കണ്ണടക്കരുതേ, കണ്ണൂരിൽ ഒരു പ്ലസ് ടു വിദ്യാർത്ഥിനി കൂടി ജീവിതം മതിയാക്കി.

 മരണപ്പെട്ട നിതാഷ 

തലശ്ശേരി- കണ്ണൂർ ജില്ലയിലെ  ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികൾ തുങ്ങി മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേ ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പ്ലസ് ടു വിദ്യാർത്ഥിനി കൂടി തൂങ്ങി മരിച്ചു. തലശ്ശേരിക്കടുത്ത വടക്കുമ്പാടാണ് പതിനേഴുകാരി തുങ്ങി മരിച്ചത്. 
വടക്കുമ്പാട് കുറുപ്പാടി എൽ.പി സ്‌കൂളിന് സമീപം നിഷാന്തിന്റെ  മകൾ നിതാഷയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തലശ്ശേരി ബ്രണ്ണൻ സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ് നിതാഷ. ഞായറാഴ്ച  രാത്രി പതിവ് പോലെ ഉറങ്ങാൻ കിടന്ന നിതാഷയെ ഇന്നലെ  പുലർച്ചെയാണ് മുറിക്കകത്ത് തുങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ധർമ്മടം പോലീസ് ഇൻക്വസ്റ്റ് നടത്തിയ  മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. നിതാഷക്ക് എട്ടാം  ക്ലാസ്സ്  വിദ്യാർത്ഥി ആയ  ഒരു  അനുജനുണ്ട്. അമ്മ: അനിഷ 
കഴിഞ്ഞ ശനിയാഴ്ചയാണ്  ചക്കരക്കല്ലിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികൾ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്.. ചെമ്പിലോട് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനികളായ തലമുണ്ടയിലെ അശോകൻ -  സുനിത ദമ്പതികളുടെ ഏകമകൾ അഞ്ജലി, കാഞ്ഞിരോട് ശ്രീലയത്തിൽ സതീശൻ - ബിന്ദു ദമ്പതികളുടെ മകൾ ആദിത്യ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ക്ലാസ് ഉച്ചയോടെ കഴിഞ്ഞ് അഞ്ജലിയുടെ വീട്ടിൽ എത്തിയതായിരുന്നു ഇവർ. സന്ധ്യയായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.  ഇവരുടെ ആത്മഹത്യക്ക് കാരണക്കാരായ സഹപാഠികളുടെ  പേര് വിവരം വെളിപ്പെട്ടുത്തിയ കത്ത് മുറിയിൽനിന്ന് പോലീസ് കണ്ടെടുത്തിരുന്നു
തലശ്ശേരി പോലിസ് സ്റ്റേഷൻ പരിധിയിൽ തിരുവങ്ങാട് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപത്തെ മീനാക്ഷി (16) യെയും രണ്ടാഴ്ച മുമ്പ് വീട്ടിനകത്ത് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ ആത്മഹത്യക്ക് കാരണം തേടി പോലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടയിലാണ് വീണ്ടും ഒരു ആത്മഹത്യ കൂടി നടന്നത്. കണ്ണൂർ ജില്ലയിൽ രണ്ട് മാസത്തിനിടെ പതിനാറിനും പതിനേഴിനും മധ്യേയുള്ള ഏഴ് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. 

 

Latest News