ബഗ്ദാദിയുടെ മൃതദേഹം കടലില്‍ സംസ്‌കരിച്ചെന്ന് അമേരിക്ക

വാഷിംഗ്ടണ്‍- സിറിയയില്‍ കൊലപ്പെടുത്തിയ  ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മൃതദേഹം കടലില്‍ മറവു ചെയ്തതായി യു.എസ് സൈന്യം. ഇസ്‌ലാം ആചാരപ്രകാരമാണ് ശരീരാവശിഷ്ടങ്ങള്‍ കടലില്‍ മറവ് ചെയ്തതെന്ന് സൈനിക ഉദ്യോഗസ്ഥന്‍  അറിയിച്ചു.

2011 ല്‍ യു.എസ് സൈനിക നടപടിയിലുടെ കൊലപ്പെടുത്തിയ അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദിന്റെ മൃതദേഹവും കടലില്‍ സംസ്‌കരിച്ചുവെന്നാണ് അമേരിക്ക അറിയിച്ചിരുന്നത്. ഉസാമ ബിന്‍ലാദിന് സ്മാരകങ്ങള്‍ ഉയരാതിരിക്കാനാണ് സമുദ്രത്തില്‍ മറവു ചെയ്തതെന്നും വിശദീകരിക്കപ്പെട്ടിരുന്നു.

ബാഗ്ദാദിയുടെ മൃതദേഹാവശിഷ്ടങ്ങള്‍  സൈന്യം അക്കാര്യം കൃത്യതയോടെ കൈകാര്യം ചെയ്തുവെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക് മില്ലി വ്യക്തമാക്കി.

ഞായറാഴ്ച അര്‍ധരാത്രിയാണ് യു.എസ് പ്രത്യേക സംഘം ഐ.എസ് നേതാവ് ബാഗ്ദാദിയെ പിടികൂടാനുള്ള  ദൗത്യത്തിനായി സിറയയിലെത്തിയത്. സ്‌പെഷല്‍ ഓപ്പറേഷന്‍സ് വിഭാഗമായ ഡെല്‍റ്റ ഫോഴ്‌സസാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.  ഇദ്ലിബിലെ ബാരിഷയില്‍ സേന എത്തിയതോടെ ബഗ്ദാദിയുടെ ഒളിത്താവളത്തില്‍ നിന്നു വെടിയുതിര്‍ന്നു. സേന തിരിച്ചടിച്ചപ്പോള്‍ ഒമ്പത് ഐ.എസുകാരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. ബഗ്ദാദിയുടെ ഭാര്യമാരും ഇവരില്‍ ഉള്‍പ്പെടും. ഇവര്‍ ചാവേറുകളായതാണോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ആക്രമണം കനത്തതോടെ ബഗ്ദാദി മൂന്ന് കുട്ടികളെയും വലിച്ച് തുരങ്കത്തില്‍ കയറി സ്വയം പൊട്ടിത്തെറിച്ചുവെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.

 

Latest News