഒഴുക്കിയതെന്ന്  യു.എസ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കുന്നു.

https://www.malayalamnewsdaily.com/sites/default/files/2019/10/29/idlibone.jpg

2011 ല്‍ അല്‍ഖാഇദ നേതാവ് ബിന്‍ ലാദിന്റെ മൃതദേഹം  യു.എസ് വിമാനവാഹിനിക്കപ്പലായ കാള്‍ വിന്‍സണിലാണ് കൊണ്ടുപോയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.  മതാചാര പ്രകാരം മൃതദേഹം കുളിപ്പിച്ച് പൊതിഞ ശേഷം അറബിയില്‍നിന്ന് തര്‍ജമ ചെയ്ത മതപരമായ പരാമര്‍ശങ്ങള്‍ വായിച്ച ശേഷമാണ് കടലിന്റെ ആഴത്തിലേക്ക് താഴ്ത്തിയിരുന്നത്.  

ബഗ്ദാദിയുടെ മൃതദേഹം കടലില്‍ ഖബറടക്കുകയാണോ ചെയ്തതെന്ന ചോദ്യത്തിനു മറുപടി നല്‍കാന്‍  ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മാര്‍ക്ക് മില്ലി  വിസമ്മതിച്ചു.  സുരക്ഷിത കേന്ദ്രത്തില്‍നടന്ന ഡിഎന്‍എ തിരിച്ചറിയലിനുശേഷം അവശിഷ്ടങ്ങള്‍ നീക്കംചെയ്യുന്നത് പൂര്‍ത്തിയായെന്നും ഉചിതമായി കൈകാര്യം ചെയ്‌തെന്നുമാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

സിറിയയില്‍ ശനിയാഴ്ച രാത്രി നടത്തിയ രഹസ്യ റെയ്ഡില്‍ യുഎസ് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഫോഴ്സാണ് അല്‍ ബഗ്ദാദിയെ ലക്ഷ്യമിട്ടത്. സൈന്യം ഒടുവില്‍ അയാളേയും മൂന്ന് കൊച്ചുകുട്ടികളെയും ബന്ദികളാക്കി. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്ന് മനസ്സിലാക്കിയ ബഗ്ദാദി ചാവേര്‍ തുരങ്കത്തിനുള്ളില്‍ ബോംബ് പൊട്ടിച്ച്  മൂന്ന് കുട്ടികളോടൊപ്പം ജീവനൊടുക്കുകയായിരുന്നു.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഞായറാഴ്ച രാവിലെ പത്രസമ്മേളനത്തിലാണ് ബഗ്ദാദിയുടെ മരണം പ്രഖ്യാപിച്ചത്. യു.എസ് ദേശീയ സുരക്ഷയുടെ കാര്യത്തില്‍ ഒന്നാമത്തെ പരിഗണനയെന്ന്  വിശേഷിപ്പിച്ചാണ് ബഗ്ദാദി വധത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചത്.
'അബുബക്കര്‍ അല്‍ ബഗ്ദാദി മരിച്ചു. ലോകത്തെവിടെയും ഏറ്റവും ക്രൂരവും അക്രമപരവുമായ ഭീകര സംഘടനയായ ഐസിസിന്റെ സ്ഥാപകനും നേതാവുമായിരുന്നു അദ്ദേഹം- പ്രസിഡന്റ് പറഞ്ഞു. അമേരിക്ക വര്‍ഷങ്ങളായി ബഗ്ദാദിയെ തിരയുന്നു. ബഗ്ദാദിയെ പിടിക്കുകയോ കൊല്ലുകയോ ചെയ്യുക എന്നത് എന്റെ ഭരണത്തിന്റെ പ്രധാന ദേശീയ സുരക്ഷാ മുന്‍ഗണനയായിരുന്നു. അയാള്‍ രോഗിയും അധഃപതിച്ചവനുമായിരുന്നു. ഇപ്പോള്‍ അയാള്‍ പോയിക്കഴിഞ്ഞു. ബഗ്ദാദി ക്രൂരനും അക്രമാസക്തനുമായിരുന്നു. ഒടുവില്‍ ഭീരുവായി അലറിവിളിച്ചു-  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

Latest News